സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍

സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 91,120 രൂപയാണ് പുതിയ സ്വര്‍ണവില. വ്യാഴാഴ്ച രേഖപ്പെടുത്തിയ 91,040 എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇന്നലെ രാവിലെ 1360 രൂപ കുറഞ്ഞ് 90,000ന് താഴെ പോയെങ്കിലും ഉച്ചയോടെ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. ഉച്ചയോടെ ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 90,720 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എട്ടിനാണ് സ്വര്‍ണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഷാഫി പറമ്പിൽ ഉൾപ്പെടെ 692 പേർക്കെതിരെ കേസ്; പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ

ഷാഫി പറമ്പിൽ ഉൾപ്പെടെ 692 പേർക്കെതിരെ കേസ്; പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കം 692 പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ.

എൽഡിഎഫ് പ്രവർത്തകർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരൽ, വഴി, വാഹന ​ഗതാ​ഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചാർത്തിയാണ് കേസ്.

സംഘർഷത്തിൽ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പിന്നാലെയാണ് കേസ് വിവരങ്ങൾ പുറത്തു വന്നത്.

പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺ​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ‌ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സം​ഗമം നടത്തും. കെസി വേണു​ഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.

ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി വർക്കലയിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു

റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി വർക്കലയിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു

വർക്കല : റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വർക്കല ശിവഗിരി ചെറുകുന്നം ഗോകുലത്തിൽ സുരേഷ് ഉത്തമനാ(55)ണ് മരിച്ചത്. വർക്കല മുണ്ടയിൽ ക്ഷേത്രം റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40-നായിരുന്നു അപകടം. റോഡിലെ ഓടയ്ക്കു മുകളിലായി പുതുതായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലൂടെ വലിയ വാഹനങ്ങൾ കയറാതിരിക്കുന്നതിനായി റിബണും കയറും കെട്ടിയിരുന്നു. ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകുന്നതിനായി റോഡിന്റെ ഒരു വശത്ത് സൗകര്യമൊരുക്കിയിരുന്നു.

കൂടാതെ ബൈക്ക് യാത്രികരെ കടത്തിവിടുന്നതിനായി ഒരു ജീവനക്കാരനെയും കരാറുകാർ നിയോഗിച്ചിരുന്നു. സുരേഷ് ഉത്തമൻ ബൈക്കിൽ ഇതുവഴി സഞ്ചരിക്കുമ്പോൾ കയർ ശ്രദ്ധയിൽപ്പെടാതെ അതിൽ തട്ടി നിയന്ത്രണംതെറ്റി വീഴുകയായിരുന്നു.
നിയന്ത്രണത്തിനായി നിയോഗിച്ച ജീവനക്കാരനും അപകടസമയം അവിടെയില്ലായിരുന്നു. പരിക്കേറ്റ് അല്പസമയം റോഡിൽ കിടന്ന സുരേഷ് ഉത്തമനെ നാട്ടുകാരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുരേഷ് ഉത്തമൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40-ഓടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. ശിവസേനയുടെ സംസ്ഥാന സമിതിയംഗമായിരുന്നു സുരേഷ് ഉത്തമൻ. അച്ഛൻ: ഉത്തമൻ. അമ്മ: പ്രഭാവതി. ഭാര്യ: സ്വപ്ന. മക്കൾ: സുരഭി, ഉമാമഹേശ്വരി. മരുമകൻ: അനൂപ്.”

ചൈനയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് അമേരിക്ക; 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്

ചൈനയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് അമേരിക്ക; 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: വ്യാപാര യുദ്ധം രൂക്ഷമാക്കി ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈന, ഇവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അധിക താരിഫ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പുറമേ ചൈനയ്‌ക്കെതിരെ കയറ്റുമതി നിയന്ത്രണവും ഏര്‍പ്പെടുത്തും. ബീജിംഗിന്റെ ‘അസാധാരണമായ ആക്രമണോത്സുകമായ നീക്കങ്ങള്‍ക്ക് പ്രതികാരമായി ‘ യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. സോഫ്റ്റ് വെയര്‍ കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം വരുന്നത്. ‘ചൈന അത്തരമൊരു നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, പക്ഷേ അവര്‍ അത് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളത് ചരിത്രമാണ്,’ – അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ ഓഹരി വിപണികള്‍ ഇടിഞ്ഞു. നാസ്ഡാക്ക് 3.6 ശതമാനവും എസ് & പി 500 2.7 ശതമാനവും ഇടിഞ്ഞു. നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 30 ശതമാനം താരിഫ് ആണ് ചുമത്തുന്നത്. പകരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചൈനയുടെ താരിഫ് 10 ശതമാനമാണ്.

റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ചൈന കത്ത് അയച്ചിരുന്നു. ഇതാണ് അമേരിക്കന്‍ നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് റെയല്‍ എര്‍ത്ത് മൂലകങ്ങള്‍ നിര്‍ണായകമാണ്. ഈ വസ്തുക്കളുടെ ആഗോള ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ചൈനയാണ് ആധിപത്യം പുലര്‍ത്തുന്നത്.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ, ശസ്ത്രക്രിയ; ഇന്ന് കോൺ​ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ, ശസ്ത്രക്രിയ; ഇന്ന് കോൺ​ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺ​ഗ്രസ്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനാണ് പരിക്കേറ്റത്. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സം​ഗമം നടത്തും. കെസി വേണു​ഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.

ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് മര്‍ദനത്തിലൂടെ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുള്ള വ്യാമോഹമാണെങ്കില്‍ പേരാമ്പ്രയില്‍ വലിയ പരാജയം ഉണ്ടാകും. എന്തുകൊണ്ട് മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഷാഫി താക്കീത് നല്‍കി. പൊലീസിന് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, അത് ഓര്‍മ്മ വേണം ഇപ്പോള്‍ ചെയ്ത പണിക്കുന്ന മറുപടി തന്നിരിക്കും എന്നും വടകര എംപി പ്രതികരിച്ചു.

അതേസമയം, പൊലീസ് നടപടില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍ അല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ വിശദീകരണം. ലാത്തിച്ചാര്‍ത്ത് നടത്തിയിട്ടില്ല, കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ തിരക്കിലായിരിക്കാം എംപിക്ക് പരിക്കേറ്റിട്ടുണ്ടാവുക എന്നും പൊലീസ് വിശദീകരിക്കുന്നു.

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പുറമെ ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. 25ഓളം യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.