ഇന്നും നാളെയും പെരുമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച്, മറ്റിടങ്ങളില്‍ യെല്ലോ

ഇന്നും നാളെയും പെരുമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച്, മറ്റിടങ്ങളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണുര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയും വെള്ളിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.

ഇന്ന് രാവിലെയോടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ ഈ മാസം 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

‘പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല’; എയര്‍ ഹോണുകള്‍ ചതച്ചരച്ച റോഡ് റോളറിന് എംവിഡി നോട്ടീസ്

‘പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല’; എയര്‍ ഹോണുകള്‍ ചതച്ചരച്ച റോഡ് റോളറിന് എംവിഡി നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി. ഏഴു ദിവസത്തിനകം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.

‘ശബ്ദമലിനീകരണം തടയാന്‍ വായു മലിനീകരണം ആകാമെന്ന’് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെയാണ് റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചത്. ജില്ലയില്‍നിന്ന് പിടികൂടിയ 500 ഓളം എയര്‍ ഹോണുകള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡില്‍ നിരത്തി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തില്‍ ഘടിപ്പിച്ച റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.

എയര്‍ഹോണ്‍ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശാനുസരണമായിരുന്നു എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുതിയ കേസെടുക്കും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുതിയ കേസെടുക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്‌ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് നവംബര്‍ 15 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസില്‍ ഒഴിവാക്കും. ശബരിമല ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതല്‍ വസ്തുതകള്‍ പുറത്തു വന്നത്.

ആദ്യത്തെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ കക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികള്‍ക്ക് കൈമാറേണ്ടി വരും. ഇത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി തീരുമാനിച്ചതെന്നാണ് വിവരം. പുതിയ കേസില്‍ സര്‍ക്കാർ, വിജിലൻസ്, ദേവസ്വം ബോർഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോര്‍ട്ട്. അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരായി എസ്പി എസ് ശശിധരനാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്.

കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരെ അടക്കം എല്ലാവരെയും കോടതിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് എസ് പി ശശിധരനുമായി ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. അന്വേഷണം ആരംഭിച്ച് കഴിഞ്ഞ പത്തു ദിവസത്തിനകത്തെ അന്വേഷണ പുരോഗതിയാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. കേസ് അന്വേഷിച്ചിരുന്ന ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറും എസ്പിയുമായ സുനില്‍കുമാറും ഇന്നു ഹൈക്കോടതിയില്‍ ഹാജരായിരുന്നു. രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു

മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു. ഇതില്‍ 6 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ പൂജ ഭര്‍ത്താവ് സുന്ദര്‍, മകള്‍ വേദിക എന്നിവരാണ് മരിച്ചത്.

വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ അതിവേഗം 11, 12 നിലകളിലേക്ക്് പടര്‍ന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ പത്തിലേറെപ്പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണു വീട്ടമ്മക്ക് ദാരുണാന്ത്യം

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണു വീട്ടമ്മക്ക് ദാരുണാന്ത്യം

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തിയ അധ്യാപിക മരണപ്പെട്ടു

പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തിയ അധ്യാപിക മരണപ്പെട്ടു

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഛർദ്ദിയെ തുടർന്ന് ചികിത്സക്ക് എത്തിയ 38 വയസുള്ള അദ്ധ്യാപിക മരിച്ചു. ചികിൽസാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ. ആശുപത്രിയിൽ സംഘർഷം. പുനലൂർ ടോക്കച്ച് സ്കൂൾ അധ്യാപിക കോട്ടവട്ടം നിരപ്പിൽ പുത്തൻവീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതി (38) യാണ് മരിച്ചത്‌.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അശ്വതിയെ ശർദ്ദിയും തലകറക്കവുമായി പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
മണിക്കൂറുകൾക്കു ശേഷം ആരോഗ്യനില ഗുരുതരമായി. തുടർന്ന് ആശുപത്രിയിലെ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് ആറരയോട് കൂടി യുവതി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഐസിയുവിനു മുന്നിൽ യുവതിയുടെ ബന്ധുക്കളും മറ്റും ബഹളം വയ്ക്കുകയും പുനലൂർ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. അതേസമയം ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ നൽകി എന്നും, രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസ് സർജ്ജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു.