ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഭക്ഷ്യ ഉല്‍പ്പാദന ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സര്‍വേ നടന്നുവരികയാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതിനായുള്ള സര്‍വേ പുരോഗമിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ ബന്ധിപ്പിക്കും. രാജ്യത്തെ അഞ്ച് കോടിയില്‍ പരം ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. മേഖല ലോകത്തിലെ ഏറ്റവും വലിയ ക്ലസ്റ്ററും ഏറ്റവും വലിയ വിപണിയുമാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോറിന്റെ ഭാഗമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. പദ്ധതിയുടെ സ്റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്നായിരുന്നു റെയില്‍വേയുടെ അറിയിപ്പ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ ഗുജറാത്തിലെ വഡോദര ജില്ലയിലെ വിശ്വാമിത്രി നദിയിലെ പാലം പൂര്‍ത്തിയായതായി ഇന്ത്യന്‍ റെയില്‍വേ ഓഗസ്റ്റ് 6 ന് അറിയിച്ചിരുന്നു. പിന്നാലെയാണ് സ്റ്റേഷനുകള്‍ സംബന്ധിച്ച പ്രതികരണം പുറത്തുവരുന്നത്. ആധുനിക സൗകര്യങ്ങള്‍, സാംസ്‌കാരിക പൈതൃകം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, പരിസ്ഥിതി സൗഹൃദമായ സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി ഒരുങ്ങുന്നത് എന്നും ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

ഡല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഓണം പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ഝാര്‍ഖണ്ഡ്

സെപ്റ്റംബര്‍ 4- വ്യാഴാഴ്ച- ഒന്നാം ഓണം (ഉത്രാടം)- കേരളം

സെപ്റ്റംബര്‍ 5- വെള്ളിയാഴ്ച- തിരുവോണം, നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ഡല്‍ഹി, ഝാര്‍ഖണ്ഡ്, തെലങ്കാന

സെപ്റ്റംബര്‍ 6- ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 7- ഞായറാഴ്ച

സെപ്റ്റംബര്‍ 12- വെള്ളിയാഴ്ച- Eid-i-Milad-ul-Nabi – ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 13- രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 14- ഞായറാഴ്ച

സെപ്റ്റംബര്‍ 22- തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍

സെപ്റ്റംബര്‍ 23- ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 27- നാലാമത്തെ ശനിയാഴ്ച

സെപ്റ്റംബര്‍ 28- ഞായറാഴ്ച

സെപ്റ്റംബര്‍ 29- തിങ്കളാഴ്ച- പൂജവെപ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, പശ്ചിമ ബംഗാള്‍

സെപ്റ്റംബര്‍ 30- ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു ജില്ലിയിലും മഴ മുന്നറിയിപ്പില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആൾ മരിച്ചു

പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആൾ മരിച്ചു

വിതുര: കല്ലാർ സെക്ഷൻ പരിധിയിൽ പൊന്മുടി ഇരുപത്തി രണ്ടാം വളവിന് മുകളിൽ പൊന്മുടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസിന്റെ മുൻപിലുള്ള വളവിൽ നിന്നും കൊക്കയിലേക്ക് പറണ്ടോട് ഭാഗത്തുള്ള അബ്‌ദുൾ വഹാബ് എന്നയാൾ ചാടി ആത്മഹത്യ ചെയ്തു. ഉദ്ദേശം 55 വയസിനു മുകളിൽ പ്രായം ,പൊന്മുടി പോലീസ് എത്തി തുടർ നടപടികൾ നടത്തി,
ഫയർ ഫോഴ്‌സിന്റെയും, പോലീസിന്റെയും, ഫോറസ്റ്റിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ അതിസാഹസികമായി മൃതദേഹം പുറത്തെത്തിച്ചു ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്

റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കോഴിക്കോട്ട്: സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതില്‍ അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് മുതിര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിയെ രക്ഷിച്ച് പൊലീസ്. കോഴിക്കോട് വടകരയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആളുകളെ ആശങ്കിലാക്കിയ സംഭവങ്ങളുടെ തുടക്കം.

ഓണാഘോഷ പരിപാടികൾ അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെട്ടതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ കൂട്ടുകാരെ വിളിച്ച് ആത്മഹത്യ ഭീഷണിയും വിദ്യാര്‍ഥി മുഴക്കി. സംഭവം പൊലീസില്‍ അറിയിച്ചതോടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് അന്വേഷണവും ആരംഭിച്ചു. കുട്ടി ഇരിങ്ങല്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു, വിദ്യാര്‍ഥി.

പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. പൊലിസ് ട്രാക്കിലിറങ്ങിയതോടെ വിദ്യാര്‍ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നാലെ പോലീസും, തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഉപദേശം നല്‍കി പറഞ്ഞയക്കുകയും ചെയ്തു. വടകര എസ്‌ഐ എം കെ. രഞ്ജിത്ത്, എഎസ്‌ഐ ഗണേശന്‍, സിപിഒ സജീവന്‍ എന്നിവരായിരുന്നു ദൗത്യത്തില്‍ പങ്കെടുത്തത്.

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

അഹമ്മദാബാദ്: ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിച്ചിരുന്നു.

മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങള്‍ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെന്‍ പറഞ്ഞു. ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംപിയായ ഗെനി ബെന്‍ നാഗാജി ഠാക്കോര്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

എംപിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലുമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഗെനി ബെന്‍ ഠാക്കോര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ ഗുജറാത്ത് സര്‍ക്കാരും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ഗെനി ബെന്‍ ആവശ്യപ്പെടുന്നത്.