by Midhun HP News | Dec 24, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സ്ത്രീകളടക്കം പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
തൊടുപുഴ: കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ ഇതുവരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല. അതിനിടെയാണ് ആരോപണവിധേയരായവരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഭരണസമിതിയുടെ നടപടി.
സംഭവത്തില്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. അതിനിടെ ഭരണസമിതിയംഗം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് സാബുവിന്റെ കുടുംബം ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു.ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തില്‍ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി. സൊസൈറ്റിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
by Midhun HP News | Dec 24, 2024 | Latest News, കേരളം
തൃശ്ശൂര്‍: ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചതിൽ സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകമാണെന്നും മാർ മിലിത്തിയോസ് അഭിപ്രായപ്പെട്ടു.
”അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ …!” മാർ മിലിത്തിയോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ഡല്‍ഹിയിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്തത്.ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതായി കാണിക്കാന്‍ ശ്രമിക്കുന്നു.
മറുവശത്ത് സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലുള്‍പ്പെടെ പുല്‍ക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്ത് പൊതുവേ സവര്‍ണഹിന്ദുത്വം മാത്രം മതി എന്ന സവര്‍ക്കറുടെയും മറ്റും ചിന്തക്ക് അനുസൃതമായ കാര്യമാണ് നടക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താല്‍ക്കാലികമായി പ്രീതിപ്പെടുത്തുന്നത്. യൂഹാനോന്‍ മിലിത്തിയോസ് പറഞ്ഞു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
കൊച്ചി: കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ആണ് മരിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഹാര്‍ബര്‍ ടെര്‍മിനസില്‍ ഒരു ട്രെയിന്‍ എത്തുന്നത്. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
വാത്തുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഇവിടെ ഫോണ്‍ ചെയ്തുകൊണ്ടിരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുവര്‍ഷത്തിന് ശേഷം ട്രെയിന്‍ കടന്നുപോയതില്‍ യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
കൊച്ചി: ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടു.
എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശേരി മെഡിക്കൽ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ടോടെ കൂടുതൽ കുട്ടികൾ ക്ഷീണിതരായി തളർന്നു വീഴുകയായിരുന്നു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്.
ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.
Recent Comments