ശബരിമല സ്വർണ്ണക്കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി 30 വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, അറസ്റ്റ് റിപ്പോര്‍ട്ടിലെ കൂട്ടുതൽ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വർണ കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സ്മാർട്ട് ക്രിയേഷന്‍റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ഇന്ന് പുലർച്ചെയാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്ന് കോടതിയിൽ ഹാജരാക്കവെ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്. ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതിയ നിരക്കിൽ പിരിക്കരുത്. പഴയ നിരക്ക് തുടരണം. ജനങ്ങളെയും – ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവ് എന്ന് കോടതി അറിയിച്ചു.

ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം, മൂന്നാമത്തെ കേസ്

ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം, മൂന്നാമത്തെ കേസ്

ആലപ്പുഴ: ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഏറ്റുമാനൂര്‍ ജൈനമ്മ തിരോധാന കേസും ബിന്ദു പത്മനാഭന്‍ തിരോധാനവും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐഷയുടെ തിരോധാനം ചേര്‍ത്ത പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ, റിമാന്‍ഡിലായിരുന്ന സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഐഷയേയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലേ ഐഷയെ എന്തിന്, എങ്ങനെ കൊലപ്പെടുത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. 2012 ലാണ് ചേര്‍ത്തല സ്വദേശിനി ഐഷയെ കാണാതാകുന്നത്. നേരത്തെ ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്ന് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ചില അസ്ഥികൂട അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്.

മലയാളി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍

മലയാളി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍

ഡല്‍ഹി: ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. 1991 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്.

നഗ്മ ഉടന്‍ തന്നെ ചുമതലയേറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൂന്നു പതിറ്റാണ്ടായി നയതന്ത്ര രംഗത്ത് സേവനം അനുഷ്ഠിച്ചു വരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

ഐ കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍, പേഴ്‌സണല്‍ സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദര പുത്രിയാണ്. ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തില്‍ 23-ാം വയസ്സില്‍ രക്തസാക്ഷിയായ ലെഫ്. പി മുഹമ്മദ് ഹാഷിം നഗ്മയുടെ അമ്മാവനാണ്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ (സെറിമോണിയൽ) ആയി നിയമിതയായ നഗ്മ 1991-ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേരുന്നത്. പാരീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച ന​ഗ്മ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും ജോലി ചെയ്തിട്ടുണ്ട്. റഷ്യയുമായും സിഐഎസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2012 വരെ തായ്‌ലാൻഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിഷയമായ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ഇന്ന് ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികളാണ് പുനസ്ഥാപിക്കുന്നത്. നാലുമണിയോടെയാണ് ചടങ്ങുകള്‍ നടക്കുക. ഹൈക്കോടതി അനുമതിയോടെയാണ് നടപടി.

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. മേല്‍ശാന്തി നറുക്കെടുപ്പും സന്നിധാനത്ത് നടക്കും. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യത പട്ടികയില്‍ ഉള്ളത്. 13 പേരില്‍ നിന്നാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കുക.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22 ശബരിമല ദര്‍ശനം നടത്തും. സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ന് തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണമുണ്ട്. ബുധനാഴ്ച പകല്‍ 11ന് ഹെലികോപ്റ്റര്‍ മാര്‍ഗം നിലക്കലിലെത്തുന്ന രാഷ്ട്രപതി അവിടെനിന്ന് കാറില്‍ പന്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ച് ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും.

10 ല്‍ മൂന്നും മോഹന്‍ലാല്‍ സിനിമകള്‍; തലപ്പത്ത് കല്യാണി; ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകള്‍

10 ല്‍ മൂന്നും മോഹന്‍ലാല്‍ സിനിമകള്‍; തലപ്പത്ത് കല്യാണി; ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകള്‍

മലയാള സിനിമയ്ക്ക് ഇത് മിന്നും കാലമാണ്. വേറിട്ട കഥ പറച്ചിലുകളിലൂടെ ഇന്ത്യന്‍ സിനിമയിലൊരു സമാന്തര പാത സൃഷ്ടിച്ചിട്ടുണ്ട് മലയാള സിനിമ. എന്നാലിന്ന് സാമ്പത്തികമായും മലയാള സിനിമ ഇന്ത്യയിലെ ശക്തമായ ഇന്‍ഡസ്ട്രിയായി മാറിയിരിക്കുകയാണ്. നൂറ് കോടി ക്ലബ് എന്നത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന മലയാള സിനിമയിന്ന് 200 കോടിയില്‍ നിന്നും 300 കോടിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

മലയാള സിനിമ തുടരെ തുടരെ ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച വര്‍ഷമാണിത്. ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടം രണ്ട് തവണ തകര്‍ക്കപ്പെട്ടു. മോഹന്‍ലാലിന്റെ എമ്പുരാനാണ് ഇക്കൊല്ലം ആദ്യം ഇന്‍ഡസ്ട്രി ഹിറ്റ് എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ എമ്പുരാനെ തകര്‍ത്ത് കല്യാണി പ്രിയദര്‍ശന്റെ ലോക മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി.ഈ വര്‍ഷം ഇതുവരെ മലയാളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ്. കല്യാണി പ്രിയദര്‍ശന്‍ ലോകയാണ് ഒന്നാമത്. ലോക ഇതിനോടകം തന്നെ 300 കോടി പിന്നിട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യ 300 കോടി ചിത്രമായ ലോക ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ലോകയുടെ ഫൈനല്‍ കളക്ഷന്‍ എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയണം.

ലോകയ്ക്ക് പിന്നാലെ രണ്ടാമതുള്ളത് 266 കോടിയലധികം നേടിയ എമ്പുരാന്‍ ആണ്. പത്ത് സിനിമകളുടെ പട്ടികയില്‍ മൂന്ന് സിനിമകളും മോഹന്‍ലാലിന്റേതാണെന്നത് ശ്രദ്ധേയമാണ്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവയാണ് പട്ടികയിലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ലോകയ്ക്ക് മുമ്പേ കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി നേടിയ ഏക ചിത്രമാണ് തുടരും.

പട്ടികയിലുള്ള ഏക മമ്മൂട്ടി ചിത്രം ബസൂക്കയാണ്. 25 കോടിയലധികം നേടിയ ബസൂക്കയുടെ സ്ഥാനം പത്താമതാണ്. മമ്മൂട്ടി ചിത്രത്തെ പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തുള്ളത് അര്‍ജുന്‍ അശോകന്‍ നായകനായ സുമതി വളവാണ്.

മലയാളത്തില്‍ ഈ വര്‍ഷം കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍

ലോക ചാപ്റ്റര്‍ 1: ചന്ദ്ര – 301* കോടി

എമ്പുരാന്‍ – 266.3 കോടി

തുടരും – 233 കോടി

ഹൃദയപൂര്‍വ്വം – 75.6 കോടി

ആലപ്പുഴ ജിംഖാന – 57.3 കോടി

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി – 54.25 കോടി

നരിവേട്ട – 28.5 കോടി

സുമതി വളവ് – 28.3 കോടി

ബസൂക്ക – 25.2 കോടി