by Midhun HP News | Aug 22, 2025 | Latest News, കേരളം
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ അധ്യക്ഷന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ മുതല്‍ തൃശൂരില്‍ ബിജെപി സംസ്ഥാന ശില്‍പ്പശാലയും നടക്കും.

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ബോള്‍ഗാട്ടി ജംഗ്ഷന്‍, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷന്‍, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വെള്ളിയാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പിന്നീട് ചെന്നൈയിലേക്ക് പോകും.

by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അങ്കണവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബർ 8 മുതൽ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫീസർമാരും സൂപ്പർവൈസർമാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 56 പേർക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സർക്കാർ അനുമതിയോടെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ആഗസ്റ്റ് 5 മുതൽ 7 വരെ സംഘടിപ്പിച്ചു.

സംസ്ഥാന തലത്തിൽ TOT പരിശീലനം ലഭ്യമായ പരിശീലകർ ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഹോം സയൻസ് സ്ഥാപനങ്ങളുമായി കൈ കോർത്ത് അതാതു ജില്ലകളിലെ സി.ഡി.പി.ഒ ആന്റ് സൂപ്പർവൈസർമാർ / തെരെഞ്ഞെടുത്ത അങ്കണവാടി വർക്കർ / ഹെൽപ്പർ എന്നിവർക്കുള്ള ജില്ലാതല പരിശീലനം നൽകും. തുടർന്ന് ഇവർ സെക്ടർ, സബ് സെക്ടർ തലത്തിൽ 66240 അങ്കണവാടി പ്രവർത്തകർക്കു പരിശീലനം നൽകും.

അങ്കണവാടികളിലെ WBNP വഴി വിതരണം ചെയ്യുന്ന അരിയും സംസ്ഥാന സർക്കാർ പോഷകബാല്യം പദ്ധതിയിലൂടെ അനുവദിക്കുന്ന മുട്ടയും പാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അനുവദിച്ചു വരുന്ന മറ്റു ഭക്ഷ്യ സാധനങ്ങളും ഉപയോഗിച്ചാണ് ഗുണഭോക്താക്കളുടെ താല്പര്യത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാർഗനിർദ്ദേശ പ്രകാരം പരിഷ്കരിച്ച മാതൃക ഭക്ഷണമെനു നടപ്പിലാക്കുന്നത്.

by Midhun HP News | Aug 21, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിലെ കമ്പനികൾ ജോലിക്കായി പുതിയ ആളുകളെ തെരഞ്ഞെടുക്കുമ്പോൾ രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. പ്രതീക്ഷിക്കുന്ന ശമ്പളം, മുൻപരിചയം ഈ രണ്ട് കാര്യങ്ങളാണ് കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത്. അടുത്തിടെ ഗൾഫ് രാജ്യങ്ങൾ നടത്തിയ സർവേയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 38 ശതമാനം ആളുകളും ജോലി വേണ്ടെന്ന് വെച്ചത് അവർ പ്രതീക്ഷിച്ച ശമ്പളം ലഭിക്കാത്തത് കൊണ്ടാണ്.
താരതമ്യേന കുറഞ്ഞ ശമ്പളത്തിന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുക അത്ര എളുപ്പമല്ല. കുട്ടികളുടെ സ്കൂൾ ഫീസ്, വീട് വാടക, മറ്റു ചെലവുകൾ കൂടി കൂട്ടുമ്പോൾ ഉയർന്ന ശമ്പളം തന്നെ ലഭിച്ചാൽ മാത്രമേ ഇവിടെ ജീവിക്കാൻ കഴിയുകയുള്ളു. അത് കൊണ്ടാണ് പല തൊഴിലാളികളും ജോബ് ഓഫർ സ്വീകരിക്കാൻ മടി കാണിക്കുന്നത്. ഇത്രയും വലിയ ശമ്പളം നൽകി തൊഴിലാളികളെ ജോലിക്കായി തെരഞ്ഞെടുക്കാൻ പല കമ്പനികൾക്കും സാധിക്കാറില്ല.

മറ്റൊരു പ്രശ്നം മുൻപരിചയമുള്ള ജീവനക്കാരെ ലഭിക്കുക എന്നുള്ളതാണ്. പല കമ്പനികൾക്കും അവരുടെ ഒഴിവുള്ള തസ്തികകൾ വളരെ വേഗം നിയമനം നടത്തേണ്ടി വരും. ആ സമയത്ത് മുൻപരിചയമുള്ള ജീവനക്കാരെ ലഭിക്കാതെ വരുന്നത് വലിയ പ്രതിസന്ധി ആണ് കമ്പനികൾക്ക് സൃഷ്ടിക്കുന്നത്. കഴിവും, മുൻപരിചയവുമുള്ള ജീവനക്കാർ ആവശ്യപ്പെടുന്നത് കമ്പനികളുടെ ബജറ്റിൽ കൂടുതലുള്ള ശമ്പളം ആയിരിക്കും. ഇത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
എന്ത് കൊണ്ട് ഇന്ത്യക്കാർ ?
ഇന്ത്യക്കാർക്ക് പുറമെ, അറബ്, ഇന്ത്യൻ, ഫിലിപ്പീനിയൻ പൗരന്മാരെയാണ് കമ്പനികൾ പ്രധാനമായും ജോലിക്കായി തെരഞ്ഞെടുക്കുന്നത്. ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജനസംഖ്യയിലും ഉപഭോക്താക്കളുടെ കണക്കിലും മുന്നിലുള്ള ഈ രാജ്യത്തിൽ നിന്നുള്ള ആളുകളാണ്. അത് കൊണ്ട് തന്നെ ആളുകൾക്ക് ജോലി നൽകുമ്പോൾ ജനസംഖ്യാപരമായ ഈ ഘടകം കമ്പനികൾ പരിഗണിക്കും.

മുൻപരിചയം, വളരെ വേഗം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, സാംസ്‌കാരികമായ ബന്ധം ഇതൊക്കെ ആണ് ഇന്ത്യൻ പൗരന്മാരെ മികച്ചതാക്കുന്നത്. ഇത് മാത്രവുമല്ല ഗൾഫ് മേഖലയ്ക്ക് അനുയോജ്യമായ പ്രാദേശിക അവബോധം, മികച്ച സാങ്കേതിക അറിവ്, മികച്ച സേവന മികവ് ഈ മൂന്ന് ഘടകങ്ങളും ഈ രാജ്യത്തിൽ നിന്നുള്ളവർക്ക് ഉണ്ട്. അത് കമ്പനികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. അത് കൊണ്ടാണ് അറബ്, ഇന്ത്യൻ,ഫിലിപ്പീനോസ് പൗരന്മാരെ കമ്പനികൾ പ്രധാനമായും ജോലിക്കായി നിയോഗിക്കുന്നത്.

by Midhun HP News | Aug 21, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും ഇതിലൊന്ന് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്കേറ്റതുമായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കുളിന് സമീപത്തുനിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് എക്സ്പ്ലോസീവ് സബ്സ്റ്റാന്‍സസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവാണെന്നും മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു സ്‌കൂളില്‍ വച്ചതെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു.

by Midhun HP News | Aug 21, 2025 | Latest News, കേരളം
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. ഇതിനോടകം ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് നടന്നത്. പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും ഇതു വ്യക്തമാണ്. ആരോപണ വിധേയനായ വ്യക്തി ജനപ്രതിനിധിയും, രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്. എംഎല്‍എ സ്ഥാനത്തിരിക്കുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, പരാതിക്കാരെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് രേഖാമൂലം നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

എവിടെയാണ് പരാതിയെന്നും, ആരെങ്കിലും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടോയെന്നും മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചിരുന്നു. ആരെങ്കിലും പരാതി നല്‍കിയാല്‍ നിയമപരമായി നേരിടും. കോടതിയിലടക്കം പോയി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയും, മറ്റു വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തു വന്നിരുന്നു.

by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
റഷ്യൻ–യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ തളിർക്കുമ്പോൾ ഇതേ യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു. യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും ചേർത്തല എസ്എൻപുരം മംഗലശേരി വീട്ടിൽ വിനായക മൂർത്തിയുമാണ് ഇന്നലെ ചേർത്തല കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ മിന്നും മാലയും ചാർത്തിയത്. മിസൈലുകളെയും ബോംബുകളെയും തോൽപിച്ച തീവ്രപ്രണയകാലത്തിനൊടുവിലാണ് രണ്ടുദിവസം മുൻപ് ശിവഗിരിയിൽ ഇവർ ആചാര പ്രകാരം വിവാഹം നടത്തി.

ഇംഗ്ലിഷ് അധ്യാപകനായ വിനായക മൂർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇംഗ്ലിഷ് പഠിപ്പിക്കുമ്പോഴാണ് 2021ൽ കീവിലെ യൂലിയയെ പരിചയപ്പെടുന്നത്. അധികം വൈകാതെ യൂലിയയെ കാണാൻ വിനായക മൂർത്തി യുക്രെയ്നിലേക്കു പുറപ്പെട്ടു. അവിടെ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. പക്ഷേ അപ്പോഴേക്ക് യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടങ്ങിയിരുന്നു.
യൂലിയയുടെ അനുജത്തിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷം കഴിഞ്ഞ് യൂലിയയുടെ കുടുംബവും വിനായക മൂർത്തിയും രാത്രി വീട്ടിലേക്ക് മടങ്ങിവരും വഴി വീടനടുത്തുള്ള വിമാനത്താവത്തിൽ റഷ്യ ബോംബിട്ടു. വീട് ഉപേക്ഷിച്ച് എല്ലാവരും പോയ കൂട്ടത്തിൽ ഇവരും ദൂരെയുള്ള ഗ്രാമത്തിലെത്തി.
അവിടെ കഴിഞ്ഞ് 12–ാം ദിവസം സമീപത്തെ ആണവനിലയം റഷ്യ തകർക്കുമെന്ന അഭ്യൂഹം പരന്നതോടെ യൂലിയയുടെ പിതാവ് അനുജത്തിമാരെയും അമ്മയെയും വിനായക മൂർത്തിയുടെ കൂടെ പോളണ്ടിലേക്കു ട്രക്കിൽ കയറ്റിവിട്ടു. പക്ഷേ ഇടയ്ക്കുവച്ച് വിനായക മൂർത്തിക്കു നിയമ പ്രശ്നങ്ങൾ മറികടക്കാൻ റുമാനിയയിൽ ഇന്ത്യൻ എംബസിയിൽ പോകേണ്ടിവന്നു. യൂലിയ അമ്മയോടും അനുജത്തിമാരോടും കൂടെ പോളണ്ടിൽ എത്തി.

പിന്നീട് യൂലിയ ജർമനിയിൽ അധ്യാപികയായി. വിനായക മൂർത്തി നാട്ടിലേക്കു മടങ്ങി. ഇതിനിടെ യൂലിയ വിനായക മൂർത്തിയെ കാണാൻ ഒരുമാസം കേരളത്തിലെത്തി താമസിച്ചു മടങ്ങി. ഇതിനിടെ വിനായക മൂർത്തിക്ക് ഉസ്ബെക്കിസ്ഥാനിൽ അധ്യാപകനായി ജോലി ലഭിച്ചു. 2024ൽ വിവാഹം തീരുമാനിച്ചെങ്കിലും നിയമ തടസ്സങ്ങളുണ്ടായി. തടസ്സങ്ങൾ നീക്കി 4ദിവസം മുൻപ് പിതാവിനോടൊപ്പം ചേർത്തലയിൽ വന്ന യൂലിയ വിനായക മൂർത്തിയുടെ ജീവിതസഖിയായി മാറി. യൂലിയ 23ന് ജർമനിയിലെ ജോലി സ്ഥലത്തേക്കും പിന്നാലെ വിനായക മൂർത്തി ഉസ്ബെക്കിസ്ഥാനിലേക്കും പോകും.

Recent Comments