വീണ്ടും തീവ്രമഴ വരുന്നു, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

വീണ്ടും തീവ്രമഴ വരുന്നു, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുടെ മുന്നറിയിപ്പ് ആയ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

നാളെ ഈ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ അഞ്ചു ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രതയില്ലാത്ത ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രതയില്ലാത്ത മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു .തമിഴ്‌നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരുംമണിക്കൂറുകളില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കു സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 12 മണിക്കൂറിനുള്ളില്‍, ഇത് വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ; 812 കോടി അനുവദിച്ച് ധനവകുപ്പ്

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ; 812 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുക. ക്ഷേമ പെൻഷൻ നൽകുന്നതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ പെൻഷൻ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ
24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌.
26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ പെൻഷൻ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌.

ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വളയന്‍ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. കടുത്ത മദ്യപാനിയായ ജിസര്‍, മദ്യപിച്ച് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ചു ലക്കുകെട്ട ജിസാറിനെ സുഹൃത്തുക്കള്‍ പിടിച്ചു കെട്ടി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയിലെത്തിച്ചത്. കാഷ്വാലിറ്റിയിൽ വെച്ച് മരുന്നു നല്‍കാന്‍ കയ്യിലെ കെട്ടഴിച്ചപ്പോള്‍, അക്രമാസക്തനായി ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുത്തു. ഡോക്ടറെ ആക്രമിക്കുകയും ചെയ്തു. തടയാന്‍ വന്ന സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.

ഇൻകാസ് ഖത്തറിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റായി അയിലം അനീഷിനെ തിരഞ്ഞെടുത്തു

ഇൻകാസ് ഖത്തറിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റായി അയിലം അനീഷിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ: കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസ് ഖത്തറിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റായി അയിലം അനീഷിനെ തിരഞ്ഞെടുത്തു.

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡിവൈഎസ്‌പി ആർ.മനോജ് കുമാറാണ് സ്‌റ്റാറ്റസ് ഇട്ടത്.

ഡിവൈഎസ്പിയുടെ വാട്സാപ്പ് സ്‌റ്റാറ്റസിനെതിരെ ഇന്ന് ആലത്തൂർ ഡിവൈഎസ്പി ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും മനോജ് കുമാറിന്റെ സ്‌റ്റാറ്റസിൽ പറയുന്നു. ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്‌റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്‌പി പറയുന്നു.

വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു; മോഷ്ടാവ് പിടിയിൽ

വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു; മോഷ്ടാവ് പിടിയിൽ

വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു. സിസിടിവി മോഷ്‌ടാവിനെ കുടുക്കി. ചൊവ്വാഴ്ചയാണ് സംഭവം. തൊഴിലുറപ്പ് എ ഇ വിഷ്ണു സ്കൂട്ടറിന്റെ സെന്റർ ബോക്സിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിച്ചത്‌.

പഞ്ചായത്ത് ഓഫീസ് കോംബോണ്ടിൽ പാർക്ക്‌ ചെയ്ത സ്‌കൂട്ടറിൽനിന്ന്‌ കൃത്രിമ താക്കോൽ ഉപയോഗിച്ച് ബോക്സ് തുറന്നായിരുന്നു മോഷണം. മോഷണ ദൃശ്യങ്ങൾ പഞ്ചായത്തിലെ സിസിടിവിയിൽ പതിഞ്ഞു. വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരൂർ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. മുൻപ്‌ പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന്‌ മോഷണവും മോഷണ ശ്രമങ്ങളും നടന്നിരുന്നു. രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് ഫയലുകൾ കത്തിനശിക്കാൻ സംഭവവും ഉണ്ടായി. ഇതോടെ സിസിടിവി സ്ഥാപിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചതോടെ ഏതാനും നാളുകൾക്ക് മുമ്പാണ്‌ സിസിടിവി സ്ഥാപിച്ചത്. ഇതിലാണ് ഇപ്പോൾ മോഷ്ടാവ് കുടുങ്ങിയത്.