by Midhun HP News | Sep 21, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ വീണ്ടും രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ആന്‍ഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 22 -ഓടെ ഇത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമായി ഇത് രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമല ദ്വാരാപലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽ നിന്നു സന്നിധാനത്തു തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. സ്വർണപ്പാളികൾ തീരുമാനമാകുന്നതു വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. അറ്റകുറ്റപ്പണികൾക്കായി കൊണ്ടു പോയി ഒരു മാസത്തിനു ശേഷമാണ് ഇവ സന്നിധാനത്ത് തിരിച്ചെത്തിച്ചത്.

കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ കോടതി ഇടപെട്ടു. അന്വേഷണത്തിനു ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി. അതിനാൽ കോടതി അനുമതിയോടെയായിരിക്കും തുടർ നടപടികൾ. തന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ശുദ്ധികലശം ചെയ്തു പ്രത്യേക പൂജകളോടെയായിരിക്കും സ്വർണപ്പാളി തിരികെ സ്ഥാപിക്കുക.


by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: വിമർശനങ്ങൾ വരുമെന്നും അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല താനെന്നും നടൻ മോഹൻലാൽ. ദാദാ സാഹിബ് പുരസ്കാരം ലഭിച്ചതിൽ നന്ദി പറയാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. “വിമർശനങ്ങൾ വരും, അത് തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ. സിനിമ വിജയിക്കും പരാജയപ്പെടും.

സിനിമ ഒരു വിഷ്യസ് സർക്കിളാണ്, ഒരു മാജിക് ആണ്. നമുക്ക് അതിനേക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല. സിനിമ വിജയിച്ചാൽ അത് ഭയങ്കരമായിട്ട് ആഘോഷിക്കപ്പെടും. ഒരു സിനിമ മോശമായാൽ താഴേക്ക് വരും. അത് പ്രത്യേകതരം ഒരു സൈക്കിളാണ്. അതിനകത്ത് 48 വർഷം നിൽക്കുക എന്ന് പറയുന്നത് ഒരു വലിയ സർക്കസ് ആണ്.
വളരെ വിദഗ്ധമായിട്ട് നമ്മളെ താങ്ങി നിർത്താൻ ഒരുപാട് പേരുണ്ട്. നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഒരു ആർട്ടിസ്റ്റിന് നല്ല സിനിമകൾ ഉണ്ടാകണമെന്ന് പറയുന്നത്. തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ട് മാറി. വളരെ വിജയമായ ഒരു സിനിമയാണ്. എംപുരാൻ, ഹൃദയപൂർവം അങ്ങനെ.
ഇനി വരാനിരിക്കുന്ന സിനിമകൾ വലിയ മഹത്തരമായ സിനിമകളാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതിലും ഇത്തരം നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാനേ പറ്റുകയുള്ളൂ. ഞാനൊരുപാട് സ്വപ്നം കാണുന്ന ഒരാളല്ല. കാരണം പിന്നെ അത് കിട്ടിയില്ലെങ്കിൽ സങ്കടമാകും. വളരെ കുറച്ച് മാത്രം സ്വപ്നം കാണുന്ന ആളാണ് ഞാനും. എനിക്ക് കിട്ടുന്ന കാരക്ടർ നന്നായി ചെയ്യാൻ ശ്രമിക്കും.

നന്നായി ചെയ്യുമെന്ന് ഞാൻ പറയില്ല. ആ ശ്രമം സക്സസ് ആയാൽ നിങ്ങൾ സ്വീകരിക്കും. നമ്മളെ സഹായിക്കാൻ ഒരുപാട് പേര് വേണം. തനിച്ചൊരു സിനിമ ചെയ്യാൻ പറ്റില്ല. അത്തരം നല്ല സിനിമകളുണ്ടാകാൻ പ്രാർഥിക്കും. അതിന് വേണ്ടി ഒരു കൂട്ടായ ശ്രമത്തിന്റെ ഭാഗമാകാൻ ഞാൻ തയ്യാറാണ്. എനിക്ക് ഈ ജോലി അല്ലാതെ വേറൊന്നും അറിയില്ല. മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി. ആ ബഹുമതിയുള്ള പേര് ചീത്തയാക്കാതെ പോവുക എന്നേയുള്ളൂ.- മോഹൻലാൽ പറഞ്ഞു.

by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് അമീബിക് മസ്തിഷ്ക്ക ജ്വരം പ്രതിരോധ ക്യാമ്പയിൻ നടത്തി. 100 വീടുകളിലാണ് ക്യാമ്പയിൻ നടത്തിയത്. സി പി എം മുദാക്കൽ മേഖല സെക്രട്ടറി ദിനേശ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി, ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് സെക്രട്ടറി അനന്ദു, ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് പ്രസിഡന്റ് ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Sep 21, 2025 | Latest News, ദേശീയ വാർത്ത
ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാതായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം അറിയിച്ചു. ദുബൈയിൽ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഷാർജ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതായി മാതാപിതാക്കൾ അറിയിച്ചു.
ഔദ് മേത്ത എന്ന സ്ഥലത്ത് യുവതിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളിൽ യുവതിയുടെ ചിത്രം നൽകിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു. ഉടൻ തന്നെ പ്രദേശവാസികൾ റിതികയെ തടഞ്ഞു വെയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തി കൂട്ടി കൊണ്ട് പോകുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

മൂന്ന് മാസം മുൻപാണ് റിതികയും കുടുംബവും ദുബൈയിൽ നിന്ന് ഷാർജയിലേക്ക് താമസം മാറിയത്. അന്ന് മുതൽ ഔദ് മേത്തയിൽ താൻ പഠിച്ചിരുന്ന സ്കൂളിൽ പോകണമെന്ന് യുവതി ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുടുംബം ഈ ആവശ്യം ഗൗരവമായി എടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം അബു ഷഗാരയിലെ ഒരു ക്ലിനിക്കിൽ സഹോദരനോടൊപ്പം പോയപ്പോഴാണ് 22 കാരിയായ റിതിക സുധീർ പഴയ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്. അനിയനെ ക്ലിനിക്കിൽ ആക്കിയ ശേഷം പിൻവാതിലിലൂടെ റിതിക പുറത്ത് കടന്നു. ബസ്സിലും തുടർന്ന് ദുബൈ മെട്രോയിലും കയറി കുട്ടി സ്കൂളിലെത്തി. അവിടെ വെച്ചാണ് നാട്ടുകാർ റിതികയെ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്‍തത്. റിതികയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും രീതികളുടെ കുടുംബം നന്ദി പറഞ്ഞു.

by Midhun HP News | Sep 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്.

രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിട്ടു. കാട്ടാന ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലാണ് എത്തിച്ചത്. ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജിതേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്രന്‍ കൊല്ലത്ത് ആണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വന്ന് തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജിതേന്ദ്രൻ അപകടനില തരണം ചെയ്തയായി മെഡിക്കൽ കോളജ് ആശുപത്രി അറിയിച്ചു.

വല്ലപ്പോഴും കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. എന്നാല്‍ ആദ്യമായാണ് പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

Recent Comments