by Midhun HP News | Sep 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (21/09/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്‍പറേഷന്‍ വികസന സദസ്സും തിങ്കള്‍ രാവിലെ 9.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
ഒക്ടോബര്‍ 20വരെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസുകള്‍. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിടുന്നു. പഞ്ചായത്തുകളില്‍ 250 -350 പേരും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 750 -1,000 പേരും പങ്കാളികളാകും.
ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും. തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സദസ്സില്‍ പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍, തുടങ്ങിയവയില്‍ പങ്കാളികളായവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ ഓപ്പണ്‍ ഫോറവുമുണ്ടാകും.
by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29നാണ് പൂജ വയ്ക്കേണ്ടത്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങൾ 11 ദിവസവുമായി മാറുന്നത്. ഒക്ടോബർ രണ്ടിനാണ് വിദ്യാരംഭം.


by Midhun HP News | Sep 22, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ ‘ബംപര്‍’ വിലക്കുറവാണ് ഉണ്ടാകുക. ഒട്ടുമിക്ക കമ്പനികളും ജിഎസ്ടി ഇളവിനു പുറമേ, ഉത്സവകാലം പ്രമാണിച്ച് വന്‍ ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 700ഓളം ഉല്‍പന്ന പാക്കുകളുടെ വിലയാണ് അമുല്‍ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു.

5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉണ്ടായിരുന്നത്. ഇന്നുമുതല്‍ മുതല്‍ 5% (മെറിറ്റ്), 18% (സ്റ്റാന്‍ഡേര്‍ഡ്) സ്ലാബുകള്‍ മാത്രം. ആഡംബര ഉല്‍പന്ന/സേവനങ്ങള്‍ക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉല്‍പന്നങ്ങള്‍ക്കുമായി (സിന്‍) 40% എന്ന പ്രത്യേക സ്ലാബുമുണ്ട്. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ജനങ്ങളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളര്‍ച്ച ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം.

ജിഎസ്ടി സേവിങ് ഉത്സവം അത്മനിര്‍ഭര്‍ ഭാരത്തിലേക്കുള്ള യാത്രയുടെ സുപ്രധാന ചുവടാണെന്നും മോദി പറഞ്ഞു. ജിഎസ്ടിയിലൂടെ നികുതി ഘടന ലഘൂകരിക്കപ്പെട്ടു. നേരത്തെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് സാധനങ്ങള്‍ കൊണ്ട് പോകുമ്പോള്‍ നികുതി നല്‍കേണ്ടി വന്നിരുന്നു. പല തരത്തിലുള്ള നികുതികള്‍ നില നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നും മോദി അവകാശപ്പെട്ടു.രാജ്യത്തെ മധ്യ വര്‍ഗത്തിനും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കുകള്‍ വലിയ മാറ്റം കൊണ്ടുവരും. രാജ്യത്തെ സമസ്തമേഖലയ്ക്കും പരിഷ്‌കണം ഉണര്‍വ് നല്‍കും മോദി പറഞ്ഞു.
നൂറിലധികം ഉത്പന്നങ്ങളുടെ വില കുറച്ച് മില്‍മ
ചരക്ക് സേവന നികുതിയുടെ പരിഷ്‌കരണത്തിന് പിന്നാലെ മില്‍മ ഉത്പന്നങ്ങള്‍ക്കും വിലകുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് സംഭവിക്കുകയെന്ന് മില്‍മ അധികൃതരർ അറിയിച്ചു. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണ് ഉണ്ടാവുക. ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. പുതിയ നിരക്കുകൾ മില്‍മ അധികൃതർ പങ്കുവച്ചു.
ജിഎസ്ടി നിരക്കില്‍ മാറ്റം വന്നതോടെ മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവില്‍ 720 രൂപ വിലയുള്ള നെയ്യ് 675 രൂപയായി കുറയും. അരലിറ്റര്‍ നെയ്യിന് 370 രൂപയില്‍ നിന്നും 25 രൂപ കുറഞ്ഞ് 345 രൂപയാകും. നെയ്യിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതാണ് വിലയിലെ മാറ്റത്തിന് കാരണം.
400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 240 രൂപയായിരുന്നു നേരത്തെ ഇതിന്റെ വില. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. പനീറിനെ ജിഎസ്ടി നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. മില്‍മ ഐസ്‌ക്രീമിന്റെ വിലയിലും മാറ്റം വരും. ഐസ്‌ക്രീം ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഫ്‌ളേവേര്‍ഡ് പാലിന്റെ നികുതിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്ന യുച്ച്ടി പാലിന്റെ നികുതി ഒഴിവാക്കുകയും ചെയ്തതിന്റെ ഗുണവും വിലയില്‍ പ്രതിഫലിക്കും.
by Midhun HP News | Sep 22, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് ശനിയാഴ്ചത്തെ 82,240 എന്ന റെക്കോര്‍ഡ് തിരുത്തിയത്. ഇന്ന് 82,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 10,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.

യുഎസ് പലിശ നിരക്ക് കുറച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഇടിവിന് കാരണമായത്. എന്നാല്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു.

by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
ദേശീയപാതയിൽ മംഗലപുരം തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ വെള്ളറട സ്വദേശികളായ ഡ്രൈവർ രതീഷിനും ക്ലീനർ അഖിലിനും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണം എന്നാണ് അറിയുന്നത്.



Recent Comments