by Midhun HP News | Oct 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യന്‍ ഇറക്കുമതിക്ക് മേലുള്ള അമേരിക്കന്‍ തീരുവ 20 ശതമാനത്തിലും താഴെയായി കുറയ്ക്കുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 87.60 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യം വര്‍ധിച്ചിരുന്നു.
എന്നാല്‍ ഇത് താത്കാലികം മാത്രമാണ് എന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍ രൂപ വീണ്ടും ശക്തിയാര്ജിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


by Midhun HP News | Oct 28, 2025 | Latest News, കേരളം
ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല.
രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്.
രേഖകള്‍ കണ്ടെത്താന്‍ എക്സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ പരിശോധന നടത്തിയിട്ടും രേഖകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പമ്പയിലും ആറന്‍മുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോര്‍ഡും സംശയിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. ഉദ്യോഗസ്ഥരോട് രേഖകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ എസ്ഐടിക്ക് കസ്റ്റഡിയില്‍ നല്കുന്നതില് കോടതി തീരുമാനമെടുക്കും. കഴിഞ്ഞദിവസം എസ്ഐടി നല്കിയ പ്രൊഡക്ഷന്‍ വാറന്റാണ് റാന്നി മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഇന്ന് തന്നെ കസ്റ്റഡി അനുവദിക്കാനാണ് സാധ്യത. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെയാണ്. അത് തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഐടി 29-ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ പുറത്തേക്കുകൊണ്ടുപോയ കേസില്‍ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.


by Midhun HP News | Oct 28, 2025 | Latest News
അമരാവതി: ‘മോന്‍താ’ ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. പ്രധാനമായി ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗര്‍- എറണാകുളം എക്സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറു ഫ്ലൈറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍താ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡിഷ, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവര്‍ത്തകരെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
മല്‍ക്കാന്‍ഗിരി, കോരാപുട്ട്, നബരംഗ്പൂര്‍, റായഗഡ, ഗജപതി, ഗഞ്ചം, കലഹണ്ടി, കാണ്ഡമാല്‍ എന്നി ഒഡിഷയിലെ എട്ട് തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും 1,496 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 3,000 ത്തോളം പേരെ ഒഡിഷ സര്‍ക്കാര്‍ തിങ്കളാഴ്ച ഒഴിപ്പിച്ചു. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കുന്ന ഒഴിപ്പിക്കല്‍ ദൗത്യം 32,528 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ സര്‍വീസ് എന്നിവയില്‍ നിന്നുള്ള 140 രക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.


by Midhun HP News | Oct 28, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


by Midhun HP News | Oct 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ആരായാന്‍ സിപിഎം വിസമ്മതിച്ചാല്‍ നാലു മന്ത്രിമാരും രാജിവയ്ക്കണമെന്ന ധാരണയാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ ഉണ്ടായത്. അതേസമയം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീര്‍പ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.
ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പര്‍ മുറിയില്‍ വൈകിട്ട് 3.30 മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാര്‍മികതയും ചൂണ്ടിക്കാട്ടി.പിന്നാലെ, സിപിഐ മന്ത്രിമാരായ കെ രാജന്, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.


by Midhun HP News | Oct 28, 2025 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില തിരിച്ചുകയറുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നതാണ് വിപണി കണ്ടത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.


Recent Comments