by Midhun HP News | Jul 31, 2026 | Latest News, കേരളം
കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എംഡിഎംഎ കടത്തുന്നത് വേറിട്ട രീതിയില്‍. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ വില്‍ക്കുന്ന ഇവരെ പൊലീസ് പിടികൂടിയത്. സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് കടത്തുകയാണ് സരിത ചെയ്യുന്നത്.
ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുകയും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിഡ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്.
സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളിലാണ് സരിത എംഡിഎംഎ കടത്തിയിരുന്നത്. കപ്പില്‍ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ എക്‌സൈസ് പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. പിന്നീട് ഈ രാസലഹരിയുമായി ഇരുവരും വില്‍പനയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. മുമ്പ് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്‌സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ മുറിയില്‍ എക്‌സൈസ് പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം സരിത തിരിച്ചെത്താന്‍ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് എക്‌സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പനയില്‍ നിന്ന് ലഭിച്ച 17,770 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jul 31, 2026 | Latest News, കേരളം
കല്‍പ്പറ്റ: മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. അബ്ദുല്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 പ്രതികളാണ് കുറ്റക്കാര്‍. ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 23 മുതല്‍ 57 വരെയുള്ള പ്രതികള്‍ നിരപരാധികളാണെന്നും കോടതി പറഞ്ഞു. വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് വിധി പ്രസ്താവിച്ചത്.
പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. വിനോദിനെ കൊലപ്പെടുത്തിയത് രണ്ടാം പ്രതി അശോകനാണ്. ഇയാൾ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാനായില്ല. വിനോദ് വധത്തിൽ ഗൂഡാലോചനയും തെളിഞ്ഞില്ല. അതേസമയം, കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്ന് മരിച്ച വിനോദിന്റെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.
അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവം. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ 2003 ഫെബ്രുവരി 19ന് പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന വിനോദ് കൊല്ലപ്പെട്ടത്.
പൊലീസ് വെടിവയ്പ്പില്‍ ആദിവാസി ജോഗിയും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കുടിലുകള്‍ക്ക് പൊലീസ് തീയിട്ടു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഷെഡ്ഡുകള്‍ നിര്‍മിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേര്‍ന്നെന്നും കൊല്ലപ്പെട്ട ജോഗി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം സിബിഐ കോടതിയില്‍നിന്ന് കേസ് കല്‍പ്പറ്റയിലേക്ക് മാറ്റിയത്.
പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സിബിഐയുടെ കേസ്.
എന്നാല്‍, സംഭവത്തിന്റെ നിര്‍ണായക ഭാഗം നടന്ന കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കുടിലില്‍ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടര്‍ച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്‌ഫോടനങ്ങളും മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആര്‍ക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദ് കോടതിയില്‍ വാദിച്ചു.
by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെ, ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സഭ തള്ളി. ബില്ലിന് ലോക്‌സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ‘പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026’ (Public Examinations Amendment Bill, 2026) രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ ഏഴു മണിക്കൂര്‍ ചര്‍ച്ച അനുവദിക്കുമെന്ന് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അറിയിച്ചു.
പരീക്ഷാക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് ആക്രമണം നടത്തിയതില്‍ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം ഇന്നും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ ആണെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി.
രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് ബില്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ അടക്കമുള്ള പ്രവൃത്തികളില്‍ലേര്‍പ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
സംഘടിത കുറ്റകൃത്യമെങ്കില്‍ മിനിമം 7 വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിവേഗ കോടതി രൂപീകരിക്കാന്‍ ബില്‍ അധികാരം നല്‍കുന്നു. കൂടാതെ, കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
by Midhun HP News | Jul 31, 2026 | Latest News, കേരളം
തൃശൂര്‍: സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഒരു അപേക്ഷ എഴുതുമ്പോള്‍, അതില്‍ ഒപ്പിടുമ്പോള്‍ ചുവപ്പ്, പച്ച മഷി എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്ന തോന്നല്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ട്. എന്നാല്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഏതു മഷികൊണ്ടും അപേക്ഷയെഴുതാം. മഷിയുടെ നിറം ഏതായിരിക്കണമെന്നതിന് നിയമവും ചട്ടവുമൊന്നുമില്ലെന്നാണ് വിവരാവകാശം പ്രകാരം ലഭിച്ച മറുപടി.
മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപ്പീല്‍ അപേക്ഷ യിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ്‌റ് സെക്രട്ടറി പി.എം. രാധ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നല്‍കുന്ന അപേക്ഷയും ഒപ്പും ഏതുനിറത്തിലുള്ള മഷിയില്‍ വേണമെന്ന് ചട്ടമോ നിയമമോ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഷാന്റി അപേക്ഷ നല്‍കിയത്.
അങ്ങനെ ചട്ടമില്ലെന്നും പേനയിലെ മഷിയുടെ നിറത്തില്‍ സാധാരണക്കാരും ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തുല്യരാണെന്നും മറുപടിയില്‍ പറയുന്നു.
by Midhun HP News | Jul 31, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,06,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ രൂപയാണ് വര്‍ധിച്ചത്. 13,255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ, വായ്പ നയവുമായി ബന്ധപ്പെട്ട് വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
ഒരാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ ഇടിഞ്ഞ ശേഷമാണ് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jul 31, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: ഗാസയില്‍ ഹമാസ് ഉള്‍പ്പെടെ എല്ലാ സായുധ സംഘങ്ങളെയും പൂര്‍ണമായി നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പുതിയ പലസ്തീന്‍ ഭരണകൂടം നിലവില്‍ വരുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ബോര്‍ഡ് ഓഫ് പീസ് വഴി കൈവരിച്ച കരാര്‍, മേഖലയില്‍ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം കുറിച്ചു.
ഘട്ടം ഘട്ടമായാണ് നിരായുധീകരണ നടപടികള്‍ പൂര്‍ത്തിയാക്കുക. പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും. പുതിയ പലസ്തീന്‍ പൊലീസ് സേനയുമായി സഹകരിച്ച് ഗാസയിലെ ക്രമസമാധാനം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ നിയോഗിക്കും. കരാര്‍ പ്രകാരം ആയുധങ്ങള്‍, തുരങ്കങ്ങള്‍, ആയുധപ്പുരകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും നിര്‍വീര്യമാക്കും. സാങ്കേതിക വിദഗ്ധരടങ്ങിയ ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ എന്ന ഇടക്കാല സമിതിക്കായിരിക്കും ഗാസയുടെ ഭരണം. മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു.
ബോര്‍ഡ് ഓഫ് പീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പലസ്തീന്‍ സര്‍ക്കാരായിരിക്കും ഇനി ഗാസ ഭരിക്കുക. ഗാസ ഇനി ഇസ്രായേലിനെതിരായ ഭീകരാക്രമണങ്ങളുടെ താവളമായി ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്നോട്ടുവച്ച ഇരുപതിന പദ്ധതികളുടെ ഭാഗമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസയിലെ യുദ്ധാനന്തര സുരക്ഷ, പുനര്‍നിര്‍മ്മാണം, ഭരണസംവിധാനം എന്നിവ ഏകോപിപ്പിക്കുന്നതിനായി ഈവര്‍ഷമാദ്യം രൂപീകരിച്ച അന്താരാഷ്ട്ര കൂട്ടായ്മയാണ് ബോര്‍ഡ് ഓഫ് പീസ്. ട്രംപാണ് ഇതിന്റെ സ്ഥാപക ചെയര്‍മാന്‍.
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കരാറുമായി ബന്ധപ്പെട്ട ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാകണം കരാറെന്ന നിലപാടിലാണ് ഇസ്രായേല്‍. കരാറുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗാസയില്‍ ഇപ്പോഴും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നുണ്ട്.

Recent Comments