by Midhun HP News | Oct 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാന്‍ സ്ഥാനം നല്‍കി സര്‍ക്കാര്‍. എക്‌സൈ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക പദവി.
ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.
2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ ഉത്തരവിലൂടെ എക്സൈസ് അജിത് കുമാറിനെ ബവ്കോ ചെയര്‍മാന്‍ ആയി നിയമിച്ചിരിക്കുകയാണ്.


by Midhun HP News | Oct 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവിതാംകൂർ ദേവസ്വം ബോർഡും, സർക്കാരും ചേർന്ന് ശബരിമലയിലെ സ്വർണ്ണം കവർന്നതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ജ്വാല ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ മഹിളാ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Oct 10, 2025 | Latest News, കേരളം
രാവണന്‍ എഫ്ക്ടില്‍ അമ്പരന്നിരിക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍. 24 വര്‍ഷത്തിന് ശേഷം മംഗലശ്ശേരി നീലകണ്ഠനും മകന്‍ എംഎന്‍ കാര്‍ത്തികേയന്‍ എന്ന കാര്‍ത്തികേയന്‍ മുതലാളിയും വീണ്ടുമെത്തിയിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാവണപ്രഭു. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ, പോപ്പ് കള്‍ച്ചറിന് ഒരുപാട് പ്രയോഗങ്ങള്‍ സമ്മാനിച്ച ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന രാവണപ്രഭുവിന് മലയാളി നല്‍കിയ സ്വീകരണം സമാനതകളില്ലാത്തതാണ്.
പാട്ടിന് പാട്ട്, ആക്ഷന് ആക്ഷന്‍, ഇമോഷന് ഇമോഷന്‍ അങ്ങനെ മാസ് മസാല ചേരുവ ഇത്ര കൃത്യമായി കോര്‍ത്തിണക്കിയ സിനിമകള്‍ അപൂര്‍വ്വമാണ്. അതുകൊണ്ടാകാം രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും മാസിന് ആഘോഷിക്കാന്‍ സാധിക്കുന്ന സിനിമയായി രാവണപ്രഭുവിനെ നിലനിര്‍ത്തുന്നത്. 2001 ല്‍ രാവണപ്രഭു റിലീസാകുമ്പോള്‍ ജനിച്ചിട്ട് പോലുമില്ലാത്തവര്‍, അന്നത്തെ യൂത്തന്മാരായിരുന്ന അച്ഛന്മാര്‍ക്കൊപ്പം, അവരേക്കാള്‍ ആവേശത്തോടെയാണ് കാര്‍ത്തികേയന്‍ കരിമേഘക്കെട്ടഴിക്കുന്നത് കാണാനെത്തുന്നത്.

തിയേറ്ററുകള്‍ക്ക് കാര്‍ത്തിക്കേയനും നീലകണ്ഠനും തീയിടുമ്പോള്‍ ആരാധകര്‍ അന്വേഷിക്കുന്നത് ഒരാളെക്കുറിച്ചാണ്. രാവണനെ പ്രണയിച്ച ജാനകിയെ, രാവണപ്രഭുവിലെ നായിക വസുന്ധര ദാസ്. എവിടെയാണ് വസുന്ധര ദാസ്?
മലയാളിയ്ക്ക് വസുന്ധര ദാസിനെ പരിചയം രാവണപ്രഭുവിലെ നായികയെന്ന നിലയിലാണ്. മമ്മൂട്ടിയുടെ നായികയായി വജ്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. രാവണപ്രഭു നേടിയ സ്വീകാര്യതയും കള്‍ട്ട് സ്റ്റാറ്റസും കാരണം മലയാളിയ്ക്ക് വസുന്ധര ദാസെന്നാല്‍ കാർത്തികേയന്റെ ജാനകിയാണ്.
വളരെ കുറച്ച് കാലം മാത്രമാണ് വസുന്ധര ദാസ് അഭിനയച്ചിട്ടുള്ളത്. 2000 ല്‍ അഭിനയം തുടങ്ങിയ വസുന്ധര ദാസ് 2007 ഓടെ അഭിനയം അവസാനിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ രണ്ട് സിനിമകളേ ചെയ്തുള്ളൂവെങ്കിലും തമിഴിലും ഹിന്ദിയിലുമായി നല്ല കുറച്ച് സിനിമകള്‍ തന്റെ ഫിലിമോഗ്രഫിയില്‍ ചേര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍ ഒരുക്കിയ ഹേ റാമിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ മീര നായരുടെ മണ്‍സൂണ്‍ വെഡ്ഡിങ്, ഇന്നും സിനിമാ സ്‌നേഹികള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ. ശേഷം അജിത്തിനൊപ്പം സിറ്റിസണ്‍ അടക്കം ചില സിനിമകളിലും അഭിനയിച്ചു.
നടിയായ വസുന്ധര ദാസിനെക്കാള്‍ ഗായികയായ വസുന്ധര ദാസ് ആണ് വിജയം കണ്ടെത്തിയത്. ഇന്നും ഡാന്‍സ്ഫ്‌ളോറുകള്‍ക്ക് തീപടര്‍ത്തുന്നതാണ് വസുന്ധര ദാസിന്റെ പാട്ടുകള്‍. മുതല്‍വനിലെ ഷക്കലക്ക ബേബി, റിതത്തിലെ അയ്യോ പത്തിക്കിച്ചു, ഖുഷിയിലെ കട്ടിപ്പുടി കട്ടിപ്പുടി, ലഗാലിനെ ഓരേ ഛോരി, ബോയ്‌സിലെ സരിഗമേ, കല്‍ ഹോ ന ഹോയിലെ ഇറ്റ്‌സ് ടൈം ടു ഡിസ്‌കോ, മേം ഹൂം നയിലെ ഛലേ ജൈസേ ഹവായേന്‍, അന്നിയനിലെ കണ്ണും കണ്ണും, ഇതൊന്നുമില്ലാത്ത എത്ര കോളേജ് പരിപാടികള്‍ ഇന്നും കാണാന്‍ പറ്റും? ഈ പാട്ടുകളിലൂടെ പോപ്പ് കള്‍ച്ചറില്‍ എന്നന്നേക്കുമായി തന്നെ അടയാളപ്പെടുത്തുകയായിരുന്നു വസുന്ധര ദാസ്.
2012 ഓടെ പിന്നണി ഗാന രംഗത്തു നിന്നും വസുന്ധര ദാസ് പൂര്‍ണമായും പിന്‍മാറി. വിവാഹ ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നതോടെ കുറച്ചുനാള്‍ എല്ലാത്തില്‍ നിന്നും വിട്ടു നിന്നുവെങ്കിലും സംഗീതത്തോട് അധികനാള്‍ അകലം പാലിക്കാന്‍ അവര്‍ക്ക് സാധിക്കില്ലായിരുന്നു. വീണ്ടും സംഗീത വേദികളിലേക്ക് വസുന്ധര ദാസ് മടങ്ങിയെത്തി. ഡ്രമ്മറായ ഭര്‍ത്താവ് റോബര്‍ട്ടോ നരെയ്‌നൊപ്പം തങ്ങളുടെ മ്യൂസിക് ബാന്റിന്റെ ഷോകളുമായി സംഗീത ലോകത്ത് തിരക്കിലാണ് വസുന്ധര ദാസ് ഇന്ന്. സംഗീതമാണ് ഇന്ന് തനിക്ക് എല്ലാമെന്നാണ് വസുന്ധര ദാസ് പറയുന്നത്. ഡ്രംജാം എന്ന തങ്ങളുടെ മ്യൂസിക് ബാന്റിനൊപ്പം ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് താരം ഇന്ന്.
രാവണപ്രഭു വീണ്ടും തീയേറ്ററുകളില്‍ ആഞ്ഞടിക്കുമ്പോള്‍, രാവണനെ പ്രണയിച്ച ജാനകിയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സിനിമ കാണാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കമന്റ് ബോക്‌സിലേക്ക് ഒഴുകിയെത്തിയവരെല്ലാം ഒരുപോലെ ചോദിക്കുന്നത്, ഒരിക്കല്‍ കൂടെ വസുന്ധരയെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമോ എന്നാണ്. കാത്തിരിക്കാം ആ തിരിച്ചുവരവിനായി.

by Midhun HP News | Oct 10, 2025 | Latest News, ജില്ലാ വാർത്ത
വർക്കല സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വക്കം ജി വി എച്ച് എസ് എസ് മികച്ച വിജയം നേടി. എച്ച് എസ് വിഭാഗം സയൻസ് മേളയിൽ ഓവറാൾ മൂന്നാംസ്ഥാനവും പൊതുവിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും എച്ച് എസ് ഐ ടി മേളയിൽ ഓവറാൾ മൂന്നാം സ്ഥാനവും പൊതുവിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനവും നേടി. എച്ച് എസ് സയൻസ് വിഭാഗത്തിൽ നിന്നു സയൻസ് മാഗസിൻ ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ് ഇമ്പ്രോവൈസ്ഡ് എക്സ്പീരിമെന്റ് എന്നിവയും ഐ ടി യിൽ നിന്നു പ്രസന്റേഷനും (രചനയും അവതരണവും) ഒന്നാം സ്ഥാനം നേടി തിരുവനന്തപുരം ജില്ലാ മത്സരത്തിലേക്കു സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
യു പി വിഭാഗം സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം നേടി. എച്ച് എസ് എസ് വിഭാഗത്തിൽ ഗണിതം PURE കൺസ്ട്രക്ഷൻ, വർക്ക് എക്സ്പീരിയൻസിൽ ഫാബ്രിക് പെയിന്റ് എന്നിവയും ജില്ലാ മത്സരത്തിലേക്കു യോഗ്യത നേടി.


by Midhun HP News | Oct 10, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതി പ്രകാരം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. 18 /10/ 2025ഇൽ കിളിമാനൂർ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാനകേരളം സംസ്ഥാന ഉപദേഷ്ടാവുമായ ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കും.
തൊഴിൽമേളയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.


by Midhun HP News | Oct 10, 2025 | Latest News, കേരളം
ഡല്‍ഹി: സുപ്രീം കോടതി കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതലേ നല്‍കണമെന്നും, അത് 9 മുതല്‍ 12 വരെ ക്ലാസ്സുകളിലായി മാത്രം ചുരുക്കരുതെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കേസില്‍ പ്രായപൂര്‍ണ്ണമല്ലാത്ത ആണ്‍കുട്ടിയെ സംബന്ധിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം പ്രസ്താവിച്ചത്.
ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന് കോടതി സത്യവാങ്മൂലം തേടിയിരുന്നു. സര്‍ക്കാര്‍ മറുപടി പ്രകാരം 9-12 ക്ലാസ്സുകള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണ്, എന്നാല്‍ കോടിയുടെ നിരീക്ഷണത്തില്‍ ചെറുപ്രായത്തിലെ കുട്ടികള്‍ക്കും ഇത് നല്‍കേണ്ടതായും പ്രഖ്യാപിച്ചു.


Recent Comments