ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്

ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം നെടുമങ്ങാട് ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്. തമിഴ്‌നാട് സ്വദേശി അനീസ് കുമാറിനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കത്രിക കൊണ്ട് കുത്തിയത്. സംഭവത്തില്‍ പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജന്റെ കടയില്‍ പൂക്കള്‍ എത്തിച്ചു നല്‍കിയിരുന്നത് കുത്തേറ്റ അനീസാണ്. പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പൊലീസ് പിടികൂടുകയായിരുന്നു.

രാജനും അനീസും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. പിന്നാലെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീസിന്റെ നെഞ്ചിന് കുത്തുകയായിരുന്നു. അനീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാതിവില തട്ടിപ്പ്: എസ്‌ഐടി പിരിച്ചുവിട്ടു, അന്വേഷണ സംഘത്തലവനെ വിജിലന്‍സിലേക്ക് മാറ്റി

പാതിവില തട്ടിപ്പ്: എസ്‌ഐടി പിരിച്ചുവിട്ടു, അന്വേഷണ സംഘത്തലവനെ വിജിലന്‍സിലേക്ക് മാറ്റി

തിരുവനന്തപുരം: പാതിവില തട്ടിപ്പുകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടു. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം ജെ സോജനെ വിജിലന്‍സിനെ മാറ്റി നിയമിച്ചു. വിജിലന്‍സ് സ്‌പെഷല്‍ എസ്പിയായാണ് മാറ്റിയത്. പകരം സംഘത്തലവനെ നിയമിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേസ് അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ ഇനി അന്വേഷിച്ചാല്‍ മതിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായിരുന്നു പാതിവില തട്ടിപ്പ്. തയ്യല്‍ മെഷീന്‍ മുതല്‍ സ്‌കൂട്ടര്‍ വരെ പാതി വിലയ്ക്ക് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നത്. സാധാരണക്കാരും വീട്ടമ്മമാരും ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് വലിയ ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എസ് പി സോജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോജനോട് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ എന്‍ജിഒ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍, പൊതു പ്രവര്‍ത്തകനായ അനന്തു കൃഷ്ണന്‍ എന്നിവരായിരുന്നു മുഖ്യപ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുകയും സ്വത്ത് പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ നടത്തിയിരുന്നു. കേസന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് അന്വേഷണ സംഘത്തലവനെ മാറ്റിയിരിക്കുന്നത്.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ അന്വേഷണ സംഘതലവനെ നിയമിക്കണമെന്നും, അല്ലെങ്കില്‍ അന്വേഷണം അട്ടിമറിക്കപ്പെടാനിടയാക്കുമെന്നും, അന്വേഷണം അവതാളത്തിലാകുമെന്നും ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസുകള്‍ ഒറ്റ എഫ്‌ഐആര്‍ ആക്കണമെന്ന് ആനന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘം നിലവിലില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത് എന്നാണ് വിവരം.

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് (42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. അയൽവാസിയായ പ്രതി ധനേഷിനെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ വൈകിട്ട് ഇവര്‍ തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ധനേഷ് വീണ്ടുമെത്തി ശ്യാമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശ്യാം സുന്ദറിന്‍റെ വീടിനുള്ളിൽ വെച്ചാണ് കുത്തേൽക്കുന്നത്. ശ്യാം സുന്ദറിന്‍റെ കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റത്. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വെൽഡിങ് തൊഴിലാളിയാണ് മരിച്ച ശ്യാംസുന്ദർ.

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ: തെക്കു പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ഇന്ന് ഗുജറാത്ത് തീരം, വടക്കന്‍ മഹാരാഷ്ട്ര തീരം, വടക്കു കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കന്‍ ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന സമുദ്ര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷൊർ‌ണൂർ സൗമ്യ വധക്കേസ് ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു. തൊടുപുഴ സ്വദേശിനിയാണ്.

1981 ലാണ് ഡോക്ടറായി സേവനം ആരംഭിക്കുന്നത്. 2016 ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരിക്കെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ലഹരിക്കേസുകളിലെ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി.

ലഹരിക്കേസുകളിലെ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി.

തിരുവനന്തപുരം പള്ളിക്കലിൽ ലഹരിക്കേസുകളിൽ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി. മടവൂർ ഞാറയിൽക്കോണം അമ്പിളി മുക്കിൽ കുന്നിൽ വീട്ടിൽ 38 വയസ്സുള്ള റിയാദ് ആണ് പോലീസിന്റെ പിടിയിലായത്.

2022 ൽ വർക്കല അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത എംഡി എം എ വാണിജ്യ അടിസ്ഥാനത്തിൽ കടത്തിക്കൊണ്ടുവന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലഭിച്ചുകൊണ്ട് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെ അന്തർ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായി ജോലി നോക്കിയ പ്രതി, ആ ജോലിയും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചു.

2025 ജനുവരിയിൽ തിരുവനന്തപുരം പൊഴിയൂരിലും വാണിജ്യ അടിസ്ഥാനത്തിൽ എം.ഡി.എം.എ ശേഖരം പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന് പോലീസ് നിരീക്ഷണത്തിൽ മനസ്സിലാക്കിയത്.

പ്രതിയെക്കുറിച്ച് പള്ളിക്കൽ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കരുതൽ തടങ്കലിന് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് ഹോം ഡിപ്പാർട്ട്മെൻ്റ് ഇന്ന് പ്രതിയെ PIT-NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രതിയെ നിരീക്ഷണത്തിൽ ആക്കിയിരുന്ന ഡാൻസാഫ് സംഘം സീമന്തപുരം ജംഗ്ഷനിൽ നിന്നും പിടികൂടി പള്ളിക്കൽ പോലീസിന് കൈമാറി.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് പള്ളിക്കൽ SHO ശ്യാം അറിയിച്ചു. പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ നിരവധി ലഹരി കേസുകളിലും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ട പ്രതിയാണ് പിടിയിലായ റിയാദ്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രദീപ്. കെ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, വർക്കല ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ, ബിജു കുമാർ എസ് സി പി ഓ മാരായ അനൂപ്, വിനീഷ്, ഫാറൂഖ് എന്നിവരുടെ സഹായത്തോടെ പള്ളിക്കൽ എസ് എച്ച് ഓ ശ്യാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.