336 ഏക്കര്‍, 6.5 കിലോമീറ്റര്‍ ചുറ്റളവ്; രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്

336 ഏക്കര്‍, 6.5 കിലോമീറ്റര്‍ ചുറ്റളവ്; രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്

തൃശൂര്‍: രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്, കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്.

കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാര്‍പ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാര്‍ക്ക് ഒരുക്കിയത്. മൃഗങ്ങള്‍ക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങള്‍ മൃഗശാലയിലുണ്ട്. തൃശൂര്‍ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റും.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്. സന്ദര്‍ശകര്‍ക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള വെര്‍ച്വല്‍ സൂ എന്നിവ ഒരുക്കിട്ടുണ്ട്.

സന്ദര്‍ശകര്‍ക്കായി പാര്‍ക്കില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. 6.5 കിലോമീറ്റര്‍ ചുറ്റളവുള്ള പാര്‍ക്കില്‍ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവര്‍ക്കായിക്കൂടിയാണ് ബസ് സേവനങ്ങള്‍ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാര്‍ക്കിനകത്തു കൂടി യാത്ര ചെയ്യും. പാര്‍ക്കിനകത്തെ പ്രത്യേക പോയിന്റുകളില്‍ ആളുകള്‍ക്ക് ബസ്സില്‍നിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും.

ഇതുവഴി ഒരു തവണ ബസ് ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് ബസ്സില്‍ കയറി ഓരോ പോയിന്റുകളില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കല്‍ പാര്‍ക്ക് മുഴുവനായും ആസ്വദിക്കാനാകും.

സര്‍വീസ് റോഡ് , സന്ദര്‍ശക പാത ,കംഫര്‍ട്ട് സ്റ്റേഷനുകള്‍, ട്രാം സ്റ്റേഷനുകള്‍, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷന്‍, ക്വാറന്റൈന്‍ സെന്ററുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.

മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്. സൈലന്റ് വാലിയിലെ നിത്യഹരിതവന സമാനതയും ചീവീടുകളില്ലാത്ത നിശബ്ദ താഴ്വരയും ഒരുക്കി. സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സൈലന്റ് വാലിക്ക് സമാനമായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി.

ആഫ്രിക്കന്‍ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് സുളു ലാന്‍ഡ്. ജിറാഫ്, ഹിപ്പോപൊട്ടാമസ്, സീബ്ര എന്നിവയുടെ വാസ സ്ഥലങ്ങളായി ഇത് മാറും. കന്‍ഹസോണില്‍ മധ്യപ്രദേശിലെ ആവാസവ്യവസ്ഥയാണ് ഒരുക്കുക. ഇവിടെ മാനുകള്‍ തുള്ളിച്ചാടും. ഇരവികുളം മാതൃകയില്‍ ഷോലവനങ്ങളും ഒരുക്കി. വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.

വീടുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്, ഉയരപരിധി ഒഴിവാക്കി; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതിയുമായി സര്‍ക്കാര്‍

വീടുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്, ഉയരപരിധി ഒഴിവാക്കി; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഉയരം പരിഗണിക്കാതെ, 300 ചതുരശ്ര മീറ്റര്‍ (3229.17 ചതുരശ്രയടി) വരെയുള്ള രണ്ടു നില കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ ഇനി പെര്‍മിറ്റ് ലഭിക്കും. അപേക്ഷിച്ചാലുടന്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്നവയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റു ഇളവുകള്‍ വരുത്തിയും ചട്ടഭേദഗതിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ സമഗ്രമാറ്റത്തിനുള്ള ഭേദഗതികളാണ് തദ്ദേശ വകുപ്പ് തയ്യാറാക്കിയത്. നിര്‍ദേശങ്ങള്‍ നിയമവകുപ്പിന്റെ പരിശോധനയിലാണ്.

സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാന്‍ ഉതകുന്ന മാറ്റങ്ങളും ഇക്കൂട്ടത്തിലുണ്ട്. തദ്ദേശ അദാലത്തിലും നവകേരള സദസിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്. ഭൂരിഭാഗം വരുന്ന നിര്‍മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം അനുമതി ലഭ്യമാകും. ഇരുനില വീടുകള്‍ക്ക് ഏഴു മീറ്റര്‍ ഉയരപരിധി ഒഴിവാക്കുന്നതോടെ 80 ശതമാനത്തോളം വരുന്ന വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ നിര്‍മാണ അനുമതി ലഭിക്കും.

സ്ഥലപരമായ വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത് ലൈസന്‍സിയുടെയും ഉടമസ്ഥന്റെയും ഉത്തരവാദിത്വത്തില്‍ എന്ന രീതിയില്‍ പെര്‍മിറ്റ് ലഭിക്കും. നിര്‍മാണം ആരംഭിച്ചശേഷം പ്ലിന്ത് ലെവലില്‍ (തറ പൂര്‍ത്തിയായ ശേഷം) പരിശോധന നടത്തും. ഈ ഘട്ടത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരമല്ല നിര്‍മാണമെന്ന് കണ്ടാല്‍ അനുമതി മരവിപ്പിക്കുകയും ഉടമസ്ഥനെതിരെയും പ്ലാന്‍ സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിന് മുന്നോടിയായി പെര്‍മിറ്റ് നിര്‍ബന്ധമാക്കി.

നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ചട്ടലംഘനങ്ങളോടെ നിര്‍മാണം നടത്തുന്നതും ഇത് അപകടങ്ങളിലേക്കും നയിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. സര്‍ക്കാര്‍ കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റിനുള്ള വിസ്തീര്‍ണം 100 ചതുരശ്ര മീറ്ററില്‍നിന്ന് 250 ആയി ഉയര്‍ത്തി. 200 ചതുരശ്ര മീറ്റര്‍ (2152.78 ചതുരശ്രയടി) വരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയിലും ഗ്രീന്‍ കാറ്റഗറിയിലും ഉള്‍പ്പെട്ടതുമായ മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കും.

പ്രളയത്തെ തോല്‍പ്പിക്കും സൗഹൃദം; ഒഴുക്കില്‍പ്പെട്ട ട്രാവലറിന് പകരം പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍

പ്രളയത്തെ തോല്‍പ്പിക്കും സൗഹൃദം; ഒഴുക്കില്‍പ്പെട്ട ട്രാവലറിന് പകരം പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍

തൊടുപുഴ: കുമളിയില്‍ കഴിഞ്ഞയാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ ഒഴുക്കില്‍പെട്ട് പൂര്‍ണമായി നശിച്ച വാനിന്റെ ട്രാവലറിന്റെ ഉടമ ബി റെജിമോന് പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍. കണ്ണൂര്‍ സ്വദേശികളും സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുമായ അഞ്ജിതയും സുബിനും ചേര്‍ന്നാണ് 14.5 ലക്ഷം രൂപ ചെലവില്‍ പുതിയ ട്രാവലര്‍ വാങ്ങിയത്. ഇവര്‍ക്കൊപ്പം പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത മറ്റൊരു സുഹൃത്തും പങ്കാളിയായി.

ഇടുക്കിയിലെ അപ്രതീക്ഷിത പ്രളയത്തില്‍ ‘വിനായക’ എന്ന ട്രാവലര്‍ ഒഴുക്കില്‍പ്പെട്ടത് നാടൊന്നാകെ ശ്രദ്ധിച്ച കാഴ്ചയായിരുന്നു. പഴയ വിനായകയ്ക്ക് 17 സീറ്റുകള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ എത്തിയ വാഹനത്തിന് 19 സീറ്റുകളുണ്ട്.

മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിപ്പുള്ളത്.

മോന്‍താ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. അതിന്റെ ഭാഗമായി ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ആന്ധ്ര തീരത്ത് 110 കിലോ മീറ്റര്‍ തീവ്ര ചുഴലിക്കാറ്റിന് സാധ്യത പ്രവചിച്ചതിനാല്‍ ദുരന്തനിവാരണ സേനയെയും വിന്യസിച്ചു.

ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും കര്‍ണാടക തീരത്ത് ഇന്ന് മറ്റന്നാള്‍ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു

വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

ചണ്ഡീഗഢ്: കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ നിറയാറുള്ള പൃഥ്വി ഷാ രഞ്ജിയില്‍ അതിവേഗ ഇരട്ട സെഞ്ച്വറിയുമായി കളം വാണു. ചണ്ഡീഗഢിനെതിരായ രഞ്ജി പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 141 പന്തില്‍ ഡബിള്‍ സെഞ്ച്വറിയിലെത്തിയ പൃഥ്വി രഞ്ജിയില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 1985ല്‍ രവി ശാസ്ത്രി നേടിയ 123 പന്തില്‍ ഇരട്ട സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. റെക്കോര്‍ഡ് പട്ടികയില്‍ രവി ശാസ്ത്രിയ്ക്കു പിന്നില്‍ പൃഥ്വി തന്റെ പേരെഴുതി ചേര്‍ത്തു.

72 പന്തിലാണ് പൃഥ്വി സെഞ്ച്വറിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ ഏഴാമത്തെ സെ‍ഞ്ച്വറി നേട്ടമാണിത്. പിന്നാലെയാണ് 141 പന്തിൽ ഇരട്ട ശതകം തൊട്ടത്.

മുംബൈ ടീം വിട്ട് ഈ സീസണിലാണ് പൃഥ്വി മഹാരാഷ്ട്രയ്ക്കായി കളിക്കാനിറങ്ങിയത്. അവര്‍ക്കായി താരം കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്. ആദ്യ ഇന്നിങ്‌സില്‍ 8 റണ്‍സില്‍ പുറത്തായി പൃഥ്വി രണ്ടാം ഇന്നിങ്‌സിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. മത്സരത്തില്‍ 156 പന്തുകള്‍ നേരിട്ട് പൃഥ്വി 222 റണ്‍സുമായി മടങ്ങി. 29 ഫോറും 5 സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

സമീപ കാലത്ത് കരിയറില്‍ വിവാദങ്ങളും തിരിച്ചടികളുമായി നില്‍ക്കുന്ന പൃഥ്വിയ്ക്ക് ഈ ഇരട്ട സെഞ്ച്വറി പുതിയ ജീവശ്വാസമാണ്. 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പൃഥ്വി കൃത്യമായി പരിശീലനത്തിനെത്താതെയും മറ്റും നിരന്തരം വിവാദങ്ങളില്‍പ്പെടാറുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം കിട്ടിയിട്ടും മുതലാക്കാന്‍ സാധിക്കാതെ വന്ന താരത്തിനു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ടീമിലും കളിക്കാനും സാധിച്ചിരുന്നില്ല. മെഗാ ലേലത്തില്‍ താരം അണ്‍സോള്‍ഡായിരുന്നു.

അതിനിടെയാണ് ഈ സീസണില്‍ താരം മുംബൈ ടീം വിടാന്‍ തീരുമാനിച്ചത്. മതിയായ അവസരം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൃഥ്വി മഹാരാഷ്ട്ര ടീമിലേക്ക് ചേക്കേറിയത്.

ഈ മാസം 15നു കേരളത്തിനെതിരെ തിരുവനന്തപുരത്തു നടന്ന രഞ്ജി പോരിലാണ് താരം മഹാരാഷ്ട്രയ്ക്കായി അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സെടുത്തു തിളങ്ങി. പിന്നാലെയാണ് രണ്ടാം പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി.

59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4631 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 379 റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.

കേരളത്തിലും എസ്ഐആര്‍, 12 സംസ്ഥാനങ്ങളില്‍ നവംബര്‍ നാലിനു തുടക്കം

കേരളത്തിലും എസ്ഐആര്‍, 12 സംസ്ഥാനങ്ങളില്‍ നവംബര്‍ നാലിനു തുടക്കം

ഡല്‍ഹി: രണ്ടാം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യ ഘട്ടമായി ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായി നടപ്പാക്കി. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ നാലിനു നടപടിക്രമം ആരംഭിക്കുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തെറ്റുകളോ ഇരട്ടിപ്പുകളോ തിരിച്ചറിഞ്ഞ് വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 1951 മുതല്‍ എട്ട് തവണ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അവസാനമായി നടന്നത് 2002 നും 2004 നും ഇടയിലാണ്. 21 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

‘ഇന്ന് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു, വിജയകരമായ എസ്ഐആറില്‍ പങ്കെടുത്ത 7.5 കോടി വോട്ടര്‍മാരെ വണങ്ങുന്നു. കമ്മീഷന്‍ 36 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും പ്രക്രിയയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ബീഹാറിലെ 90,000-ത്തിലധികം പോളിംഗ് ബൂത്തുകളില്‍ അപ്പീലുകള്‍ ഒന്നുമില്ലാതെ വിജയകരമായി വോട്ടര്‍ പട്ടിക പരിശോധന നടന്നു. ബിഹാറിലെ വോട്ടര്‍മാരുടെ പങ്കാളിത്തം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ശക്തമായ ഒരു മാതൃകയാണ്,’- ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശരാശരി, 1,000 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (BLO) എന്ന നിലയില്‍ നിയമിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) ഉണ്ടായിരിക്കും. ഇവരെ സഹായിക്കാന്‍ നിരവധി അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാരും ഉണ്ടാവും. പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള വോട്ടര്‍ പട്ടികയില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.