ധ്രുവ് ജുറേലിന് പിന്നാലെ സെഞ്ച്വറിയടിച്ച് ദേവ്ദത്ത് പടിക്കലും; തിരിച്ചടിച്ച് ഇന്ത്യ

ധ്രുവ് ജുറേലിന് പിന്നാലെ സെഞ്ച്വറിയടിച്ച് ദേവ്ദത്ത് പടിക്കലും; തിരിച്ചടിച്ച് ഇന്ത്യ

ലഖ്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തില്‍ ഓസീസ് സ്‌കോറിനരികെ ഇന്ത്യ. ധ്രുവ് ജുറേലിനു പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലും കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. താരം 150 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ നാലാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 520 റണ്‍സെന്ന നിലയില്‍. ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇനി 12 റണ്‍സ് കൂടിയാണ് ഇന്ത്യയ്ക്ക് വേണ്ടത്. ചതുര്‍ദിന പോരാട്ടമായതിനാല്‍ ഇന്ന് കളി അവസാനിക്കും. മത്സരം സമനിലയില്‍ പിരിയും.

നാലാം ദിനമായ ഇന്ന് ധ്രുവ് ജുറേലാണ് ആദ്യം പുറത്തായത്. താരം 197 പന്തില്‍ 5 സിക്‌സും 13 ഫോറും സഹിതം 140 റണ്‍സ് കണ്ടെത്തി. പിന്നാലെ 16 റണ്‍സെടുത്ത് തനുഷ് കോടിയനും മടങ്ങി. ദേവ്ദത്ത് 281 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും സഹിതമാണ് 150 റണ്‍സ് കണ്ടെത്തിയത്.

നേരത്തെ ഓപ്പണര്‍ എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മറ്റൊരു ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ 44 റണ്‍സും കണ്ടെത്തി.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. താരം 8 റണ്‍സുമായി മടങ്ങി.

നേരത്തെ സാം കോണ്‍സ്റ്റാസ് (109), ജോഷ് ഫിലിപ്പ് (പുറത്താകാതെ 123) എന്നിവരുടെ സെഞ്ച്വറിയും മൂന്ന് താരങ്ങളുടെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. കാംപല്‍ കെല്ലവെ (88), കൂപര്‍ കോണോലി (70), ലിയാം സ്‌ക്കോട്ട് (81) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുര്‍ണൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമദ് ഒരു വിക്കറ്റ് സ്വന്തമാക്കി.

പരീക്ഷയോ അഭിമുഖമോ ഇല്ല, റെയിൽവേയിൽ അപ്രന്റീസ് ആകാം; 1763 ഒഴിവുകൾ

പരീക്ഷയോ അഭിമുഖമോ ഇല്ല, റെയിൽവേയിൽ അപ്രന്റീസ് ആകാം; 1763 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ആയി ജോലി നേടാൻ അവസരം. നോർത്ത് സെൻട്രൽ റെയിൽവേ ഡിവിഷനിൽ വിവിധ ട്രേഡുകളിലായി 1763 ഒഴിവുകളാണ് ഉള്ളത്.

പരീക്ഷയോ അഭിമുഖമോ ഇല്ലാതെയാണ് നിയമനം നടത്തുന്നത്. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. എൻ സി വി ടി അല്ലെങ്കിൽ എസ്‌ സി വി ടി അംഗീകരിച്ച ഏതെങ്കിലും ട്രേഡിൽ ഐ ടി ഐ പാസായിരിക്കണം. 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. പ്രായപരിധിയിൽ സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

അപേക്ഷ ഫീസ് ജനറൽ,ഒബിസി,ഇ ഡബ്ല്യൂ എസ് എന്നി വിഭാഗത്തിൽ ഉള്ളവർക്ക് 100 രൂപ. സ്ത്രീകൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും അപേക്ഷ ഫീസ് നൽകേണ്ട. പ്രയാഗ്രാജ്, ആഗ്ര, ഝാൻസി ഡിവിഷനുകൾ & ഝാൻസി വർക്ക്ഷോപ്പിലുമാകും നിയമനം ലഭിക്കുക. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈഫൻഡ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.rrcpryj.org/.

വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു

വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു

വെഞ്ഞാറമൂട്: വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 11 കുട്ടികൾക്ക് നിസാര പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസിൽ 15 കുട്ടികൾ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവ‍‍ർത്തനം നടത്തി. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. വണ്ടി തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 560 രൂപ കുറഞ്ഞ സ്വര്‍ണവില നേരിയ വര്‍ധനയോടെ തിരിച്ചുകയറി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 81,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ ഉയര്‍ന്നു. 10,205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നലെയും ബുധനാഴ്ചയുമാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 82,080 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

പുതുക്കിയ വിലയേ ഈടാക്കാവൂ, പഴയ വില രേഖപ്പെടുത്തിയ പാക്കറ്റ് മാര്‍ച്ച് 31 വരെ ഉപയോഗിക്കാം; ഇളവുമായി കേന്ദ്രം

പുതുക്കിയ വിലയേ ഈടാക്കാവൂ, പഴയ വില രേഖപ്പെടുത്തിയ പാക്കറ്റ് മാര്‍ച്ച് 31 വരെ ഉപയോഗിക്കാം; ഇളവുമായി കേന്ദ്രം

ഡല്‍ഹി: പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്പനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. പക്ഷേ പുതുക്കിയ വില മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്രം അറിയിച്ചു.

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്പനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. പക്ഷേ പുതുക്കിയ വില മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്രം അറിയിച്ചു.

ആവശ്യമെങ്കില്‍ ജിഎസ്ടി ഇളവിന് ശേഷമുള്ള പുതിയ വിലയും പാക്കറ്റില്‍ ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ വില മാറ്റം വരുത്തുന്ന പാക്കറ്റുകളില്‍ പഴയ എംആര്‍പി കാണുന്ന തരത്തിലാണ് പുതിയ വില രേഖപ്പെടുത്തേണ്ടത്. ജിഎസ്ടി മാറ്റത്തിന് അനുസരിച്ചുള്ള തുക മാത്രമേ കുറയ്ക്കാനോ കൂട്ടാനോ പാടുള്ളൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ പരിഷ്‌കരിച്ച വില രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമല്ല. കമ്പനികള്‍ക്ക് സ്വമേധയാ തീരുമാനിക്കാം. പുതുക്കിയ വിലയുടെ പട്ടിക കമ്പനികള്‍ ചെറുകിട വ്യാപാരികള്‍ക്ക് കൈമാറണം.

പാലിയേക്കരയിലെ ടോള്‍ പിരിവിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും. ടോൾ പിരിവിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരുമെന്നും കോടതി വ്യക്തമാക്കി.

കർശന നിബന്ധനകളോടെയാകും ടോൾ പിരിവിന് അനുമതി നൽകുക എന്ന് കോടതി വ്യക്തമാക്കി. നിബന്ധനകൾ തിങ്കളാഴ്ച പുറപ്പെടുവിക്കുന്ന ഉത്തരവിനൊപ്പം വ്യക്തമാക്കും. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി പരിശോധന തുടരണം. കൃത്യമായ ഇടവേളകളില്‍ കമ്മിറ്റി പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റേതാണ് നടപടി. ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ടോൾ കമ്പനി ആവശ്യപ്പെട്ടു. ഒന്നര മാസമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വരുമാനം നിലച്ചുവെന്നും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെന്നും ടോൾ കമ്പനി വാദിച്ചു.ടോൾ പിരിവിന് അനുമതി തടയുന്നത് ശരിയല്ലന്ന് കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചു. തുടർന്നാണ് ഉപാധികളോടെ അനുമതി നൽകാൻ കോടതി തീരുമാനിച്ചത്. ഇടപ്പള്ളി മണ്ണത്തി ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ടോൾ പിരിവ് തടഞ്ഞ് കഴിഞ്ഞ മാസം അഞ്ചിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയപാത അതോറിറ്റിയും , ടോൾ കമ്പനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചതായി കളക്ടറും മോണിറ്ററിംഗ് കമ്മറ്റിയും റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതി നിലപാട് പുനപരിശോധിക്കാൻ തയ്യാറായത്. കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിക്കും കോടതിയിൽ നിന്നും നിരന്തരം വിമർശനം കേൾക്കേണ്ടി വന്ന കേസ് കൂടിയാണിത്.