പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ പത്താം തീയതിയാണ് മീരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം നടക്കുന്നത്.

ഭര്‍ത്താവുമായി പിണങ്ങിയ മീര മരിക്കുന്നതിന് തലേന്ന് സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്. ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ട്.ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന് മീരയ്ക്ക് പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു. അനൂപിന്റെ നിരന്തര മര്‍ദ്ദനമാണ് മീരയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.

‘ഇന്ത്യയെ മാറ്റി മറിച്ച നേതാവ്’; നരേന്ദ്രമോദി 75ന്റെ നിറവില്‍; ആശംസകള്‍ നേര്‍ന്ന് ലോകം

‘ഇന്ത്യയെ മാറ്റി മറിച്ച നേതാവ്’; നരേന്ദ്രമോദി 75ന്റെ നിറവില്‍; ആശംസകള്‍ നേര്‍ന്ന് ലോകം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 75ന്റെ നിറവില്‍. ലോകനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ജന്മദിനത്തിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന സേവ പഖ്വാഡെയും ആരംഭിച്ചു. ജന്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യവ്യാപകമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാംപുകള്‍ സംഘടിപ്പിക്കും.

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ‘സ്വസ്ത് നാരി സശക്ത് പരിവാര്‍’ ക്യാംപെയ്‌നും തുടക്കം കുറിച്ചു. ഗ്രാമങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങള്‍ നല്‍കുന്നതിനായി ‘സുമന്‍ സഖി ചാറ്റ്‌ബോട്ട്’ന്റെ പ്രവര്‍ത്തനത്തിനും ഇന്ന് തുടക്കമായി. രാജ്യത്തെ ആദ്യ പി എം മിത്ര ടെക്‌സ്റ്റൈല്‍ പാര്‍ക്കിന് തറക്കല്ലിട്ടു. കുടാത വിവിധ വികസനപദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്്ട്രപതി ദ്രൗപദി മുര്‍മു ജന്മദിനാശംസകള്‍ നേര്‍ന്നു. ‘രാജ്യത്ത് വലിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതിനും നേടുന്നതിനുമുള്ള ഒരു സംസ്‌കാരം നിങ്ങളുടെ അസാധാരണമായ നേതൃത്വം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇന്ന്, ആഗോള സമൂഹം പോലും നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു” രാഷ്ട്രപതി ആശംസ സന്ദേശത്തില്‍ പറഞ്ഞു.

ഇതിന് പിന്നാലെ പ്രധാനമന്ത്രി മോദി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞു. 140 കോടി ജനങ്ങളുടെ പിന്തുണയോടെ, ശക്തവും, കഴിവുള്ളതും, സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തന്റെ സര്‍ക്കാര്‍ സമര്‍പ്പിതമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ചിന്തകള്‍ പ്രചോദനാത്മകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും മോദിക്ക് ആശംസകള്‍ നേര്‍ന്നു. മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ ശക്തമായ വ്യക്തിത്വം സൃഷ്ടിക്കുകയാണെന്നും വികസിത രാഷ്ട്രമായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ രാജ്യത്തോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് ഓം ബിര്‍ള പറഞ്ഞു.

ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, രാജ്യത്തോടുള്ള അര്‍പ്പണബോധം, അക്ഷീണമായ കഠിനാധ്വാനം എന്നിവയിലൂടെ മോദി രാജ്യത്തിന് പുതിയ ഊര്‍ജ്ജം നല്‍കുകയും ഒരു പുതിയ ദിശ കാണിക്കുകയും ചെയ്തതായി രാജ്‌നാഥ് സിങ് പറഞ്ഞു. അദ്ദേഹം ഇന്ത്യയെ ഉന്നതിയിലേക്ക് ഉയര്‍ത്തി, രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മാതൃകാപരമാണെന്നും സിങ് പറഞ്ഞു.

മോദി അഞ്ചു പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന നേതാവ് മോദിയെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച ദൗത്യനിഷ്ഠയാര്‍ന്ന നേതാവാണെന്നും അമിത് ഷാ പറഞ്ഞു. ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ മോദി കോടിക്കണക്കിന് പൗരന്മാര്‍ക്ക് പ്രചോദനമാണെന്നും അമിത് ഷാ വിശേഷിപ്പിച്ചു. ആര്‍എസ്എസ് പ്രചാരകനെന്ന നിലയില്‍ നടത്തിയ യാത്രകള്‍ രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാന്‍ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തെ സഹായിച്ചതായും അമിത് ഷാ പറഞ്ഞു.

മൂന്‍ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ജെപി നഡ്ഡ മോദിക്ക് ആശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പുരോഗതി ലക്ഷ്യമിട്ട് സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി മോദി നിരവധി പരിവര്‍ത്തനപരമായ നടപടികള്‍ സ്വീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന് ആഗോള പ്രശസ്തി ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രശംസിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭീകരവാദവും അഴിമതിയും ഇല്ലാതാക്കി ഇന്ത്യ സ്വയംപര്യാപ്തമായെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി മോദിക്ക് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടായിരിക്കട്ടെയെന്ന് രാഹുലും ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ മന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

വിദേശത്ത് ജോലി വാഗ്ദാനം; പത്ര പരസ്യങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുന്നു

വിദേശത്ത് ജോലി വാഗ്ദാനം; പത്ര പരസ്യങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുന്നു

കൊച്ചി: വിദേശത്ത് തൊഴിൽ നൽകാമെന്ന പത്ര പരസ്യങ്ങളിൽ വിശ്വസിച്ചു തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നതായി പ്രവാസി കമ്മിഷൻ. പത്രങ്ങളിൽ വരുന്ന പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാതെ പലരും പണം കൈമാറുന്നു. പിന്നീട് അന്വേഷിക്കുമ്പോൾ ഈ കമ്പനിയെ സംബന്ധിച്ചോ വ്യക്തികളെയോ കണ്ടെത്താൻ കഴിയാതെ വരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നാട്ടിൽ പെരുകുന്നതായി പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.

വിദേശത്ത് ജോലി നൽകാമെന്ന പത്ര പരസ്യം കണ്ട് ഒരു പെൺകുട്ടി അതിലെ നമ്പറിൽ ബന്ധപെട്ടു. തുടർന്ന് 350 ദിർഹം ജോലിക്കായി ഒരു അക്കൗണ്ടിലേക്ക് അയച്ചു നൽകി. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതോടെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈപ്പറ്റിയ ആളുടെ നാടോ, വിലാസമോ ഒന്നും കണ്ടെത്താനായില്ല.

ഇത്തരത്തിൽ പത്ര പരസ്യങ്ങളിൽ കാണുന്ന വാഗ്ദാനങ്ങളിൽ കുടുങ്ങി, കമ്പനിയുടെ വിവരങ്ങളോ, രജിസ്ട്രേഷനോ, ഗവൺമെന്റ് അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നവരിൽ ഭൂരിഭാഗവും വഞ്ചിതരാവുകയാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.

അംഗീകാരമില്ലാത്ത ഏജൻസികളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇതിന് മാധ്യമങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ. പ്രവാസി കമ്മീഷൻ അദാലത്തിൽ 49 കേസുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകൾ പരിഹരിച്ചു. മറ്റു കേസുകൾ വിശദമായ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി മാറ്റിവെച്ചു. 40 പുതിയ കേസുകളും ഇന്ന് ലഭിച്ചു. എല്ലാ മാസത്തെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച വിവിധ ജില്ലകളിലായി പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബർ 14 ന് കോട്ടയം ജില്ലയിലാണ് നടക്കുക.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്.

സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.

റിവേഴ്‌സിട്ട് സ്വര്‍ണവില; 82,000ല്‍ താഴെ

റിവേഴ്‌സിട്ട് സ്വര്‍ണവില; 82,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞതോടെ 82000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 81,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം

‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം ഓഫ് എ മദര്‍’ എന്നാണ് സിനിമയുടെ പേര്.

കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെയുള്ള മോദിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. മോദിയും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാകും സിനിമ കഥ പറയുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രാന്തി കുമാര്‍ സിഎച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

രവി ബസൂര്‍ ആണ് സംഗീത സംവിധായകന്‍. കെകെ സന്തില്‍ കുമാര്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ ശ്രീകര്‍ പ്രസാദും പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലുമാണ്. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇന്ന് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും മാ വന്ദേ.