75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യം; രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി പാലാ സെന്റ് തോമസ് കോളജ്

75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യം; രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി പാലാ സെന്റ് തോമസ് കോളജ്

കോട്ടയം: 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേല്‍ക്കുന്നതിന്റെ അഭിമാനത്തിലും ആവേശത്തിലും പാലാ സെന്റ് തോമസ് കോളജ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് വ്യക്തമാക്കി.

‘എ’ ബ്ലോക്ക് ഉള്‍പ്പെടെയുള്ള കോളജിന്റെ പ്രധാന കെട്ടിടങ്ങള്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി മനോഹരമാക്കി. വൈദ്യുത ദീപാലങ്കാര പ്രഭയില്‍ പ്രൗഢിയോടെ നില്‍ക്കുന്ന കോളജിന്റെ ചിത്രവും രാഷ്ട്രപതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ബോര്‍ഡുകളും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കോളേജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിനുശേഷം വൈകുന്നേരം 4.50 ന് രാഷ്ട്രപതിയും സംഘവും കോട്ടയത്തേക്ക് മടങ്ങും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പാസ്സ് ലഭിച്ചവര്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെയാണ് സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പങ്കെടുക്കുന്നവര്‍ പ്രവേശനത്തിനുള്ള പാസ്സ് കൂടാതെ ഒരു ഐഡി പ്രൂഫും കൂടി കൊണ്ടുവരേണ്ടതാണ്. 2.30 ന് മുന്‍പായി ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള യാതൊരുവസ്തുക്കളും ഹാളില്‍ പ്രവേശിപ്പിക്കുവാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്‍പ്പിക്കേണ്ടതാണ്.

ഊരാശാലയ്ക്ക് സമീപമുള്ള സണ്‍ സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തും പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള റോഡിന്റെ വലതുവശത്തുനിന്ന് പ്രവേശിക്കാവുന്ന കോളേജിന്റെ ‘എച്ച്’ ബ്ലോക്കിനുമുന്നിലുമാണ് പാര്‍ക്കിങ് ക്രമീകരിച്ചിരിക്കുന്നത്. സി ആര്‍ ഹോസ്റ്റലിനു മുന്‍വശം വിഐപികള്‍ക്കുള്ള പാര്‍ക്കിങ് ഏരിയായാണ്.4.00 മണിക്ക് ബിഷപ് വയലില്‍ ഹാളില്‍ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, പാലാ രൂപതാദ്ധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, എംപിമാരായ ജോസ് കെ മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, എംഎല്‍എ മാണി സി കാപ്പന്‍, പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ സന്നിഹിതരാകും. സമ്മേളനത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

കോവിഡ് വാക്സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ? പുത്തൻ പ്രതീക്ഷ നൽകി ​പഠനം

കോവിഡ് വാക്സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ? പുത്തൻ പ്രതീക്ഷ നൽകി ​പഠനം

കോവിഡ് വാക്‌സിന്‍ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പുതിയ പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ​ഗവേഷക റിപ്പോർട്ടിൽ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിനുകൾ ചില കാൻസർ രോ​ഗികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി കണ്ടെത്തി.

ചില ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ കഴിക്കുന്ന ശ്വാസകോശ അര്‍ബുദമോ ത്വക്ക് അര്‍ബുദമോ ബാധിച്ച ആളുകള്‍ ചികിത്സ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിന്‍ സ്വീകരിക്കുന്നത് രോഗികളില്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്തുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ അത്യാധുനിക കാന്‍സര്‍ ചികിത്സയോട് നന്നായി പ്രതികരിക്കാന്‍, വാക്സിനിൽ അടങ്ങിയ mRNA തന്മാത്രകൾ സഹായിക്കുന്നുവെന്ന് ഹ്യൂസ്റ്റണിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെയും ഫ്‌ലോറിഡ സര്‍വകലാശാലയിലെയും ​ഗവേഷകർ പറയുന്നു.

ശരീരത്തിലുടനീളം രോ​ഗപ്രതിരോധ കോശങ്ങളെ സജീവമാക്കുന്നതിനുള്ള ഒരു സൈറൺ പോലെയാണ് വാക്സിൻ പ്രവർത്തിക്കുന്നതെന്ന് എംഡി ആൻഡേഴ്സണിലെ പ്രധാന ഗവേഷകനായ ഡോ. ആദം ഗ്രിപ്പിൻ പറയുന്നു. ഈ കണ്ടെത്തൽ കാൻസർ ചികിത്സ രം​ഗത്ത് പുത്തൽ പ്രതീക്ഷ നൽകുന്ന ഒന്നാണെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു. mRNA കോവിഡ് വാക്സിനുകൾ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന കാൻസർ മരുന്നുകളുമായി ജോടിയാക്കാമോയെന്ന കാര്യത്തിൽ കൂടുതൽ പഠനത്തിന് തയ്യാറെടുക്കുകയാണ് ​ഗവേഷകർ. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം കാൻസർ കോശങ്ങളെ ഒരു ഭീഷണിയായി മാറുന്നതിന് മുമ്പ് തന്നെ അവയെ നശിപ്പിക്കുന്നു. എന്നാൽ ചില മുഴകൾ രോഗപ്രതിരോധ ആക്രമണത്തിൽ നിന്ന് മറഞ്ഞിരിക്കാറുണ്ട്. എന്നാൽ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ ആ ആവരണം നീക്കം ചെയ്യുകയും രോ​ഗപ്രതിരോധ സംവിധാനം അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ചില ആളുകളുടെ രോഗപ്രതിരോധ കോശങ്ങൾ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ എത്തിയാലും ട്യൂമറിനെ തിരിച്ചറിയണമെന്നില്ല.

ഒരു ഓഫ്-ദി-ഷെൽഫ് സമീപനം ഫലപ്രദമാകുമെന്നതിന്റെ വളരെ നല്ല സൂചനയാണ് പുതിയ ഗവേഷണം, മനുഷ്യരുടെ ആരോ​ഗ്യത്തിന് mRNA മരുന്നുകൾ എത്രത്തോളം പ്രയോജനകരമാകുമെന്നതിലുള്ള തിരിച്ചറിവു തുടരുകയാണെന്നു ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ mRNA സ്പെഷ്യലിസ്റ്റ് ഡോ. ജെഫ് കോളർ പറഞ്ഞു.

എംഡി ആൻഡേഴ്‌സണിൽ കാൻസർ സെന്ററിൽ ചെക്ക്‌പോയിന്റ് ഇൻഹിബിറ്റർ ചികിത്സയ്ക്ക് വിധേയരായ ഏകദേശം 1,000 കാൻസർ രോഗികളുടെ രേഖകൾ സംഘം വിശകലനം ചെയ്യുകയും അതിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവരെ താരതമ്യം ചെയ്യുകയും ചെയ്തു. വാക്സിനേഷൻ എടുത്ത ശ്വാസകോശ അർബുദ രോഗികൾ, കാൻസർ ചികിത്സ ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം വാക്സിനേഷൻ എടുക്കാത്ത രോഗികളേക്കാൾ ഇരട്ടി കാലം ജീവിച്ചിരുക്കുന്നതിന് സാധ്യതയുള്ളതായി കണ്ടെത്തി. മെലനോമ രോഗികളിൽ, വാക്സിനേഷൻ എടുത്ത രോഗികളുടെ ശരാശരി അതിജീവനം ഗണ്യമായി കൂടുതലായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 5640 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 5640 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തിയതോടെ, വില 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 3440 രൂപയാണ് കുറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 5640 രൂപയാണ് കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ ഡിഗ്രി പരീക്ഷയിൽ ആദിത്യ എം മുരളിക്ക് ഒന്നാം റാങ്ക്

കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ ഡിഗ്രി പരീക്ഷയിൽ ആദിത്യ എം മുരളിക്ക് ഒന്നാം റാങ്ക്

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ ഡിഗ്രി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കു നേടി ആദിത്യ എം. മുരളി. ആറ്റിങ്ങൽ നിരാലാ ഹിന്ദി അക്കാദമി വിദ്യാർത്ഥിനിയാണ്. ചിറയിൻകീഴ് കുന്തള്ളൂർ ചിറയിൽ വീട്ടിൽ എസ് എസ് മിനിയുടെ മകളാണ്.

കോഹ്‌ലി ‘ഡക്ക്’! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍

കോഹ്‌ലി ‘ഡക്ക്’! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയില്‍ കരുതലോടെ ക്രീസില്‍ നില്‍ക്കുന്നു. 28 റണ്‍സുമായി രോഹിത് ശര്‍മയും 20 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതായാണ് ആക്ഷേപം. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വര്‍ക്കര്‍മാര്‍. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ആ സമിതി നല്‍കിയ റിപ്പോര്‍ട്ട് വെളിച്ചം കാണാത്ത പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. ആശാ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ഇന്നലെ അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും കനത്ത മഴയേയും ജലപീരങ്കിയെയും അവഗണിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന്റെ മുന്നില്‍ നിലയുറപ്പിച്ചു. സമരം അനുവദിച്ചിരുന്ന സമയത്തിനും അപ്പുറത്തേക്ക് കടന്നുപോയതിനാലാണ് പൊലീസ് നടപടി ഉണ്ടായത് എന്ന് പൊലീസ് വ്യക്തമാക്കി.