by Midhun HP News | Sep 20, 2025 | Latest News, കേരളം
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. രാവിലെ 9.30ന് തുടങ്ങുന്ന സംഗമത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകല്‍ 12 മുതല്‍ വിവിധ വേദികളില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളില്‍ ഒരേസമയം ചര്‍ച്ചനടക്കും. പകല്‍ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ 500 പേരും പങ്കെടുക്കും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാസ് മുഖേനെയാണ് പ്രവേശനം.

by Midhun HP News | Sep 20, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 82080 എന്ന നിലയിലേക്കും വില ഉയര്‍ന്നിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി വിലയില്‍ ഇടിവ് നേരിട്ടെങ്കിലും വെള്ളിയാഴ്ച വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. ഇന്നത്തെ വര്‍ധനയോടെ ഈ മാസത്തെ ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.


by Midhun HP News | Sep 20, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് മരിച്ചത്. ജേഷ്ഠ സഹോദരന്‍ രാജുവാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ വര്‍ഗീസിന്റെ വീട്ടില്‍ എത്തിയായിരുന്നു രാജു ആക്രമണം നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക വ്യവസായിയായ വര്‍ഗീസില്‍ നിന്നും മദ്യപാനിയായ രാജു പലപ്പോഴും പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഇന്നലെയും സംഭവം ഉണ്ടായി. ഇതിന് പിന്നാലെയാണ് രാത്രി വീട്ടിലെത്തിയ രാജു വര്‍ഗീസിനെ ആക്രമിച്ചത്.

വര്‍ഗീസ് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് രാജു വീട്ടിലെത്തിയത്. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ വര്‍ഗീസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണം നടത്തിയ രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

by Midhun HP News | Sep 19, 2025 | Latest News, കേരളം
കൊച്ചിയിൽ ബസ് ഡ്രൈവർ ബസ് കാത്തു നിന്നയാളെ ആക്രമിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെയായിരുന്നു ആക്രമണം. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സൂര്യ കണക്ട് എന്ന ബസിലെ ഡ്രൈവറാണ് ബസ് കാത്തു നിന്നയാളെ ആക്രമിച്ചത്. മർദ്ദനത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു.

എറണാകുളം കളമശ്ശേരിയിൽ വച്ചാണ് സംഭവം. ബസ് കാത്തു നിന്നയാളെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് ഡ്രൈവർ ലിവർ എടുത്ത് ഇയാളെ അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ബസ് തടഞ്ഞു. ഡ്രൈവറെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബസിനും ചുറ്റും കൂടി.

തുടർന്ന് ബസിന് നേരെ നാട്ടുകാർ ആക്രമണം നടത്തി. സംഭവം കൈവിട്ടതോടെ കളമശ്ശേരി പൊലീസും സ്ഥലത്തെത്തി. ആദ്യം ബൈക്ക് യാത്രക്കാരനെയാണ് ഡ്രൈവർ ആക്രമിച്ചതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ എഫ്ഐആറിലാണ് ആക്രമിച്ചത് ബസ് കാത്തിരുന്ന ആളെയാമെന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

by Midhun HP News | Sep 19, 2025 | Latest News, കേരളം
കൊച്ചി: പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാഥാര്‍ഥ്യമായാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായി ഇത് മാറും. മൂന്ന്, നാല് ഘട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഐപിഒയുമായി മുന്നോട്ട് പോകാനാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കകം ഐപിഒ അവതരിപ്പിക്കാനാണ് ഇന്‍ഫോപാര്‍ക്ക് പദ്ധതിയിടുന്നത്. ഐപിഒ റോഡ് മാപ്പിന്റെ ഭാഗമായി, ഇന്‍ഫോപാര്‍ക്കിനെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇതുവരെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നിരുന്നാലും, ഭാവി സംരംഭങ്ങള്‍ക്ക് ആവശ്യമായ വഴക്കം ഈ ഘടന ഞങ്ങള്‍ക്ക് നല്‍കുന്നില്ല. ഐടി പാര്‍ക്കുകള്‍ ചാരിറ്റബിള്‍ സൊസൈറ്റികളല്ല എന്ന നിലപാട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പോലും വളരെക്കാലമായി സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍, ഇന്‍ഫോപാര്‍ക്കിനെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് അടിയന്തര നടപടി. കൂടാതെ, സംയുക്ത സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിന് ഒരു കമ്പനി ഘടന ആവശ്യമാണ്. ഭാവിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, അതിന് ഒരു കോര്‍പ്പറേറ്റ് ഘടന ആവശ്യമായി വരും. ഒരു കോര്‍പ്പറേറ്റ് ഘടനയിലേക്കുള്ള മാറ്റം നികുതിയില്‍ അനുകൂല സാഹചര്യം ഒരുക്കും.’ – ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ പറഞ്ഞു.
‘അതേസമയം, ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനം പ്രതീക്ഷിക്കുന്ന 300 ഏക്കറിനപ്പുറം വളരും. ഇതിന് ഏകദേശം 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തേക്കാം. 2030 ഓടെ മൂന്നാം ഘട്ട വികസനത്തിന്റെ പകുതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാക്കോ കേബിള്‍ കമ്പനിയുടെ ഭൂമിയില്‍ വരുന്ന നാലാം ഘട്ട വികസനം പ്രാരംഭത്തിലുള്ള തടസങ്ങളില്‍ നിന്ന് പുറത്തുകടക്കും. മൂന്നാം ഘട്ടത്തിന്റെ കാര്യത്തില്‍, ഭൂമി പൂളിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,’- ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ പറഞ്ഞു.

ഐപിഒ ഇന്‍ഫോപാര്‍ക്കിന് ഗുണം ചെയ്യുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി ജെ ജോര്‍ജ് പറഞ്ഞു. ”ഭാവിയില്‍ അത്തരം പദ്ധതികള്‍ ഉണ്ടെങ്കില്‍ അത് ഐടി പാര്‍ക്കിന്റെ വികസനത്തിനുള്ള ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കും. എന്നിരുന്നാലും, വിപണി ശ്രദ്ധ നേടുന്നതിന്, സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ താഴെയാക്കി നിര്‍ത്തേണ്ടി വരും”- അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ ലാഭം 20.74 കോടിയാണ്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 13.15 കോടി രൂപയായിരുന്നു. ക്രിസില്‍ റേറ്റിങ് അനുസരിച്ച് ഇന്‍ഫോപാര്‍ക്കിന് സ്റ്റേബിള്‍ റേറ്റിങ് ആണ് ഉള്ളത്. 2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഫോപാര്‍ക്കില്‍ 582ലധികം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 70000ല്‍ പരം ഐടി പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. 9.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

by Midhun HP News | Sep 19, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ, മേഖലകൾക്ക് സെപ്റ്റംബർ 23 അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂളുകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. “നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്” എന്ന സന്ദേശമാണ് ഇത്തവണത്തെ ദേശീയ ദിനത്തിൽ സൗദി മുന്നോട്ട് വെയ്ക്കുന്നത്. അവധി ദിനം പ്രമാണിച്ച് വൻ ഡിസ്‌കൗണ്ടുകളാണ് രാജ്യത്തെ വ്യപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെയാണ് സ്ഥാപനങ്ങൾക്ക് ഡിസ്കൗണ്ട് നൽകാമെന്നും ഇതിനായി പ്രത്യേക ലൈസൻസ് നേടണമെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
1965- ൽ ഫൈസൽ രാജാവിന്റെ കാലത്താണ് ദേശീയ ദിനം ആദ്യമായി ആഘോഷിച്ചത്, 2005 ൽ അബ്ദുള്ള രാജാവിന്റെ കാലത്ത് പ്രത്യേക ഉത്തരവിലൂടെ ഈ ദിവസം എല്ലാ വർഷവും അവധി നൽകാൻ തീരുമാനിക്കുക ആയിരുന്നു. സൗദിയുടെ ഓരോ ദേശീയ ദിനത്തോടനുബന്ധിച്ചും പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ സൗദി അറേബ്യ നടപ്പിലാക്കുന്ന ‘വിഷൻ 2030’ ന്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Recent Comments