by Midhun HP News | Dec 24, 2024 | Latest News, കേരളം
കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ ചക്രത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു.
ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് വടകര കരിമ്പനപ്പാലത്ത് കാരവന്റെ വാതിലിൽ മനോജിനെയും ഉള്ളിൽ ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനം ഒതുക്കി ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാരവന്റെ ഡ്രൈവറായ മനോജ് മലപ്പുറം സ്വദേശിയും സഹായിയായ ജോയൽ കണ്ണൂർ സ്വദേശിയുമാണ്. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം.
പൊന്നാനി റജിസ്ട്രേഷനിലുള്ള കാരവാനാണിത്. തലശേരിയില്‍ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു കാരവന്‍ ജീവനക്കാര്‍. രണ്ടു ദിവസങ്ങളായി റോഡിനു വശത്ത് കിടക്കുകയായിരുന്നു കാരവന്‍. പ്രദേശവാസിയായ ഒരാൾ കാരവന്റെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് വാഹനത്തിനു ചുറ്റും വടംകെട്ടി. ദേശീയപാതയോരത്തായതിനാല്‍ സംഭവമറിഞ്ഞശേഷം കരിമ്പനപ്പാലം ഭാഗത്ത് ഇടയ്ക്കിടെ ഗതാഗതതടസ്സവുമുണ്ടായി.
by Midhun HP News | Dec 24, 2024 | Latest News, കേരളം
മലപ്പുറം: മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിൻസിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണൻ നമ്പീശൻ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചു പോന്ന നാരായണൻ നമ്പീശന്റെ അന്ത്യം. മഞ്ചേരി കരിക്കാട് പൂഴിക്കുന്നത്ത് പുഷ്പകത്ത് ശാന്താ ദേവി ബ്രാഹ്മണിയാണ് ഭാര്യ.
മക്കൾ രമണി (യുഡിസി തെക്കുംകര പഞ്ചായത്ത്), ഡോ ശ്രീദേവി (സംഗീതജ്ഞ), രമ (ഡെപ്യൂട്ടി തഹസിൽദാർ, തിരൂർ). കെഎസ്എസ്പിയു അങ്ങാടിപ്പുറം യൂണിറ്റ് അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടക്കും.
by Midhun HP News | Dec 23, 2024 | Latest News, കേരളം
പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സമീപ സിസിടിവി കാമറകളില്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ.യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ സ്‌കൂളിനടുത്താണ് തത്തമംഗലം ജിബിയുപി സ്‌കൂള്‍. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ മുറ്റത്ത് സാന്റക്ലോസിന്റെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായിണ് മൂവര്‍ സംഘം എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞ ശേഷം മടങ്ങി. സംഭവത്തില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ മുപ്പത് സാക്ഷികളാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവ നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലീസും മുകേഷിനെതിരെ കേസെടുത്തിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിന് എതിരെ കേസെടുത്തിരുന്നത്. കുറ്റപത്രത്തില്‍ 40 സാക്ഷികളുടെ മൊഴിയുണ്ട്. താരസംഘടന അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
by Midhun HP News | Dec 23, 2024 | Latest News, കേരളം
തൃശൂർ: കൊടുങ്ങല്ലൂരിൽ ലോറിയ്ക്ക് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. കൊടുങ്ങല്ലൂർ കാര അഞ്ചങ്ങാടിയിലാണ് അപകടം. കയ്പമംഗലം കുറ്റക്കാട്ട് സ്വദേശി മേനാലി അൻസാറിന്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൽ നസ്മലിനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അഞ്ചങ്ങാടി സ്കൂളിനു മുന്നിലാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ അഫ്നാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരിഞ്ഞനം ആർഎം സ്കൂളിലെ പ്ലസ്ടു വിഎച്ച്എസ്ഇ വിദ്യാർഥിയാണ് അഫ്നാൻ.
Recent Comments