യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് താരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.

ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. ആദ്യ കളിയില്‍ ബാറ്റിങ് പരാജയപ്പെട്ട സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറിയുമായി യശസ്വിക്ക് മികച്ച പിന്തുണ നല്‍കി ക്രീസിലുണ്ട്.

യശസ്വി 106 റണ്‍സുമായും സായ് സുദര്‍ശന്‍ 63 റണ്‍സുമായും ബാറ്റിങ് തുടരുന്നു. ഇന്നും ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. അടുത്ത നാല് ദിവസം ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കിളിമാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

കിളിമാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, കിളിമാനൂർ ആർ.ആർ.വി ഹയർ സെക്കൻ്ററി സ്കൂളുകൾ എന്നിവിടങ്ങളിലായി ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സലിൽ അധ്യക്ഷത വഹിച്ചു. എസ്.കെ.സുനി, വിനോദ്.വി, ജി.കെ.വിജയകുമാർ, ജയകല.ബിബിന്ദു. ആർ.എസ്. മിനി. എസ്. ശോഭ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.നൗഫൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ രഞ്ജിത്ത് എ. ആർ നന്ദിയും പറഞ്ഞു.

മേളയുടെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനവിതരണവും 11-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് നടക്കും. അടൂർ പ്രകാശ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിയ്ക്കും.

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ നിന്നാണ് അപകടം.

ഇന്ന് രാവിലെ 6.30 ഓടെ സംഭവം. രാവിലെ ഭക്ഷണം പാകംചെയ്യാന്‍ വേണ്ടി പോയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായാണ് തീ പടര്‍ന്നത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍: കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ നിന്നാണ് അപകടം.

ഇന്ന് രാവിലെ 6.30 ഓടെ സംഭവം. രാവിലെ ഭക്ഷണം പാകംചെയ്യാന്‍ വേണ്ടി പോയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായാണ് തീ പടര്‍ന്നത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്.

‘മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ല’; നിര്‍ണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

‘മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ല’; നിര്‍ണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിര്‍ണായക ഉത്തരവിറക്കി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.

1950ലെ ആധാര പ്രകാരം ഭൂമി ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്നും അതുകൊണ്ടുതന്നെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ ഹൈക്കോടതി ഭൂമി വഖഫ് ഭൂമിയാണെന്നും അതനുസരിച്ചുള്ള നടപടിയെ പാടൂവെന്നും നിലപാടെടുത്തിരുന്നു.

ജസ്റ്റിസ് സി എഎന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ മുനമ്പത്തെ ഭൂമിയുടെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കമ്മീഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേര്‍ത്തു.

സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീര്‍ണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ദ്വാരപാലക ശില്‍പ്പങ്ങള്‍ മാത്രമല്ല, ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വര്‍ണം പൊതിഞ്ഞിരുന്നു. ഇക്കാര്യം 18-5-2019 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തന്ത്രി, മേല്‍ശാന്തി, വാച്ചര്‍, ഗാര്‍ഡ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷണം നടത്തിയെന്ന് കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയപ്പോള്‍ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം വിജിലന്‍സ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.