വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

വേങ്ങോട്: മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വേങ്ങോട് ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം.ആർ.ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ബാബു മഞ്ഞമല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ നൂപുരം ചന്ദ്രൻ, വേങ്ങോട് ശശിധരൻ നായർ, എസ്. ഷംനാദ്, ജനറൽ സെക്രട്ടറിമാരായ മുജീബ് കല്ലുവെട്ടി, സജിത്ത് കല്ലുവെട്ടി, നാരായണൻ നായർ, കുന്നുകാട് രവി, കൊയ്ത്തൂർക്കോണം സലിം, ഹുസൈൻ മൈതാനി, അഡ്വ. ആർ.മഞ്ജു, കട്ടിയാട് തുളസി, എം.എ. വാഹിദ്, ഖാദിസുരേഷ്, ശശിധരൻ നായർ, ഹക്കിം അടപ്പിനകം വേങ്ങോട് ഷംസു, തോപ്പുവിള മണിയൻ തുടങ്ങിയവർ നേതൃത്വം നൽകി.

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കാണ് പ്രവേശനം സൗജന്യം. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

‘രക്ഷയായത് ഹനുമാന്‍ ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്‍’; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

‘രക്ഷയായത് ഹനുമാന്‍ ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്‍’; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെ സംസാരിച്ചു. ക്യാപ്റ്റന്‍ സ്മിത്തിന്റെ സമചിത്തതയെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അക്രമത്തിനിരയായ ഭീതിജനകമായ നിമിഷങ്ങളില്‍ താന്‍ ഹനുമാന്‍ ചാലിസ ജപിക്കുകയായിരുന്നുവെന്ന് സ്മിത് മച്ചാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. ‘ഞാന്‍ ആ സമയത്ത് എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. എനിക്ക് പരിക്കേറ്റിരുന്നു, എന്നാല്‍ ഏത് സാഹചര്യത്തിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ധൈര്യം കാണിച്ചില്ലെങ്കില്‍ വിമാനത്തിലുള്ള 170 യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കി. ആ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ ഹനുമാന്‍ ചാലിസ ചൊല്ലുകയായിരുന്നു. ഭഗവാന്‍ ഹനുമാനാണ് എനിക്ക് ധൈര്യം തന്നത്’ -സ്മിത് മച്ചാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ പലപലപ്പോഴും ക്യാപ്റ്റന്‍ സ്മിത് വികാരഭരിതനായി. വിമാനത്തില്‍ നടന്ന കാര്യങ്ങളും താന്‍ നേരിട്ട പ്രയാസങ്ങളും അദ്ദഹം വിശദീകരിച്ചു. ഇത് തനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണെന്നും പ്രധാനമന്ത്രി മോദിയാണ് തന്റെ ഏറ്റവും വലിയ മാതൃകാപുരുഷനെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വന്‍ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയെ ഇസ്രായേല്‍ പ്രധാനമന്ത്രിയും സ്ഥാനപതിയും പ്രശംസിച്ചിരുന്നു.

ബുധനാഴ്ച ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് FZ1073 വിമാനം പറത്തുന്നതിനിടെയാണ് മുംബൈ ഘാട്ട്‌കോപ്പര്‍ സ്വദേശിയായ സ്മിത് മച്ചാര്‍ ആക്രമിക്കപ്പെട്ടത്. സഹപൈലറ്റ് ആണ് സ്മിത്തിനെ ആക്രമിച്ചത്. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റുവെങ്കിലും, അക്രമിയെ ചെറുത്ത സ്മിത് മച്ചാര്‍ വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുന്ന മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

വീടിനു തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കൽ ചെന്നിലത്ത് ദിലീഷ് കുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുകാരുമായി പിണങ്ങി ദിലീഷ് തനിച്ചു താമസിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കടയ്ക്കൽ ദർപ്പക്കാട് ആണ് താമസം. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)..

ഓപ്പറേഷൻ കണ്ണൂർ മഖ്ന’ വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ഓപ്പറേഷൻ കണ്ണൂർ മഖ്ന’ വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ഇരിട്ടി: ആറളം ഫാമിലെയും സമീപത്തെ പുനരധിവാസ മേഖലയിലെയും ജനവാസ കേന്ദ്രങ്ങളെ വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ ‘കണ്ണൂർ മഖ്ന’ (കെഎം-1) എന്ന കാട്ടുകൊമ്പനെ വനംവകുപ്പിന്റെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടി. ദിവസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കൊടുവിൽ ‘ഓപ്പറേഷൻ കണ്ണൂർ മഖ്ന’ എന്ന പേരിൽ നടത്തിയ വൻ ദൗത്യമാണ് വ്യാഴാഴ്ച ലക്ഷ്യം കണ്ടത്. പ്രദേശവാസികൾക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ നിർണ്ണായക നീക്കം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നൂറിലേറെ പേരടങ്ങുന്ന ദൗത്യസംഘം മോഴയാനയ്ക്ക് നേരെ ആദ്യ മയക്കുവെടി ഉതിർത്തത്. എന്നാൽ ആദ്യ ശ്രമത്തിൽ ആന പൂർണ്ണമായി മയങ്ങിയില്ല. തുടർന്ന് രണ്ട് തവണ കൂടി മയക്കുവെടി വെച്ചു. എന്നിട്ടും നിലയുറപ്പിച്ചു നിന്ന ആനയ്ക്ക് അധിക ഡോസ് മരുന്ന് നൽകിയാണ് ഒടുവിൽ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ അഞ്ചരയോടെ പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് മറ്റ് ആറ് കാട്ടാനകൾക്കൊപ്പം നിൽക്കുന്ന നിലയിലാണ് മോഴയെ നിരീക്ഷണ സംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കൂടെയുണ്ടായിരുന്ന ആനകളെ തുരത്തിയോടിച്ച ശേഷമാണ് ദൗത്യസംഘം മയക്കുവെടി വെക്കാനുള്ള അനുയോജ്യമായ സാഹചര്യം ഒരുക്കിയത്.

മയക്കുവെടിയേറ്റയുടൻ നേരത്തെ വളയംചാലിൽ സജ്ജമാക്കി നിർത്തിയിരുന്ന വിക്രം, ഉണ്ണികൃഷ്ണൻ, ഭരതൻ എന്നീ മൂന്ന് കുങ്കിയാനകളെ വനത്തിനുള്ളിലേക്ക് എത്തിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ വശങ്ങളിൽ താങ്ങിനിർത്തി റോഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. റോഡിൽനിന്ന് ഏകദേശം 300 മീറ്റർ ഉള്ളിലെ വനപ്രദേശത്തായിരുന്നു ആന വീണത്. അവിടേക്ക് വാഹനം എത്തിക്കാൻ കഴിയാത്തതിനാൽ മണ്ണുമാന്തി യന്ത്രം (ജെസിബി) ഉപയോഗിച്ച് പുതിയ താൽക്കാലിക പാത വെട്ടിത്തെളിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ഇതിനിടയിൽ പെയ്ത കനത്ത മഴ ദൗത്യത്തെ ഏറെ പ്രതിസന്ധിയിലാക്കി.

പിടികൂടിയ കണ്ണൂർ മഖ്നയെ വയനാട്ടിലെ മുത്തങ്ങയിൽ പ്രത്യേകം സജ്ജമാക്കിയ ആനക്കൊട്ടിലിലേക്കാണ് മാറ്റുന്നത്. ആനയുടെ മുൻകാലിലും തുമ്പിക്കൈയിലും നേരത്തെയുണ്ടായിരുന്ന മുറിവുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകുമെന്നും കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് നിലവിലെ തീരുമാനം.

ആറളത്തെ ആർആർടി സംഘത്തിന് പുറമെ വയനാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ്മ സേനാംഗങ്ങളും വനം, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറിലധികം പേർ ഓപ്പറേഷൻ കെഎം-1 ൽ പങ്കാളികളായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലാ കളക്ടർ ബുധനാഴ്ച മുതൽ കക്കുവാ കവല മുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പുതോട് റൂട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ഡിഎഫ്ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്. യുഡിഎഫിൽ യാതൊരുവിധ അനൈക്യവുമില്ലെന്നും നിലവിൽ മുന്നണിയിലുണ്ടായ എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തി എടുത്തതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുന്നണിയിലെ പ്രധാന പദവികൾ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെ ധാരണയിലെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിൽ കൂടിയാലോചനകൾ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയത്. മുന്നണിയുടെ നിർണ്ണായക തീരുമാനങ്ങൾ പോലും കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. കൂടിയാലോചനകൾ കൃത്യമായി നടക്കാത്തതിനാൽ യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. എന്നാൽ മുന്നണിയുടെ കൺവീനർ എന്ന നിലയിൽ ഇത്തരം അതിപ്രധാനമായ വിഷയങ്ങൾ പോലും തന്നെ മുൻകൂട്ടി അറിയിക്കാത്തതിലാണ് അദ്ദേഹം കടുത്ത അമർഷം പ്രകടിപ്പിച്ചത്.