by Midhun HP News | Oct 11, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഇന്ത്യൻ സിനിമയുടെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 83-ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ശബ്‍ദ സൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്‍തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്‍ദത്തിന്റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.
കവിയായ ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത പുത്രന്റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്റെ വിഖ്യാതമായ ഭുവൻ ഷോമിന്റെ ആഖ്യാതാവായിട്ടായിരുന്നു. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്‍താനിയിൽ. മെലിഞ്ഞ് നീണ്ട പുതുമുഖ നടൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത് ഹൃഷികേശ് മുഖർജിയുടെ ആനന്ദിലൂടെയായിരുന്നു.
അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്‍കറായി അമിതാഭ് മിന്നി. പിന്നീട് അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സിനിമാ മുഖമാക്കി സഞ്ജീർ എന്ന സിനിമ. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നൽകി നിരവധി ഹിറ്റ് സിനിമകൾ. യാഷ് ചോപ്രക്കൊപ്പം പ്രണയനായകനായി തിളങ്ങിയ സിനിമകൾ വേറെ.
ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് അടക്കി വാണു. 82 ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.

തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപ്പിച്ച് ബച്ചൻ തിരിച്ചെത്തി. പ്രാർഥനകളുമായി കഴിഞ്ഞ ആരാധകലോകം അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉത്സവമാക്കി. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളിലൂടെ ബച്ചൻ ഇപ്പോഴും തലമുറകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെക്ഷൻ 84, ബ്രഹ്മാസ്ത്ര പാർട്ട് 2 എന്നിവയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. “സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു; നിശബ്ദത പാലിക്കാൻ പഠിക്കാൻ 80 വർഷവും”.- എന്നാണ് പിറന്നാളിന് മുന്നോടിയായി ഇന്നലെ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യൻ സിനിമയുടെ ഷെഹൻ ഷായ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.

by Midhun HP News | Oct 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്. ഈ വര്‍ഷം റിപ്പോർട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മലപ്പുറത്ത് മൂന്ന് ബാലവിവാഹങ്ങളും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവ് വന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 ല്‍ 108 ബാലവിവാഹങ്ങള്‍ ഔദ്യോഗികമായി തടഞ്ഞിരുന്നു. 2023-24ല്‍ ഇത് 52 ആയും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ 48 ആയും കുറഞ്ഞു. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്‍കുന്ന സംസ്ഥാനത്തിന്റെ പൊന്‍വാക്ക് പദ്ധതിപ്രകാരം 2022-2023 ല്‍ എട്ട് ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24ല്‍ ഏഴ് കേസുകളും 2024- 25 ല്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരീക്ഷണം ശക്തമായതിനാലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂലകാരണങ്ങള്‍ മനസിലാക്കുന്നതിനായി കേരള സര്‍വകലാശാലയിലെ ജനസംഖ്യാ വകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ടെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022-23 ല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളില്‍ 11 എണ്ണം പാലക്കാടും മലപ്പുറത്തുമാണ്.
2023-24 ല്‍, മലപ്പുറത്തും തൃശൂരും നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2024-25 ല്‍, സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബാലവിവാഹ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത് മലപ്പുറത്താണ്. ഇതിന്റെ ഫലമായി 2022-23 ല്‍ 56 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24 ല്‍ 21, 2024-25 ല്‍ 17, 2024-25 ല്‍ എട്ട് ബാലവിവാഹങ്ങളും തടയാന്‍ കഴിഞ്ഞു. കൃത്യമായ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തൃശൂരില്‍ മൂന്ന് സംഭവങ്ങള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്. ചില വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ പ്രദേശങ്ങളില്‍ ശൈശവ വിവാഹത്തിന് നിലനില്‍ക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവ കാരണങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഉയര്‍ന്ന നിലവാരമുള്ള മധ്യവര്‍ഗക്കാര്‍ക്കിടയില്‍ പോലും, സ്ത്രീകളെ വീട്ടുജോലികളില്‍ മാത്രം ഒതുക്കുന്ന പ്രവണതയുണ്ട്. ഈ മനോഭാവം പലപ്പോഴും പെണ്‍മക്കളുടെ ശൈശവ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് വ്യാപിക്കുന്നു. കാലഹരണപ്പെട്ട മതപരമായ ആചാരങ്ങളുടെ സ്വാധീനം, ആഴമില്ലാത്ത രാഷ്ട്രീയ അവബോധം, അത്തരം ആചാരങ്ങളെ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയും ഘടകങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പല സംഭവങ്ങളും ഒളിച്ചോട്ടങ്ങളാകാമെന്നാണ് സാമൂഹിക പ്രവര്‍ത്തകയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ അംഗവുമായ ജെ സന്ധ്യ പറയുന്നത്. രക്ഷാകര്‍തൃ ശൈലികള്‍, സോഷ്യല്‍ മീഡിയ സ്വാധീനങ്ങള്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രക്ഷാകര്‍തൃത്വം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
by Midhun HP News | Oct 11, 2025 | Latest News, കേരളം
കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സൂചന. സ്വര്‍ണം നഷ്ടപ്പെട്ടതില്‍ 2019 മെയ് 18 ലെ മഹസ്സറില്‍ ഒപ്പിട്ട തന്ത്രി കണ്ഠരര് രാജീവരര്, അന്നത്തെ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുള്‍പ്പെടെ എല്ലാവരുടെയും പങ്ക് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സ്വര്‍ണപ്പാളികള്‍ വെറും ചെമ്പ് പാളികള്‍ മാത്രമാണെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്.
‘ശബരിമല ശ്രീകോവിലിലെ വാതില്‍ പാളികള്‍ മൂടുന്ന സ്വര്‍ണം പൂശിയ ചെമ്പ് പ്ലേറ്റുകള്‍ക്ക് സ്വര്‍ണം പൂശേണ്ടതുണ്ട്. കൂടാതെ ചെമ്പ് പാളികള്‍ മുമ്പ് സ്വര്‍ണം പൊതിഞ്ഞിരുന്നതായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വാതില്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. 2019 മാര്‍ച്ച് 6 ന് ദേവസ്വം കമ്മീഷണര്‍ തന്റെ കത്തില്‍ ചെമ്പ് പാളികള്‍ പോറ്റിക്ക് കൈമാറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ‘സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകള്‍’ എന്ന് വിശേഷിപ്പിച്ചതിന് വിരുദ്ധമായി, ‘ചെമ്പ് തകിടുകള്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍ഫലമായി, ബോര്‍ഡ് തീരുമാനത്തിലും വാതില്‍ പാളികള്‍ ‘ചെമ്പ് പാളികള്‍’ എന്ന് പരാമര്‍ശിക്കപ്പെട്ടു’- ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഈ പൊരുത്തക്കേട് ഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ, ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ പ്രകടമാണ്. എല്ലാ വശങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ബോര്‍ഡിന്റെ തീരുമാനമനുസരിച്ച്, ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

2019 മെയ് 18 ലെ മഹസറില്‍ കണ്ഠരര് രാജീവരര്, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്ക് പുറമേ വാച്ചര്‍ എസ് ജയകുമാര്‍, ഗാര്‍ഡ് പി ജെ രജീഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സുനില്‍ കുമാര്‍ കെ എന്നിവരും ഒപ്പിട്ടിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു, എച്ച് എ ആര്‍ ശങ്കരനാരായണന്‍, തട്ടാന്‍ വി എം കുമാര്‍, എല്‍ ഡി സി ആര്‍ ബിജുമോന്‍, എഇഒ ഡി ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തന്ത്രി, മേല്‍ശാന്തി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് ടി ആസഫ് അലി പറഞ്ഞു. അനാവശ്യ നേട്ടമുണ്ടാക്കാനുള്ള വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ അവര്‍ പാളികളുടെ വിവരണത്തില്‍ മാറ്റം വരുത്തിയെന്നും ആസഫ് അലി ആരോപിച്ചു. മോഷണം, ക്രിമിനല്‍ വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ ചുമത്തപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Oct 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (66310) മെമു എക്സ്പ്രസ് റദ്ദാക്കിയപ്പോള്‍ നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ
1.തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.
2. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503). ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും അധിക സ്റ്റോപ്പ്
3. തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343). ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്
4. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16347). കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്.
ഭാഗികമായി റദ്ദാക്കിയവ
മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും, ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 12ന് പകല്‍ 12.10ന് കൊല്ലത്ത് നിന്നായിരിക്കും പുറപ്പെടുക. കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് (16326) 11ന് രാവിലെ ഏറ്റുമാനൂരില്‍ നിന്നായിരിക്കും പുറപ്പെടുക
വൈകിയോടുന്നവ
കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (66322) 15 മിനിറ്റും, തൂത്തുക്കുടി-പാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ് (16791) 10 മിനിറ്റും വൈകിയോടും.


by Midhun HP News | Oct 11, 2025 | Latest News, കേരളം
കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കം 692 പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ.
എൽഡിഎഫ് പ്രവർത്തകർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരൽ, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചാർത്തിയാണ് കേസ്. സംഘർഷത്തിൽ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പിന്നാലെയാണ് കേസ് വിവരങ്ങൾ പുറത്തു വന്നത്.
പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.
തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.
ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


by Midhun HP News | Oct 11, 2025 | Latest News, കായികം, ജില്ലാ വാർത്ത
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വാം അപ് നടത്താനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്നലെയാണ് താരം സ്റ്റേഡിയത്തിലെത്തി വാം അപ് നടത്തി മടങ്ങിയത്. അർജന്റീന ടീമിന്റെ മത്സരം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് താരമെത്തി ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. വ്യായാമം നടത്തി താരം മടങ്ങിയത് ഓട്ടോയിലായിരുന്നു എന്നതും കൗതുകമായി.
ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള കേരള ടീമിൽ സഞ്ജവും ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന ടീം എലീറ്റ് ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ടീമിന്റെ ആദ്യ പോരാട്ടം 15നു തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. മഹാരാഷ്ട്രയാണ് എതിരാളി.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും സഞ്ജുവുണ്ട്. ടി20 പോരാട്ടങ്ങൾക്കുള്ള ടീമിലാണ് മലയാളി താരമുള്ളത്. ഈ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിലാണ്.
കലൂർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള ചർച്ചയ്ക്കായി കായിക മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലേക്ക് വരുന്നുണ്ടായിരുന്നു. അതിനിടെയാണ് സഞ്ജു ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം നവംബർ 17നാണ് കലൂർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത്. ലോക ചാംപ്യൻമാരുടെ വരവ് പ്രമാണിച്ച് 70 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർമാർ വ്യക്തമാക്കിയിരിക്കുന്നത്.


Recent Comments