by Midhun HP News | Jul 31, 2026 | Latest News, കേരളം
വെമ്പായം: വെമ്പായം ബാർ റെസിഡൻസി ഹോട്ടലിലുണ്ടായ തീവെപ്പ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ മരിച്ചു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.
രണ്ടാഴ്ച മുമ്പാണ് വെമ്പായം ബാർ റെസിഡൻസി ഹോട്ടലിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി സംഘർഷത്തിലേക്ക് നീങ്ങിയത്.
മദ്യപിച്ചിരുന്നവർക്കിടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തിയതിനെ തുടർന്ന് നന്നാട്ടുകാവ് സ്വദേശി അനീഷ് പുറത്തുപോയി പെട്രോളുമായി തിരിച്ചെത്തി ബാറിനുള്ളിലുണ്ടായിരുന്നവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ തേക്കട സ്വദേശി നവാസും പിന്നീട് പ്രതിയായ നന്നാട്ടുകാവ് സ്വദേശി അനീഷും മരണപ്പെട്ടിരുന്നു. കേസിലെ പ്രധാന ദ്യക്സാക്ഷിയായ നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് സ്വദേശി രതീഷ് പിന്നീട് ആത്മഹത്യ ചെയ്തതും കേസിൽ ഏറെ ശ്രദ്ധേയമായിരുന്നു.
ചികിത്സയിലായിരുന്ന നൗഫലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയതോടെ ഈ ദുരന്തവുമായി ബന്ധപ്പെട്ട മരണസംഖ്യ നാലായി ഉയർന്നു. സംഭവത്തിൽ പൊലീസ്
അന്വേഷണം തുടരുകയാണ്.
by Midhun HP News | Jul 31, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ പുറത്തിറക്കിയത്. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
അത്തം കിറ്റില്‍ 21 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1280 രൂപ വരുന്ന സാധനങ്ങള്‍ 1000 രൂപയ്ക്കാണ് കിറ്റില്‍ ലഭിക്കുക. ഉത്രാടം കിറ്റില്‍ 25 ഇനങ്ങളാണുള്ളത്. 1880 രൂപ വിപണി വില വരുന്ന കിറ്റ് 1500 രൂപയ്ക്ക് ലഭിക്കും.
തിരുവോണം കിറ്റില്‍ 30 ഇനങ്ങളാണ് ഉള്ളത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റിന്റെ ലഭിക്കുക. ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്ന പേരില്‍ ഒമ്പത് ശബരി ഉല്പന്നങ്ങള്‍ അടങ്ങിയ കിറ്റാണ് മറ്റൊന്ന്. ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്‌ളൈകോ നല്‍കുന്നുണ്ട്.
ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഓഗസ്റ്റ് എട്ടു മുതല്‍ ആരംഭിക്കും. മഞ്ഞ റേഷന്‍ കാര്‍ഡ് (എഎവൈ) ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യുന്നുണ്ട്.
by Midhun HP News | Jul 31, 2026 | Latest News, കേരളം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി. ഫറോക്ക് സ്വദേശിയായ 43 കാരനെയാണ് റൂമിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ക്ക് ജൂണ്‍ 10 നാണ് നിപ സ്ഥിരീകരിക്കുന്നത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ജൂണ്‍ 11നാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി, റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി. വെന്റിലേറ്ററില്‍ ചികിത്സ തുടരുകയുമായിരുന്നു.
രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനുശേഷം ജൂലൈ ഏഴാം തീയതി ഐസൊലേഷന്‍ ഐസിയുവില്‍ നിന്ന് ട്രാന്‍സിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. പൂര്‍ണമായും അബോധാവസ്ഥയിലായിരുന്ന രോഗിക്ക് ബോധം തിരിച്ചുകിട്ടി. പിന്നാലെ ശ്വസനത്തിനും ഭക്ഷണം കൊടുക്കാനും സ്ഥാപിച്ചിരുന്ന ട്യൂബുകളും മാറ്റിയിട്ടുണ്ട്.
by Midhun HP News | Jul 31, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ സുഗതന് കോർപ്പറേഷൻ അവധി അനുവദിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് സുഗതന് ആറു മാസത്തേക്കാണ് അവധി നൽകിയത്. 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
യുഡിഎഫ് വിമതൻ സുധീഷും സ്വതന്ത്ര കൗൺസിലർ എം രാധാകൃഷ്ണനും അവധി അപേക്ഷയെ പിന്തുണച്ചു. അവധി അപേക്ഷയെ പിന്തുണച്ച് മേയർ വി വി രാജേഷ് കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി. അവധി അപേക്ഷ പാസ്സായതിനു പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലറാണ് ആർ സുഗതൻ. കാപ്പാ കേസിൽ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. ദൈവങ്ങളുടെയും ബലിദാനികളുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ അടക്കം 20 ബിജെപി കൗൺസിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിലാണ് സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെമ്പായം ബാറിലെ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.
ബാറിൽ ഉണ്ടായ തീവെപ്പിൽ പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്. നൗഫലിന്റെ ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
പൊള്ളലേറ്റ ഉടൻതന്നെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും സൂചനയുണ്ട്. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അക്രമത്തിൽ ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു.
കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.
by Midhun HP News | Jul 31, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ മധുര സംഗീതം നിലച്ചു. പതിറ്റാണ്ടുകളായി കോടി കണക്കിന് ആസ്വാദകരുടെ ഹൃദയത്തില്‍ നാദവിസ്മയം തീര്‍ത്ത ഗായിക കെ ജമുനാ റാണി അന്തരിച്ചു. ബംഗളുരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. മലയാളത്തിലടക്കം ആറായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കുടുംബാംഗങ്ങളാണ് ഗായികയുടെ മരണവിവരം പങ്കുവച്ചത്. ഗായികയുടെ മരണത്തില്‍ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
1938ല്‍ മേയ് പതിനേഴിന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുനാറാണി തെലുങ്ക്, കന്നട, തമിഴ്, മലയാളം, സിംഹള ഉള്‍പ്പടെ അഞ്ച് ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ എംസ് വിശ്വനാഥ്, ബ്രദര്‍ ലക്ഷ്മണ്‍, എംബി ശ്രീനിവാസ്, എംഎസ് ബാബു രാജ് അടക്കമുള്ളവരുടെ സംഗീതത്തില്‍ പാടി. ആന വളര്‍ത്തിയ വാനമ്പാടി, ഭാഗ്യ ജാതകം, പുതിയ ആകാശം, പുതിയ ഭൂമി, സ്‌നേഹഗീതം തുടങ്ങി നീളുന്നു ജമുന റാണി പാടിയ മലയാളം ചിത്രങ്ങള്‍,
ഏഴാമത്തെ വയസ്സില്‍ ത്യാഗയ്യ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പാടിയത്. പതിമൂന്നാം വയസ്സില്‍ റാണി വലയപതി, കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ പാടി. 1955 ലാണ് തമിഴില്‍ ആദ്യ പാട്ട് പാടുന്നത്. 1953-ല്‍ ആനന്ദ സമരകൂണിന്റെ സംവിധാനത്തില്‍ സുജാതയ്ക്കുവേണ്ടിയാണ് ജമുന റാണി ആദ്യമായി ശ്രീലങ്കന്‍ സിനിമയില്‍ പാടിയത് . തുടര്‍ന്ന് സിംഹള ഭാഷയില്‍ നിരവധി ഗാനങ്ങള്‍ പാടി. പി. സുശീല, പി. ലീല, എല്‍.ആര്‍. ഈശ്വരി തുടങ്ങി നിരവധി ഗായികമാര്‍ക്കൊപ്പം അവര്‍ യുഗ്മഗാനങ്ങളും ആലപിച്ചു. നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി.
Recent Comments