‘യജമാനരല്ല’, ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

‘യജമാനരല്ല’, ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല, ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാപിതാവു സ്ഥലം പോക്കുവരവു ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഹസില്‍ദാര്‍ അനുവദിച്ചില്ല. പിന്നീട് താലൂക്ക് ഓഫിസിലെ അദാലത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അനുവദനീയമല്ലെന്നു പറഞ്ഞ് ഹിയറിങ്ങിനു വിസമ്മതിച്ചു. അതോടെ മണിലാല്‍ പ്രകോപിതനായി ക്ലാര്‍ക്കിന്റെ പക്കല്‍ നിന്നു ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്ത് ഇട്ടെന്നും കസേര നിലത്തടിച്ചെന്നുമായിരുന്നു പരാതി.

അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. വിടുതല്‍ ഹര്‍ജിയില്‍ കൊല്ലം മജിസ്‌ട്രേട്ട് കോടതി രണ്ടു വകുപ്പുകള്‍ ഒഴിവാക്കിയെങ്കിലും ജോലി തടസ്സപ്പെടുത്തിയതിനു വിചാരണ നേരിടാന്‍ നിര്‍ദേശിച്ചതു ചോദ്യം ചെയ്താണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാങ്ക് മാനേജരായ ഹര്‍ജിക്കാരന്‍ ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

ഓണക്കാലത്തെ യാത്രാത്തിരക്ക്; 40 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

ഓണക്കാലത്തെ യാത്രാത്തിരക്ക്; 40 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി സീറ്റര്‍, എസി സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി ക്രമീകരിച്ചത്.

സെപ്തംബര്‍ ഒന്നുമുതല്‍ 15 വരെയാണ് അധിക സര്‍വീസുകള്‍. ഒന്നാംഘട്ടത്തില്‍ 29 മുതല്‍ സെപ്തംബര്‍ 15 വരെ 44 സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക്

വൈകിട്ട് 4.30: കൊട്ടാരക്കരയില്‍നിന്ന് എസി സ്ലീപ്പര്‍ (പാലക്കാട് വഴി), 5.40: തിരുവനന്തപുരത്തു നിന്ന് എസി സീറ്റര്‍ കം സ്ലീപ്പര്‍ (നാഗര്‍കോവില്‍ വഴി), 5.30: ആലപ്പുഴയില്‍ നിന്ന് സൂപ്പര്‍ ഡീലക്സ് (പാലക്കാട് വഴി), 6.4: കോട്ടയത്തു നിന്ന് സൂപ്പര്‍ എക്സ്പ്രസ് (പാലക്കാട് വഴി), 6.45, 7.00: എറണാകുളത്തു നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി),

9.15, 9.30: തൃശൂരില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി), 8.45, 9, 9.50, 10.10: കോഴിക്കോട്ടു നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (കുട്ട വഴി), 8.00: മലപ്പുറത്തു നിന്ന് ബംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് (കുട്ടവഴി),

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍

വൈകിട്ട് 5.30 മുതല്‍ രാത്രി 10.50 വരെയാണ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍. വൈകട്ട് 5.30ന് കോയമ്പത്തൂര്‍ വഴി കൊട്ടാരക്കരയിലേക്ക് എസി സ്ലീപ്പര്‍ ബസ്. 6.15ന് തിരുവനന്തപുരം എസി സീറ്റര്‍ കം സ്ലീപ്പര്‍ (നാഗര്‍കോവില്‍ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളില്‍ കോഴിക്കോട്ടേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട് 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം.

മൈസൂരുവില്‍നിന്ന് പാലായിലേക്ക് രാത്രി 7.30ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുറപ്പെടും. ആറിന് തൃശൂരിലേക്കും രാത്രി 8, 10 സമയങ്ങളില്‍ കണ്ണൂരിലേക്കും സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്. രാത്രി 9.15നും 10.40നും ബംഗളൂരുവില്‍നിന്നും രാത്രി പത്തിന് മൈസൂരില്‍നിന്നും കണ്ണൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്. രാത്രി 7.20നാണ് ബംഗളൂരു- ആലപ്പുഴ സൂപ്പര്‍ ഡീലക്സ്. 6.30ന് ചെന്നൈ-എറണാകുളം എസി സീറ്റര്‍ (കോയമ്പത്തൂര്‍ വഴി).

മൈസൂരുവിലേക്ക്

9.50, 10, 10.10, 12.00: സമയങ്ങളില്‍ കണ്ണൂരില്‍നിന്ന് മൈസൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് (മട്ടന്നൂര്‍ വഴി), 5.30: പാലായില്‍ നിന്ന് ഫാസ്റ്റ് പാസഞ്ചര്‍ (ബത്തേരി വഴി)

ചെന്നൈയിലേക്ക്

6.30: എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് എസി സീറ്റര്‍

പി. അജിത്കുമാർ (റിട്ട: പോലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി

പി. അജിത്കുമാർ (റിട്ട: പോലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി

കടയ്ക്കൽ ആൽത്തറമൂട് ആഴാവീട്ടിൽ പീഠിക ദേവീക്ഷേത്രത്തിന് സമീപം ‘മകയിര’ത്തിൽ റിട്ട: പോലീസ് സബ് ഇൻസ്പെക്ടർ പി അജിത്കുമാർ അന്തരിച്ചു.
പിതാവ്: പരേതനായ പ്രഭാകരൻ പിള്ള

‘സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്ക്’; 2026ല്‍ തമിഴ്‌നാട് ഭരിക്കും; മണ്ഡലം പ്രഖ്യാപിച്ച് വിജയ്; ഇളക്കി മറിച്ച് മഹാസമ്മേളനം

‘സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്ക്’; 2026ല്‍ തമിഴ്‌നാട് ഭരിക്കും; മണ്ഡലം പ്രഖ്യാപിച്ച് വിജയ്; ഇളക്കി മറിച്ച് മഹാസമ്മേളനം

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുരൈ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ടിവികെ സ്ഥാനാര്‍ഥിയായി താന്‍ ജനവിധി തേടുമെന്ന് നടന്‍ വിജയ്. മധുരൈ ജില്ലയിലെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡിഎംകെയാണെന്നും സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ പ്രവര്‍ത്തകര്‍ മത്സരിക്കുകയാണെങ്കില്‍ അത് താന്‍ മത്സരിക്കുന്നതിന് തുല്യമായിരിക്കുമെന്നും ടിവികെയ്ക്ക് നല്‍കുന്ന ഓരോ വോട്ടും തനിക്കുള്ള വോട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് സമ്മേളനത്തില്‍ വിജയ് ഉയര്‍ത്തിയത്. സ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് വിഭാഗം ജനങ്ങളെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ഡിഎംകെയെ ജനം കൈയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും തമിഴ്‌നാടിനോട് കാണിക്കുന്ന അവഗണനയും വിജയ് എടുത്തുപറഞ്ഞു. നടനും രാഷ്ട്രീയക്കാരനുമായ അന്തരിച്ച വിജയ്കാന്തിനെ വിജയ് പ്രശംസിക്കുകയും ചെയ്തു.

നേതാക്കളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രതിജ്ഞയെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയില്‍ സജ്ജീകരിച്ച വേദിയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പാര്‍ട്ടി നേതാവിനെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ അണികളും ആരാധകരും തിങ്ങിനിറഞ്ഞിരുന്നു.

വേദിയുടെ മധ്യത്തിലൂടെ നിര്‍മിച്ച 300 മീറ്റര്‍ നീളമുള്ള റാമ്പിലൂടെ നടന്നാണ് 51 കാരനായ വിജയ് അനുയായികളെ അഭിസംബോധന ചെയ്യുന്നത്. റാമ്പിന്റെ ഇരുവശത്തും നൂറുകണക്കിന് ബൗണ്‍സര്‍മാരും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ടിവികെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാര്‍ട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയിന്റെ രാഷ്ട്രീയ പ്രവേശനം. എട്ട് മാസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു.2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്.

യൂണിയന്‍ തെരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ്‌ ഐ – കെ എസ് യു സംഘര്‍ഷം

യൂണിയന്‍ തെരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ്‌ ഐ – കെ എസ് യു സംഘര്‍ഷം

കോട്ടയം: സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്യാംപസില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പൊലീസ് വാഹനത്തില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചിറക്കി.

തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയന്‍ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. ബസേലിയസ് കോളജില്‍ വിജയിച്ച കെഎസ്യു പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വൈകിട്ടോടെ പ്രകടനമായി സിഎംഎസ് കോളജിലെത്തിയിരുന്നു.

സിഎംഎസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരും ബസേലിയസില്‍ നിന്നുവന്ന ഐ- കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കോട്ടയത്തെ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. കൗണ്ടിങ് ഹാളിനു മുന്നില്‍ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാപക കല്ലേറുമുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ടിന്റെ വാഹനവും മറ്റൊരു വാഹനവും ആക്രമിക്കപ്പെട്ടു.

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട, ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട, ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.

ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,

വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണല്ലോ. എന്നാല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.

അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വര്‍ണ്ണാഭമായ ഓര്‍മ്മകളും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍.