by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജലസംഭരണികളില്‍ നിര്‍ബന്ധമായും ക്ലോറിനേഷന്‍ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങി കുളിക്കരുത്, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം, ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററില്‍ നടത്തിപ്പുകാര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണം, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷന്‍ നടത്തണം, ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം, ജലസ്രോതസ്സുകളില്‍ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം എന്നിവ ഉള്‍പ്പെടെയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പബ്ലിക് ഓഫീസര്‍മാര്‍ ആഴ്ചതോറും സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


by Midhun HP News | Sep 23, 2025 | Latest News, കേരളം
ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയില്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫന്‍ഡറുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്‍റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലും സംഘം പരിശോധനയ്ക്കെത്തി.

അഞ്ചു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റുവെന്നും ഇതില്‍ 11 എണ്ണം കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് പരിശോധന.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരില്‍ നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കേസില്‍ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളാണെന്നും, ഗുണ്ടാസംഘത്തില്‍ പെട്ടവരാണെന്നും പൊലീസ് സൂചിപ്പിച്ചു.


by Midhun HP News | Sep 23, 2025 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെയുള്ള മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതിന് പിന്നാലെ വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാന്‍ പോകുന്നതെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയോടെ മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നത്. വെള്ളിയാഴ്ചയോടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് ശനിയാഴ്ചയോടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വയറില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പൊലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു രാവിലെയും സംഘര്‍ഷമുണ്ടായതെന്നാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.



by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റര്‍ ഡ്രാഫ്റ്റ് ഉള്ള കപ്പല്‍ ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തത്.

17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളില്‍ 30 എണ്ണം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍സ് ആണ്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു.

ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 500 കപ്പലുകള്‍ എന്ന് തുറമുഖമന്ത്രി വിഎന്‍ വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Recent Comments