കൈകാലുകള്‍ മാത്രമല്ല, ശരീരവും ചലിപ്പിച്ചു; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൈകാലുകള്‍ മാത്രമല്ല, ശരീരവും ചലിപ്പിച്ചു; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയില്‍ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവന്‍ ചലിപ്പിച്ചതായും എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംകള്‍ നേര്‍ന്നതായും പേജില്‍ പറയുന്നു. എല്ലാവരും പ്രാര്‍ഥനകള്‍ തുടരണമെന്നും പോസ്റ്റില്‍ പറയുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

പോസ്റ്റിന് താഴെ എംഎല്‍എ വേഗത്തില്‍ സുഖം പ്രാപിച്ച് തിരികെ വരട്ടെയെന്നും ചിരിച്ച മുഖം കാണാന്‍ ഇടയാകട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ശ്വാസകോളത്തിന്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണ്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ മൂന്നാം തീയതി ( വെള്ളിയാഴ്ച) അവധിയായിരിക്കും.

ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ജനുവരിയില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതമായി 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ലഭിക്കും. 10.90 രൂപ നിരക്കിലാകും ഇതു ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും.

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

തൃശൂർ: സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇം​​ഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.

പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്

പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി: പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്.ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

തൃശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; 14 കാരൻ കസ്റ്റഡിയിൽ

തൃശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; 14 കാരൻ കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടിയുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടി ലിവിനെ കുത്തുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലിവിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ ന്നാണ് കണ്ടെത്തിയത്. ബംഗലൂരു മജസ്റ്റിക് റെില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 17 മുതലാണ് വിഷ്ണുവിനെ കാണാതാകുന്നത്. സുഹൃത്തുക്കളില്‍ നിന്നാണ് വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്നാണ് സൂചന. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് മാറി നില്‍ക്കുകയായിരുന്നു എന്നാണ് വിഷ്ണു പൊലീസിന് മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഏലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തുന്നത്.

ഡിസംബര്‍ 17ന് നാട്ടിലേക്ക് വരുന്നു എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. 17ന് പുലര്‍ച്ചെ കണ്ണൂരില്‍ എത്തി എന്ന് അമ്മയ്ക്ക് വിഷ്ണു സന്ദേശം അയച്ചു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. പരിശോധനയില്‍ ഫോണിന്റെ ലൊക്കേഷന്‍ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്.