ക്വാണ്ടം മെക്കാനിക്കല്‍ കണ്ടുപിടുത്തത്തിന് അംഗീകാരം, ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

ക്വാണ്ടം മെക്കാനിക്കല്‍ കണ്ടുപിടുത്തത്തിന് അംഗീകാരം, ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

സ്റ്റോക് ഹോം: 2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം.

മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികളാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേല്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിംഗ് രംഗത്തെ രണ്ട് അതികായന്‍മാരായ ജോണ്‍ ജെ. ഹെപ്പ്ഫീല്‍ഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024 ലെ ഭൗതിക ശാസ്ത്ര നൊബേല്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്.

കൊച്ചിയിൽ ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് വരുന്നു

കൊച്ചിയിൽ ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് വരുന്നു

നിക്ഷേപ, തൊഴിൽ, ടെക്നോളജി രം​ഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി കേരളം. ആറ് ലക്ഷം പേ‍ർക്ക് തൊഴിൽ സാധ്യത തുറക്കുന്ന വൻപദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിശാല കൊച്ചി വികസന അതോറിട്ടിയും ( ജി സി ഡിഎ) കൊച്ചിയിലെ ഇൻഫോ പാ‍ർക്കും ചേ‍ർന്നാണ് ഈ വൻ നിക്ഷേപ, തൊഴിൽ പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നത്.

ഇ​ന്റ​ഗ്രേറ്റ് എ ഐ ടൗൺഷിപ്പുമായാണ് കേരളം പുതിയ കുതിപ്പിനൊരുങ്ങുന്നത്. 25,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പിന് പ്രതീക്ഷിക്കുന്നത്.

ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടവികസനവുമായി ബന്ധപ്പെട്ടാണ് പദ്ധതി. ഇതിനായി ലാന്‍ഡ് പൂളിങ്ങിലൂടെ 300 ഏക്കര്‍ സ്ഥലം കണ്ടെത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ ലാന്‍ഡ് പൂളിങ് പൂര്‍ത്തിയാക്കും. ലാന്‍ഡ് പൂളിങ്ങിനായി ജി സി ഡി എ (വിശാലകൊച്ചി വികസന അതോറിറ്റി)യും ഇന്‍ഫോപാര്‍ക്കും ധാരണാപത്രം ഒപ്പുവച്ചു. സാദ്ധ്യത പഠനം, പ്രാഥമിക സര്‍വേ, മാസ്റ്റര്‍ പ്ലാൻ, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കും

ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് പദ്ധതിയ്ക്കായി 300 മുതല്‍ 600 ഏക്കര്‍ വരെ സ്ഥലമാണ് വേണ്ടത്. വൻകിട ആഗോള ടെക് കമ്പനികൾ, കേപ്പബിലിറ്റി സെന്ററുകൾ (ജി സി സി) എന്നിവയ്ക്ക് ആകർഷകമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതായിരിക്കും ഇത്.

കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമിയിലെ 75 ശതമാനം വ്യക്തി​ഗത ഉടമസ്ഥരുടെ അംഗീകാരം നേടേണ്ടതുണ്ട്. ലാന്‍ഡ് പൂളിങ് സ്വകാര്യ ഉടമകളുടെ ചെറിയ സ്ഥലങ്ങള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റും. ഐ ടി പാര്‍ക്കുകളും അതുമായി ബന്ധപ്പെട്ട് പൊതുസൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കും.

വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി മൂല്യവര്‍ദ്ധനയോടെ ഭൂവുടമകള്‍ക്ക് തിരികെ നല്‍കും. ഇതിനായി ഭൂവുടമകളെ പദ്ധതിയുടെ നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്തിയായിരിക്കും അവരിൽ നിന്നും ഭൂമി ഏറ്റെടുക്കുക എന്ന് ജി സി ഡി എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുറുന്തിലും പറഞ്ഞു. ഒരുവര്‍ഷത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നേരിട്ട് രണ്ട് ലക്ഷം പേ‍ർക്കും പരോക്ഷമായി നാല് ലക്ഷം പേ‍ർക്കും തൊഴിൽ നൽകുന്ന പദ്ധതിയാണിത്. ഐ ടി സംരംഭങ്ങൾക്കായുള്ള കെട്ടിടങ്ങള്‍ക്ക് പുറമെ, 100 ഏക്കറില്‍ ടൗണ്‍ഷിപ്പ്, പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,കായിക, സാംസ്‌ക്കാരിക സംവിധാനങ്ങള്‍ ഷോപ്പിങ് മാളുകള്‍, ആംഫി തിയേറ്റര്‍, ആധുനിക ആശുപത്രി, പൊതുയിടങ്ങൾ, എന്നിവ ഇതിലുണ്ടാകും.

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ഇതുവരെ വിവിധ ജില്ലകളിലായി നിരവധി ഐടി പാർക്കുകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ ആ​ഗോള കമ്പനികൾ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ജില്ലകളിലിലെ ടെക്നോ,ഇൻഫോ പാർക്കുകളിൽ അവരുടെ ക്യാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്.

ടെക്നോളജി രം​ഗത്തെ ഭാവി വികസനത്തെ മുൻകൂട്ടികണ്ടുകൊണ്ടും കേരളത്തിലേക്ക് മനുഷ്യവിഭവശേഷിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടി ഉപയോ​ഗിച്ചുകൊണ്ട് കേരളത്തിലേക്ക് വൻ തോതിൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിൽ രം​ഗത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാ​ഗമാണ് ഇ​ന്റ​ഗ്രേറ്റഡ് എ ഐ ടൗൺഷിപ്പ് ലക്ഷ്യമിടുന്നത്.

നിലവിൽ ഇൻഫോ പാ‍ർക്കുമായി ബന്ധപ്പെട്ട് 582 കമ്പനികൾ പ്രവ‍ർത്തിക്കുന്നു. ഇവയിൽ 72,000ത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. 11.417 കോടി രൂപയുടെ കയറ്റുമതിയാണ് ഐടി മേഖലയിൽ നിന്ന് നടത്തിയിട്ടുള്ളത്.

‘ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കൊണ്ടുപോയി’; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

‘ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കൊണ്ടുപോയി’; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുതരവീഴ്ച വരുത്തി റിപ്പോര്‍ട്ട് നല്‍കിയതിനാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വര്‍ണപ്പാളി വിവാദത്തില്‍ എടുക്കുന്ന ആദ്യനടപടിയാണിത്.

ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് മൂരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. താനൊരു ഉദ്യോഗസ്ഥനാണ്. നടപടി പൂര്‍ണമായി അനുസരിക്കുന്നു. മുപ്പത് വര്‍ഷമായി ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ഇന്നുവരെ നിയമവിധേയമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൂരാരി ബാബു ആവര്‍ത്തിച്ചു. ചെമ്പുപാളിയായതുകൊണ്ടാണ് അങ്ങനെ എഴുതിയത്. തന്റെ കണ്ണുകളെ വിശ്വസിച്ചാണ് എഴുതിയതെന്നും ശ്രീകോവിലിന്റെ കട്ടിളപ്പാളികളും അത്തരത്തില്‍ കൊണ്ടുപോയെന്നും മൂരാരി ബാബു പറഞ്ഞു.

ശബരിമലയില്‍ സ്വര്‍ണ്ണം പൂശാനായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് ‌മുരാരി ബാബു ആവർത്തിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശാന്‍ തീരുമാനിച്ചത്. സ്വര്‍ണ്ണം മങ്ങി ചെമ്പു തെളിഞ്ഞുവെന്ന് തന്ത്രി പറഞ്ഞു. ദ്വാരപാലക ശില്‍പ്പങ്ങളില്‍ ചെറിയ ശതമാനം സ്വര്‍ണമാണ് പൂശിയിരുന്നത്. എല്ലായിടത്തും ഒരുപോലെ സ്വര്‍ണം പൊതിഞ്ഞിരുന്നില്ല. മേല്‍ക്കൂരയില്‍ മാത്രമാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും സ്വര്‍ണം പൂശുകയാണ് ചെയ്തത്. അതുകൊണ്ടാണ് ചെമ്പു തെളിഞ്ഞത്. കൈമാറിയത് അടിസ്ഥാനപരമായി ചെമ്പു പാളി തന്നെയാണ്. അതുകൊണ്ടാണ് മഹസറില്‍ അങ്ങനെ രേഖപ്പെടുത്തിയത്. എന്നാല്‍ ആ മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.

സ്വര്‍ണ്ണപ്പാളി കൈമാറുമ്പോള്‍ താന്‍ ചുമതലയില്‍ ഇല്ലായിരുന്നു. 2019 ജുലൈ 16ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തിരുവഭാരണ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ വന്ന് പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കി എടുത്തുകൊണ്ട് പോകുന്നതെന്ന് മുരാരി ബാബു പറഞ്ഞു.അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാനാവില്ല. വിവരങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോള്‍ മാത്രമാണ്. 2019ല്‍ സ്വര്‍ണം പൂശിയപ്പോള്‍ 40 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നുവെന്നും മുരാരി ബാബു പറഞ്ഞു.

സീരിയൽ സിനിമ നടൻ വർക്കല സ്വദേശി ജനാർദ്ദനപുരം ജയശ്ചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു

സീരിയൽ സിനിമ നടൻ വർക്കല സ്വദേശി ജനാർദ്ദനപുരം ജയശ്ചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു

വർക്കല: സീരിയലുകളിലും സിനിമയിലുമൂടെ ശ്രദ്ധ നേടിയ വർക്കല ജനാർദ്ദനപുരം സ്വദേശി ജയചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു. ‘സൈന്യം’ എന്ന ജോഷി ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ നായർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചില സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ജീവിതോപാധിയായി പിക്കപ്പ് വാഹനം ഓടിച്ച് ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.

‘രാത്രിയില്‍ ഭാര്യ പാമ്പായി മാറി കടിക്കാനായി ഓടിച്ചിട്ടു’; വിചിത്രവാദം

‘രാത്രിയില്‍ ഭാര്യ പാമ്പായി മാറി കടിക്കാനായി ഓടിച്ചിട്ടു’; വിചിത്രവാദം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയ്‌ക്കെതിരെ വിചിത്രവാദവുമായി ഭര്‍ത്താവ്. രാത്രിയില്‍ ഭാര്യ പാമ്പായി മാറി തന്നെ കടിക്കാന്‍ ശ്രമിച്ചതായാണ് ഭര്‍ത്താവിന്റെ ആരോപണം. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍.

സീതാപൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ജനങ്ങളുടെ പരാതികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കുന്ന വേളയില്‍ മഹ്മൂദാബാദ് പ്രദേശത്തെ ലോധ്‌സ ഗ്രാമവാസിയായ മെരാജ് ആണ് ഭാര്യയ്‌ക്കെതിരെ വിചിത്ര വാദം ഉന്നയിച്ചത്. ‘സര്‍, എന്റെ ഭാര്യ നസീമുന്‍ രാത്രിയില്‍ ഒരു പാമ്പായി മാറി എന്നെ കടിക്കാനായി ഓടിച്ചിട്ടു’- മെരാജ് പറഞ്ഞു.

‘ഭാര്യ എന്നെ പലതവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും കൃത്യസമയത്ത് ഉണര്‍ന്നതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ സാധിച്ചു. എന്റെ ഭാര്യ എന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഞാന്‍ ഉറങ്ങുമ്പോള്‍ ഏത് രാത്രിയില്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം’- മെരാജ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ മെരാജിന്റെ വിചിത്രവാദം വ്യാപകമായാണ് പ്രചരിക്കുന്നത്. ‘നിങ്ങള്‍ ഒരു മൂര്‍ഖനായി മാറും’- എന്ന തരത്തില്‍ നിരവധി പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും പൊലീസിനോടും വിഷയം അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാനസിക പീഡനത്തിന് സാധ്യതയുള്ള ഒരു കേസായി ഇതിനെ കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ശബരിമല: അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാറ്റണം, ഉള്‍പ്പെടുത്തിയത് ഉന്നതരെ ഊരിയെടുക്കാനെന്ന് ശശികല

ശബരിമല: അന്വേഷണ സംഘത്തിലെ രണ്ടു പേരെ മാറ്റണം, ഉള്‍പ്പെടുത്തിയത് ഉന്നതരെ ഊരിയെടുക്കാനെന്ന് ശശികല

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. പ്രത്യേക അന്വേഷണ ടീമിലുള്ള അനീഷും ബിജു രാധാകൃഷ്ണനും നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയവര്‍ മന:പൂര്‍വം ഇത് മറച്ചുവെച്ചതാകാം- ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്തിനെപ്പറ്റിയാണോ അന്വേഷിക്കുന്നത്, അതിനാധാരമായ ക്രമക്കേടുകള്‍ അരങ്ങേറിയ കാലഘട്ടത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായവരെ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന് സംശയിക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉന്നതരെ കേസില്‍ നിന്നും ഊരിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ അനീഷിനെയും ബിജുവിനെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെ കാണാനാവൂ.

ഹൈക്കോടതി സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ രണ്ട് പേരെയും സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നും അടിയന്തരമായും മാറ്റണമെന്ന് ശശികല ആവശ്യപ്പെട്ടു. അനില്‍ നമ്പ്യാര്‍ക്ക് കടപ്പാടോടെയാണ് ശശികലയുടെ കുറിപ്പ്. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കോപ്പിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.