by Midhun HP News | Oct 28, 2025 | Latest News
അമരാവതി: ‘മോന്‍താ’ ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. പ്രധാനമായി ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗര്‍- എറണാകുളം എക്സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറു ഫ്ലൈറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍താ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡിഷ, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവര്‍ത്തകരെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
മല്‍ക്കാന്‍ഗിരി, കോരാപുട്ട്, നബരംഗ്പൂര്‍, റായഗഡ, ഗജപതി, ഗഞ്ചം, കലഹണ്ടി, കാണ്ഡമാല്‍ എന്നി ഒഡിഷയിലെ എട്ട് തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും 1,496 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 3,000 ത്തോളം പേരെ ഒഡിഷ സര്‍ക്കാര്‍ തിങ്കളാഴ്ച ഒഴിപ്പിച്ചു. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കുന്ന ഒഴിപ്പിക്കല്‍ ദൗത്യം 32,528 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ സര്‍വീസ് എന്നിവയില്‍ നിന്നുള്ള 140 രക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.


by Midhun HP News | Oct 28, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


by Midhun HP News | Oct 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ആരായാന്‍ സിപിഎം വിസമ്മതിച്ചാല്‍ നാലു മന്ത്രിമാരും രാജിവയ്ക്കണമെന്ന ധാരണയാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ ഉണ്ടായത്. അതേസമയം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീര്‍പ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.
ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പര്‍ മുറിയില്‍ വൈകിട്ട് 3.30 മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാര്‍മികതയും ചൂണ്ടിക്കാട്ടി.പിന്നാലെ, സിപിഐ മന്ത്രിമാരായ കെ രാജന്, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.


by Midhun HP News | Oct 28, 2025 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില തിരിച്ചുകയറുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നതാണ് വിപണി കണ്ടത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.


by Midhun HP News | Oct 28, 2025 | Latest News, കേരളം
തൃശൂര്‍: രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്, കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്.
കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാര്‍പ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാര്‍ക്ക് ഒരുക്കിയത്. മൃഗങ്ങള്‍ക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങള്‍ മൃഗശാലയിലുണ്ട്. തൃശൂര്‍ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റും.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്. സന്ദര്‍ശകര്‍ക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള വെര്‍ച്വല്‍ സൂ എന്നിവ ഒരുക്കിട്ടുണ്ട്.
സന്ദര്‍ശകര്‍ക്കായി പാര്‍ക്കില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. 6.5 കിലോമീറ്റര്‍ ചുറ്റളവുള്ള പാര്‍ക്കില്‍ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവര്‍ക്കായിക്കൂടിയാണ് ബസ് സേവനങ്ങള്‍ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാര്‍ക്കിനകത്തു കൂടി യാത്ര ചെയ്യും. പാര്‍ക്കിനകത്തെ പ്രത്യേക പോയിന്റുകളില്‍ ആളുകള്‍ക്ക് ബസ്സില്‍നിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും.
ഇതുവഴി ഒരു തവണ ബസ് ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് ബസ്സില്‍ കയറി ഓരോ പോയിന്റുകളില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കല്‍ പാര്‍ക്ക് മുഴുവനായും ആസ്വദിക്കാനാകും.
സര്‍വീസ് റോഡ് , സന്ദര്‍ശക പാത ,കംഫര്‍ട്ട് സ്റ്റേഷനുകള്‍, ട്രാം സ്റ്റേഷനുകള്‍, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷന്‍, ക്വാറന്റൈന് സെന്ററുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.
മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്. സൈലന്റ് വാലിയിലെ നിത്യഹരിതവന സമാനതയും ചീവീടുകളില്ലാത്ത നിശബ്ദ താഴ്വരയും ഒരുക്കി. സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സൈലന്റ് വാലിക്ക് സമാനമായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി.
ആഫ്രിക്കന്‍ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് സുളു ലാന്‍ഡ്. ജിറാഫ്, ഹിപ്പോപൊട്ടാമസ്, സീബ്ര എന്നിവയുടെ വാസ സ്ഥലങ്ങളായി ഇത് മാറും. കന്‍ഹസോണില്‍ മധ്യപ്രദേശിലെ ആവാസവ്യവസ്ഥയാണ് ഒരുക്കുക. ഇവിടെ മാനുകള്‍ തുള്ളിച്ചാടും. ഇരവികുളം മാതൃകയില്‍ ഷോലവനങ്ങളും ഒരുക്കി. വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Oct 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ഉയരം പരിഗണിക്കാതെ, 300 ചതുരശ്ര മീറ്റര്‍ (3229.17 ചതുരശ്രയടി) വരെയുള്ള രണ്ടു നില കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ ഇനി പെര്‍മിറ്റ് ലഭിക്കും. അപേക്ഷിച്ചാലുടന്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്നവയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റു ഇളവുകള്‍ വരുത്തിയും ചട്ടഭേദഗതിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ സമഗ്രമാറ്റത്തിനുള്ള ഭേദഗതികളാണ് തദ്ദേശ വകുപ്പ് തയ്യാറാക്കിയത്. നിര്‍ദേശങ്ങള്‍ നിയമവകുപ്പിന്റെ പരിശോധനയിലാണ്.
സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാന്‍ ഉതകുന്ന മാറ്റങ്ങളും ഇക്കൂട്ടത്തിലുണ്ട്. തദ്ദേശ അദാലത്തിലും നവകേരള സദസിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്. ഭൂരിഭാഗം വരുന്ന നിര്‍മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം അനുമതി ലഭ്യമാകും. ഇരുനില വീടുകള്‍ക്ക് ഏഴു മീറ്റര്‍ ഉയരപരിധി ഒഴിവാക്കുന്നതോടെ 80 ശതമാനത്തോളം വരുന്ന വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ നിര്‍മാണ അനുമതി ലഭിക്കും.
സ്ഥലപരമായ വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത് ലൈസന്‍സിയുടെയും ഉടമസ്ഥന്റെയും ഉത്തരവാദിത്വത്തില്‍ എന്ന രീതിയില്‍ പെര്‍മിറ്റ് ലഭിക്കും. നിര്‍മാണം ആരംഭിച്ചശേഷം പ്ലിന്ത് ലെവലില്‍ (തറ പൂര്‍ത്തിയായ ശേഷം) പരിശോധന നടത്തും. ഈ ഘട്ടത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരമല്ല നിര്‍മാണമെന്ന് കണ്ടാല്‍ അനുമതി മരവിപ്പിക്കുകയും ഉടമസ്ഥനെതിരെയും പ്ലാന്‍ സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിന് മുന്നോടിയായി പെര്‍മിറ്റ് നിര്‍ബന്ധമാക്കി.
നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ചട്ടലംഘനങ്ങളോടെ നിര്‍മാണം നടത്തുന്നതും ഇത് അപകടങ്ങളിലേക്കും നയിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. സര്‍ക്കാര്‍ കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റിനുള്ള വിസ്തീര്‍ണം 100 ചതുരശ്ര മീറ്ററില്‍നിന്ന് 250 ആയി ഉയര്‍ത്തി. 200 ചതുരശ്ര മീറ്റര്‍ (2152.78 ചതുരശ്രയടി) വരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയിലും ഗ്രീന്‍ കാറ്റഗറിയിലും ഉള്‍പ്പെട്ടതുമായ മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കും.
Recent Comments