by Midhun HP News | Sep 1, 2025 | Latest News, കേരളം
തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വടക്കന്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടല്‍ തീരങ്ങളില്‍ ഇന്ന് വൈകീട്ട് 5.30 മുതല്‍ നാളെ ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് 02.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന് കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ജാഗ്രതാനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

by Midhun HP News | Sep 1, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പില്‍ റംല (52) ആണ് മരിച്ച വീട്ടമ്മ. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
മലബാറില്‍ ആശങ്ക വര്‍ധിപ്പിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ജൂലൈ എട്ടിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് റംല ചികിത്സ ആരംഭിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികള്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.


അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ക്യാമ്പയിന്‍ തുടങ്ങി. വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മുഴുവന്‍ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊര്‍ജിത ക്ലോറിനേഷന്‍ നടത്തും.

by Midhun HP News | Sep 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.



by Midhun HP News | Aug 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി 33കാരനാണ് പിടിയിലായത്. പോത്തന്‍കോട് അയണിമൂട് സ്വദേശി ശ്രീരാഗാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കാര്യവട്ടം പേരൂര്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടീല്‍ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ രണ്ടു കിലോ വീതം പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു വരികയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യം വിവരം ലഭിച്ച തിരു. സിറ്റി ഡാന്‍സാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാത്രി വീട്ടിലെത്തിയ ശ്രീരാഗ് കഞ്ചാവ് എടുത്ത് പുറത്തിറങ്ങുമ്പോഴാണ് ഡാന്‍സാഫ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലിസിന് കൈമാറിയ പ്രതി ശ്രീരാഗിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


by Midhun HP News | Aug 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തിരുവനന്തപുരം പുത്തന്‍തോപ്പിലാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാനായി പുത്തന്‍തോപ്പ് കടപ്പുറത്ത് എത്തിയതായിരുന്നു. ഇതില്‍ അഭിജിത്ത്, നബീല്‍ എന്നിവരെയാണ് കാണാതായത്. മൂന്ന് പേര്‍ തിരയില്‍പ്പെട്ടെങ്കിലും ഇതില്‍ ആസിഫ് എന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ആസിഫിനെ പുത്തന്‍തോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.



by Midhun HP News | Aug 31, 2025 | Latest News, കേരളം
കൊച്ചി: ദേശീയപാത 544 ലെ പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റിയാണ് കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ പുതിയ നിരക്കായിരിക്കും ഉണ്ടാവുക. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിയമ നടപടി തുടരുന്നതിനിടെയാണ് വീണ്ടും ടോള്‍ വര്‍ധന.

പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഇനിമുതല്‍ അഞ്ചുരൂപ മുതല്‍ 15 രൂപ വരെ അധികം നല്‍കേണ്ടിവരും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഈടാക്കിയിരുന്ന 90 രൂപ ഇനി 95 രൂപയായി ഉയര്‍ത്തി. ദിവസം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ – 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795 എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.
നിലവില്‍, സെപ്റ്റംബര്‍ ഒമ്പത് വരെ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി.


Recent Comments