by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്റർ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ഓർമ്മക്കായി വിദ്യാർഥികൾക്ക് വേണ്ടി കഥാ രചനമൽസരം സംഘടിപ്പിക്കുന്നു. പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ഭാഗമായുള്ള സുനിൽ കൊടുവഴന്നൂർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് കഥാരചന
മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
വിഷയം: ഓണം
നാല് ഫുൾ പേജിൽ കവിയാത്ത രചനകൾ 2025 ആഗസ്റ്റ് 30 ന് മുൻപായി ലഭിക്കുന്ന വിധം അയക്കേണ്ടതാണ്.
അയക്കേണ്ട വിലാസം:
മെയിൽ ഐഡി: pratheekshaclub8@gmail.com
വാട്സ് ആപ്പ് നമ്പർ:7510753272
വിദ്യാർഥിയുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, സ്കൂളിലെ ഐഡി കാർഡിൻ്റെ പകർപ്പ് എന്നിവ കൂടി ഇതോടൊപ്പം അയക്കേണ്ടതാണ്.
വിജയികൾക്ക് ഒന്നാം സമ്മാനം:2001 രൂപ
രണ്ടാം സമ്മാനം: 1001 രൂപ
മൂന്നാം സമ്മാനം: 501 രൂപ എന്നിങ്ങനെ നൽകുമെന്ന് പ്രതീക്ഷയുടെ ഭാരവാഹികൾ അറിയിച്ചു.


by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കാന്‍ഡ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതില്‍ സംഘടനയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരുടെ അടക്കം ഉള്‍പ്പെടുന്നതായാണ് വിവരം. ഇപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഹൈക്കമാന്‍ഡ് കടുപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ് വഹിക്കുന്നത്. എംഎല്‍എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എംഎല്‍എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി മുഖം രക്ഷിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് അടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണമെന്ന തരത്തില്‍ നേതാക്കളുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായവും ഉയര്‍ന്നിരുന്നു.
by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പൊന്നാടയും ഒരുങ്ങുന്നത് പെരിങ്ങമ്മലയിൽ നിന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്രമന്ത്രിമാർക്കടക്കമുള്ള ഓണക്കോടിയായാണ് ബാലരാമപുരം കൈത്തറിയിലെ സാരിയും പൊന്നാടയും തയാറാക്കിയിരിക്കുന്നത്. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റക്സിന് നൽകിയ ഓർഡർ പ്രകാരമാണ് കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്‍റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് ഓർഡർ ലഭിച്ചത്.

നാലാം വർഷമാണ് പ്രധാനമന്ത്രി ഉൾപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് കൈത്തറി വസ്ത്രങ്ങൾ നെയ്തു നൽകുന്നതെന്ന് സൊസൈറ്റി സെക്രട്ടറി വി.സന്തോഷ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വർണ കസവിൽ ടിഷ്യു മെറ്റീരിയലിലാണ് സാരി തയാറായത്.15 റോയൽസാരികൾ, 110 പൊന്നാട, 15 റോയൽ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാർ നെയ്തെടുത്തത്. പതിനഞ്ചോളം കൈത്തറി നെയ്ത്തുകാർ 20 ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്.

നെയ്തെടുത്ത വസ്ത്രങ്ങൾ ഹാന്‍റക്സിന് കൈമാറും. ഇവിടെ നിന്നും ആറന്മുള കണ്ണാടി ഉൾപ്പടെ സംസ്ഥാനത്തെ വിവിധ കലാശില്പങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്സായാണ് നൽകുന്നത്. പ്രധാനമന്ത്രിക്കുള്ള പൊന്നാട ടിഷ്യു മെറ്റീരിയലിൽ സ്വർണ കസവ് കള്ളികളായി നെയ്തതാണ്. അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്വർണവും വെള്ളിയും കസവുകൾ ഇടകലർത്തി കള്ളികളായി നെയ്തതാണ്. ഓണക്കോടിയായി കസവ് വസ്ത്രം തെരെഞ്ഞെടുത്തത്തിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
ലേഡീസിനും ജെൻസിനുമായി ഒരു കംപ്ലീറ്റ് കോസ്റ്റ്യൂം ഔട്ട്ലെറ്റുമായി നാസ് ഫാഷൻസ് പ്രവർത്തനമാരംഭിക്കുന്നു. സോന കളക്ഷൻ്റെ മറ്റൊരു സംരംഭമായ നാസ് ഫാഷൻസ് 23-08-2025 (ശനിയാഴ്ച) ഉദ്ഘാടനം ചെയ്യുകയാണ്. വർക്കല പുത്തൻ ചന്തയിലാരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം വർക്കല എം എൽ എ വി. ജോയി നിർവഹിയ്ക്കും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആദ്യ വില്പന നടത്തും. മികച്ച കളക്ഷൻസ്, മിതമായ വില എന്നിവയും നാസ് ഫാഷൻസ് ഉറപ്പ് നൽകുന്നു.



by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് വർക്കല ഗ്രൂപ്പ് സമ്മേളനം നടത്തുന്നു. പാർവതീപുരം ഭജനമഠം ഹാളിൽ ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.ടി ഡി ഇ എഫ് ഗ്രൂപ്പ് പ്രസിഡന്റ് ഒ കെ കൃഷ്ണകുമാർ അധ്യക്ഷനാകും. പരിപാടിയിൽ മറ്റ് പ്രമുഖരും പങ്കെടുക്കും.

പരിപാടിയിൽ സെർവിസിൽ നിന്നും വിരമിച്ച ജീവനക്കാരെ ആദരിക്കലും എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങി ഉന്നത വിദ്യാഭാസത്തിൽ വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ അനുമോദിക്കുകയും ചെയ്യും.


by Midhun HP News | Aug 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘം അറസ്റ്റിൽ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഈ മാസം 14ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് പ്രതികളെ പിടികൂടിയത്. വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന ഷെജിൻ എന്നിവരാണ് ആദ്യം പിടിയിലായത്.

തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നൽകിയവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്‌മിജു സണ്ണി, സണ്ണി എന്നിവരെയാണ് രണ്ടാമത് അറസ്റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണം വിതരണം നടത്തിയിരുന്ന സംഘത്തിന്റെ തലവനായ അഖിൽ ക്ലീറ്റസിനെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.
ഉരച്ച് നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദ്ധമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. അഖിൽ ക്ലീറ്റസിനെതിരെ നേരത്തേ കൊലപാതക കേസും എൻഡിപിഎസ് കേസുകളും നിരവധി തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌മിജു സണ്ണിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. വ്യാജ സ്വർണക്കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫറാഷിന്റെ നിർദേശപ്രകാരം കന്റോൺമെന്റ് എസിപി സ്റ്റുവെർട്ട് കീലറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ഉമേഷ്, സബ് ഇൻസ്‌പെക്‌ടർ ജഗൻ മോഹൻ ദത്തൻ, ഗ്രേഡ് എസ്‌ഐ മനോജ്, എസ്‌സിപിഒമാരായ അനീഷ്, അജിത്ത്, സിപിഒമാരായ അരുൺ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Recent Comments