രാഹുലിനെതിരെ പരാതിയുമായി മുന്‍ എംപിയുടെ മകളും?; എഐസിസിക്ക് ലഭിച്ചത് ഒമ്പതു പരാതികള്‍

രാഹുലിനെതിരെ പരാതിയുമായി മുന്‍ എംപിയുടെ മകളും?; എഐസിസിക്ക് ലഭിച്ചത് ഒമ്പതു പരാതികള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ മുന്‍ എംപിയുടെ മകളും ഉണ്ടെന്ന് സൂചന. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിട്ടുള്ളത്.

ഗുരുതരമായ ആരോപണങ്ങളും തെളിവുകളും അടക്കമുള്ള പരാതികളാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് ലഭിച്ചത്. തുടര്‍ന്ന് ദീപാദാസ് മുന്‍ഷി ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ആലോചിച്ചു. പരാതികളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു.

എന്നാല്‍ വോട്ട് ചോരി വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ലോങ് മാര്‍ച്ചിന് ശേഷം സ്ഥാനമൊഴിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലായി ആരോപണങ്ങളും ഫോണ്‍ ചാറ്റുകളും ശബ്ദസന്ദേശങ്ങളം പുറത്തു വന്നതോടെ, കടുത്ത നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഉടന്‍ രാജിവെച്ചേ മതിയാകൂ എന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല സന്ദേശം കൈമാറിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയോടാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കണം. ഇനിയും നടപടി വൈകിയാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാകും. നടപടി വൈകുംതോറും പാര്‍ട്ടിക്ക് പ്രതികൂലമായി മാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു.PS 763057 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PT 354012 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PU 475795 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

(Remaining all series)

PN 763057
PO 763057
PP 763057
PR 763057
PT 763057
PU 763057
PV 763057
PW 763057
PX 763057
PY 763057
PZ 763057

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലയ്ക്കും

കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലയ്ക്കും

തിരുവനന്തപുരം: പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി) കണ്‍വീനര്‍ കെ.എസ്. പ്രദീപ് പറഞ്ഞു. കേരളത്തില്‍ 57 ലക്ഷം അക്കൗണ്ടുകളാണ് കെവൈസി കാലാവധി കഴിഞ്ഞവയായുള്ളത്.

കെവൈസി പുതുക്കാത്തതിന്റെപേരില്‍ ഇതിനകംതന്നെ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 2014-15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നിലുള്ളത്.

നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിത്തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങാനും ഇടയാകും. ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കേണ്ടത്.

നാട്ടിലുള്ള കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നുതീര്‍ക്കാൻ തീവ്രയത്‌ന പരിപാടി

നാട്ടിലുള്ള കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നുതീര്‍ക്കാൻ തീവ്രയത്‌ന പരിപാടി

മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച്‌ വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘർഷം ലഘൂകരിക്കാൻ ഒരുവർഷത്തെ തീവ്രയത്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഉദ്ഘാടനം 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ’ എന്നാണ് പരിപാടിയുടെ പേര്.

ഇതിന്റെ ഭാഗമായി നാട്ടിലെ മുഴുവൻ കാട്ടുപന്നികളെയും പൂർണമായി ഉന്മൂലനംചെയ്യും. ഇതിനായി ഒരുവർഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നയത്തില്‍ പ്രഖ്യാപിച്ചു. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈല്‍ഡ് വാർഡനുള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കല്‍. യുവജന ക്ലബ്ബുകള്‍, കർഷകക്കൂട്ടായ്മകള്‍, കർഷകത്തൊഴിലാളികള്‍, റബ്ബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.

തൊഴിലുറപ്പു പദ്ധതിയില്‍ കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. ഇപ്പോള്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്കരിക്കും.

അഭിപ്രായം അറിയിക്കാം

വനംവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെപ്പറ്റി 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. അക്രമകാരികളായ വന്യജീവികളെ നേരിടാൻ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നേടിയെടുക്കും. കാനനപാതയോരത്ത് വന്യജീവികളെ ഉപദ്രവിക്കുന്നതും അവയെ ആകർഷിക്കാൻ നടത്തുന്ന ശ്രമങ്ങളും നിരീക്ഷിക്കാൻ സംവിധാനംവരും.

വന്യജീവികള്‍ കാരണമുള്ള മനുഷ്യമരണങ്ങള്‍ കുറഞ്ഞുവരുന്നതായും നയരേഖ വ്യക്തമാക്കുന്നു.

പാമ്ബുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കുക, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇൻഷുറൻസ്, സൗരവേലികള്‍ സ്മാർട്ട് ആക്കുക തുടങ്ങിയവയാണ് നയരേഖ മുന്നോട്ടുവെക്കുന്ന മറ്റ് പരിപാടികള്‍.

ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാര്‍മികതയുടെ പേരിലാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ജവത്തോട് കൂടി ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കും. അതില്‍ താനും പങ്കാളിയാകും.

സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് താന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘യുവ നടി എന്റെ സുഹൃത്ത്. യുവനടി എന്നെ കുറിച്ചാണ് പറഞ്ഞത് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. വിശ്വസിക്കുന്നുമില്ല. എന്റെ പേര് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. മാധ്യമങ്ങളാണ് എന്റെ പേര് നല്‍കിയത്. നിയമസംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി എന്റെ ഭാഗത്ത് നിന്ന് ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല. നിയമവിരുദ്ധമായി ഞാന്‍ എന്തെങ്കിലും ചെയ്തതായി ആരും പരാതിയും നല്‍കിയിട്ടില്ല.

നീതിന്യായ സംവിധാനങ്ങളില്‍ ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ഓഡിയോ ക്ലിപ്പ് സാധ്യമല്ലാത്ത കാര്യമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ഞാന്‍ നിര്‍ബന്ധിച്ചു എന്ന പരാതി വന്നിട്ടുണ്ടോ? ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്ന പരാതി ഏതെങ്കിലും വ്യക്തി പറഞ്ഞിട്ടുണ്ടോ? ആരും പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുമ്പോള്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ പോരാടും’- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.