അടിപിടി തടയാനെത്തി, പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; അറസ്റ്റ്

അടിപിടി തടയാനെത്തി, പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; അറസ്റ്റ്

തൊടുപുഴ: കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി.

ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോ​ഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വ​ദേശി കെഎ മുഹ​മ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.അടുത്തടുത്ത് കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തുടരുന്ന തർക്കമാണ് അടിയിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

ഒമ്പതു വയസുകാരിയെ വാഹനം ഇടിച്ച ശേഷം കടന്നുകളഞ്ഞ കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഒമ്പതു വയസുകാരിയെ വാഹനം ഇടിച്ച ശേഷം കടന്നുകളഞ്ഞ കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കോഴിക്കോട് : വടകര അഴിയൂരില്‍ ഒമ്പതു വയസുകാരിയെ വാഹനം ഇടിച്ച കേസിലെ പ്രതി ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാഹനം ഇടിച്ച ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണ്.

പ്രതിയായ ഷജീല്‍ വിദേശത്തു നിന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശ്ശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്. അപകടമുണ്ടായിട്ടും നിര്‍ത്താതെ കടന്നുകളഞ്ഞ ഷജീല്‍, പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു. അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു കൊണ്ടു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തൊടുപുഴ: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12ലധികം ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം.

അ​ഗ്നിബാധയിൽ കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അ​ഗ്നിശമന സേനയെത്തി തീയണച്ചു. തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.50ഓടെയാണ് അ​ഗ്നിബാധ. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാചക വാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ തീപിടിത്തത്തിനു ഇടയാക്കിയത്.

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ കെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ ശശികുമാർ( അസി. ഡയറക്ടർ, എൻ എസ് ഒ, കോയമ്പത്തൂർ).

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമായി; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമായി; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യത. തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം

തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

കുല്‍ഗാം ജില്ലയിലെ ബെഹിബാഗ് പ്രദേശത്തെ കദ്ദറില്‍ ഭീകരരെന്ന് സംശയിക്കുന്നവരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്നലെ രാത്രിയാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശം വളഞ്ഞ സൈന്യം തിരച്ചില്‍ ആരംഭിച്ചു.

ഇതോടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍. കഴിഞ്ഞമാസം കശ്മീരിലെ ദച്ചിഗ്രാമില്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു.