വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു.

കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുമായ യുവതിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാര്‍ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.

ഇതില്‍ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്കു മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ സാമ്പത്തിക ഇടപാടുകള്‍ക്ക് യുവതിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനും തെളിവെടുപ്പിനും ശേഷം സുജിതയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് കൂട്ടാളികളെക്കുറിച്ചും മുഖ്യപ്രതികളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലായേക്കുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ യുവതി മരിച്ചനിലയില്‍. കോട്ടയം സ്വദേശിയായ 24കാരി അഞ്ജുമോളാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അത്തരത്തില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്.

വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്.

സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും

സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു.

സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി; ചേളാരി സ്വദേശി ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി; ചേളാരി സ്വദേശി ആശുപത്രി വിട്ടു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.

ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 24 പേര്‍ക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വര്‍ഷം 19 മരണമുണ്ടായതില്‍ ഒന്‍പതെണ്ണമുണ്ടായതും സെപ്റ്റംബറിലാണ്. രോഗം ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.

കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിനോദ് കണ്ണന്‍, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. കൊല്ലം- തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. ഇരുവരും മധുര സ്വദേശികളാണ്. ഗാര്‍ഡുമാരാണ് ട്രെയിന്‍ തട്ടിയ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഇരുവരും സുഹൃത്തുക്കള്‍ ആണ് എന്നാണ് പൊലീസ് പറയുന്നത്.