by Midhun HP News | Sep 27, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഒട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. വണ്ടന്നൂർ ചെവള ക്കോണം വിളയിൽ വീട്ടിൽ ബാബുവിൻ്റെയും ഷീല കുമാരിയുടെയും മകൻ ബിപിൻ ബാബു (26), ഓട്ടോ ഓടിച്ചിരുന്ന വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്ത് (29) എന്നിവരാണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന അനന്ദൻ (20) നാണു പരിക്കേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിൽ എതിർ ദിശയിൽ നിന്ന് അതിവേഗതയിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. പരിക്കേറ്റേ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും
ശ്രീജിത്തിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബിപിൻ ബാബു വൈകുന്നേരത്തോടെയും ശ്രീജിത്ത് രാത്രിയോടെയും മരണപ്പെട്ടു. ബിപിൻ ബാബുവിൻ്റെ വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു.
ഭാര്യ: സുറുമി
സഹോദരൻ: മിഥുൻ ബാബു




by Midhun HP News | Sep 27, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമര്‍ദമായി തുടരാന്‍ സാധ്യത. ഇത് ക്രമേണ ദുര്‍ബലമായി ശക്തി കൂടിയ ന്യൂനമര്‍ദ മേഖലയായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തായ്ലന്ഡിനും സമീപ മ്യാന്മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലേക്ക് എത്താന്‍ സാധ്യത. തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍, മ്യാന്മര് ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം -മാഹി – ലക്ഷദ്വീപ് – തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ നാളെ (28-09-2026 ) വരെ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ – റെഡ് അലര്‍ട്ട്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ രാവിലെ 10.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

by Midhun HP News | Sep 27, 2026 | Latest News, കേരളം
കൊച്ചി: കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവില്‍ നിര്‍ണായകമാകും.
എല്ലാ ജില്ലകളിലും സിജെപി ഘടകങ്ങള്‍ വൈകാതെ നിലവില്‍ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളില്‍ ഗൗരവപൂര്‍ണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം.

ദക്ഷിണ മേഖലാ ഇന്‍ ചാര്‍ജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാന്, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിന് നോബിള്‍ എന്നിവരാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രഖ്യാപനം.ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് ആഹ്വനം.മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്.


by Midhun HP News | Sep 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന് നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെ നല്‍കണം. ഇതു കണക്ഷന് സറണ്ടര്‍ ചെയ്യുമ്പോള്‍ തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയിലാണെന്നു, ഏജന്‍സികള്‍ പറയുന്നു. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെ നല്കിയാല് മതിയായിരുന്നു.
സബ്സിഡി സിലിണ്ടര്‍ നിറയ്ക്കാന്‍ നിലവില്‍ 960 രൂപ വരെയാണു കേരളത്തിലെ വില. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സിലിണ്ടറിന് കിലോഗ്രാമിന് ഇരട്ടിയിലേറെയാണു വിലവര്‍ധന. പുതിയ ഉപയോക്താക്കള്‍ക്കു സിലിണ്ടറിന്റെ വലുപ്പം കുറയുന്നതിനാല്‍ പ്രതിവര്‍ഷം കൂടുതല്‍ സിലിണ്ടറുകളും ആവശ്യമായി വരും.

അതേസമയം, പഴയ ഗാര്‍ഹിക സിലിണ്ടര്‍ കണക്ഷനുകള്‍ പഴയ വ്യവസ്ഥയില്‍ നിറച്ചു കൊടുക്കുന്നതു തുടരുന്നുണ്ട്. മുന്‍പു പ്രയോജനപ്പെടുത്തിയിരുന്ന സബ്സിഡി ഉപയോക്താക്കള്‍ക്കു തുടരാനും അനുവാദമുണ്ട്.


by Midhun HP News | Sep 26, 2026 | Latest News
കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി അമൃതപുരി. ഇനി രണ്ടുദിവസം അമൃതപുരിയില്‍ അമൃതോത്സവം. വിശ്വസേവാദിനമായി ആചരിക്കുന്ന ശനിയാഴ്ചയും ഞായറാഴ്ചയും അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍ വിപുലമായ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് അമൃതപുരിയിലെത്തുക. ആശ്രമത്തില്‍ നിന്ന് അമൃത സര്‍വകലാശാല കാമ്പസിലെത്തുന്ന അമ്മയെ ഭക്ത്യാദരപൂര്‍വം സ്വീകരിക്കും.
ഇന്ന് വൈകീട്ട് നടക്കുന്ന പൊതുപരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും. നാലോടെ അമൃതപുരി കാമ്പസ് ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഞ്ചോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. അമൃത കീര്‍ത്തി പുരസ്കാരം മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര മേഖലയിലെ പ്രഗത്ഭര്‍ക്ക് മഠം നല്‍കുന്നതാണ് അമൃതകീര്‍ത്തി പുരസ്കാരം. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതീ ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

27ന് രാവിലെ 11 മണിക്ക് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുക്കും. വിശ്വസേവാദിനത്തോടനുബന്ധിച്ച് 50 കോടി രൂപയുടെ ജീവകാരുണ്യപദ്ധതികള്‍ക്ക് മഠം തുടക്കം കുറിക്കും. പരിപാടിയുടെ ഭാഗമായി അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം നല്കുന്ന രണ്ട് കോടി രൂപ കൈമാറും. 27ന് രാവിലെ ഒമ്പതിന് ശ്രീ ഗുരു പാദുക പൂജ, തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ സത്സംഗം, വിശ്വശാന്തി പ്രാര്‍ത്ഥന, ഭജന എന്നിവ നടക്കും. രാവിലെ 11 മണിക്ക് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ഔദ്യോഗിക ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, മുഖ്യമന്ത്രി വിഡി സതീശന്, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചടങ്ങില്‍ അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സഹായം (20 കോടി), മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായം, തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുമുള്ള ധനസഹായ പ്രഖ്യാപനം എന്നിവ നടക്കും. പ്രധാന ചടങ്ങിനുശേഷം സമൂഹവിവാഹവും നടക്കും.


by Midhun HP News | Sep 26, 2026 | Latest News, കേരളം
സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. റിയാലിറ്റി ഷോയിൽ വിധികർത്താവായിരുന്ന് പാട്ടിലെ വരികളുടെ അർത്ഥം കൃത്യമായി അറിയാതെ ശരത്ത് വ്യാഖ്യാനിക്കുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് ശാരദക്കുട്ടി കുറിച്ചു. സുദീപിനെയോ ബിജിബാലിനെയോ പോലെ ഉള്ളവരെ കൂടെ ഇരുത്തി കുട്ടികൾക്ക് അറിവുകൊടുക്കുന്നതാണ് ഉചിതമെന്നും ചിന്തയിൽ ഭാവദീപ്തി ഉള്ളവർക്കെ പാട്ടോ അതിൻ്റെ അർത്ഥാന്തര വ്യാപ്തിയോ പിടികിട്ടൂവെന്നും അവർ കുറിച്ചു.
കുറിപ്പിലൂടെ തുടർന്ന് വായിക്കാം…
ചലച്ചിത്ര സംഗീത സംവിധായകൻ വരികളുടെ അർത്ഥസുഷമ രചയിതാവിൻ്റെ യത്ര കൃത്യതയോടെ അറിയണമെന്ന് നിർബ്ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നും പറയാം. അങ്ങനെയും മലയാള ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കുറിപ്പിൻ്റെ സന്ദർഭം ഇതാണ്…. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായിരിക്കുന്ന സംഗീത സംവിധായകൻ ശരത് അവതാരകയായ പെൺകുട്ടിയോട് സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ എന്ന വരിയുടെ അർത്ഥം ചോദിക്കുന്നു.
കൗമാരക്കാരിയായ അവതാരക അർത്ഥം തെറ്റിച്ച് പറയുമ്പോൾ ശരത് പതിവ് രീതിയിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. റിയാലിറ്റി ഷോയുടെ വിപണന തന്ത്രം എന്നെ കരുതിയുള്ളു. എന്നിട്ടൊടുവിൽ ശരത് പാട്ടിൻ്റെ അർത്ഥം ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എല്ലാം അറിയാമെന്ന ഭാവത്തിൽ പറയുമ്പോൾ എന്തെങ്കിലുമൊരു തയ്യാറെടുപ്പ് വേണ്ടേ?. സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ…. എന്ന പ്രശസ്ത ഗാനത്തിന് ശരത് പറഞ്ഞ് കൊടുത്ത അർത്ഥത്തിലും ഭേദം ആ പെൺകുട്ടി പറഞ്ഞ പൊട്ടത്തരം തന്നെയായിരുന്നു.
അതിലൊരു തമാശയെങ്കിലുമുണ്ടായിരുന്നു. മലയാളത്തിലെ അതിപ്രശസ്തമായ പ്രണയ ഗാനമാണത്. ഉണ്ണായി വാര്യരുടെ നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാര പ്രധാനമായ പദത്തിലെ ഭാഗങ്ങൾ ചേർത്ത് വയലാർ എഴുതിയ ആ ക്ലാസിക് ഗാനത്തെ ദേവരാജൻ മാസ്റ്റർ തൊട്ടതെങ്ങനെയെന്നെങ്കിലും അതിനുപയോഗിച്ച രാഗ ഭംഗിയുടെ ഔചിത്യമെങ്കിലും മനസിലാക്കാതെ അതിൽ കയറി മേയാൻ ശരത് കാണിച്ച ആ ധൈര്യം അപാരം തന്നെ.
മിതമായ ഭാഷയിൽ അതിനെ അഹങ്കാരമെന്നെ പറയാനാകൂ. മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും കുഞ്ജകുടീരങ്ങളിൽ ലാവണ്യവതികൾ ലാളിച്ച് വളർത്തും ദേവഹംസങ്ങളേ നിങ്ങൾ ദൂതുപോയൊരു മനോരഥത്തിലെൻ ദേവിയുണ്ടോ ദേവീ കച്ചമണികൾ നൃത്തം വെക്കുന്ന വൃശ്ചികരാവുകൾ, കഥകളി മുദ്രയാം കമലദളം, മഞ്ജുതരയുടെ മഞ്ഞ്, ദേവഹംസങ്ങൾ ദൂതു പോകുന്ന മനോരഥം ഇതൊക്കെ എന്തെന്നറിയാതെ ആ കൽപകോദ്യാനത്തെ അദ്ദേഹം വ്യാഖ്യാനിച്ചു കളഞ്ഞു കുളിച്ചു. ക്ലാസെടുക്കാൻ ഒരുമ്പെടുമ്പോൾ പരിഹസിക്കാൻ വെമ്പൽ വരുമ്പോൾ മിനിമം തയ്യാറെടുപ്പെങ്കിലും വേണം.

ഇവിടെ വിധികർത്താവിൻ്റെ അജ്ഞത, അരസികത ഒക്കെയാണ് അങ്ങ് മുഴച്ച് വരുന്നത്. നളദമയന്തിമാരുടെ മധുവിധു രാത്രിയിലെ ഉദ്യാനവർണ്ണനയിലൂടെ ശൃംഗാരകേളിക്കുള്ള ക്ഷണവും അതിൻ്റെ സൂക്ഷ്മ സൂചനകളുമാണ് ഉണ്ണായിവാര്യരുടെ ഈ പദത്തിന്റെ ഉള്ളടക്കം. ഇന്ദ്രന്റെ നന്ദനവനത്തിനുപോലും ഉപമിക്കാൻ കഴിയാത്തത്ര മനോഹരവും കാമോദ്ദീപകവും സമാനതകളില്ലാത്തതുമാണ് ആ ഉദ്യാനം. അതാണ് കൽപകോദ്യാനമെന്നതിൻ്റെ അർത്ഥ ദീപ്തി.
ഗാനരചയിതാക്കൾ എത്രയോ കാലമായി താലോലിക്കുന്നതും കല്പാന്തകാലത്തോളം നിലനിൽക്കുന്നതുമായ ഒരു പ്രമദവനം തന്നെയാണത്. ഉണ്ണായിവാര്യരെ ഇത്രയ്ക്ക് ലളിത സുന്ദരമായി മലയാള ഗാനശാഖക്ക് സമ്മാനിച്ച മഹാപ്രതിഭകളാണ് വയലാറും ദേവരാജനും. ശരത് പഠിപ്പിക്കുന്നതുപോലെ തെങ്ങിൻ തോപ്പുകൾ നിറഞ്ഞ കേരളമല്ല അത്. അതിതീവ്രമായ പ്രണയമുഹൂർത്തത്തിൽ ചരാചരങ്ങളിലെല്ലാം തുടിക്കുന്ന കാമമാണ് കവി വരികളിൽ അടക്കി വെക്കുന്നത്. അടക്കിപ്പിടിച്ച ശൃംഗാരമാണീ വരികളിൽ തുളുമ്പാതെ തുളുമ്പുന്നത്.

തെങ്ങിൻ തോപ്പും കാട്ടുതാറാവുകൾ ഇണകളെ തിരയുന്ന കായൽ തീരങ്ങളും പ്രണയികൾക്ക് കൽപകോദ്യാനങ്ങൾ തന്നെ. വയലാർ അതും എഴുതിയിട്ടുണ്ട്. പക്ഷെ ഇവിടെ അർത്ഥം അതൊന്നുമല്ല. അതിൽ കേരളത്തിലെ അതിവിശിഷ്ടമായ ഒരു സാഹിത്യസൃഷ്ടി നൽകിയ തിളക്കമുണ്ട്. അതിൻ്റെ മുഴുവൻ സത്തയും ഉൾക്കൊള്ളിച്ച് അതിൽ വീണ്ടും പ്രണയത്തിൻ്റെ മാധുരി കോരിനിറച്ച് വയലാറെഴുതിയതാണ് കൽപകോദ്യാനം എന്ന വാക്ക്. ഗായകൻ സുദീപ് കുമാറും സംഗീത സംവിധായകൻ ബിജിബാലും ചേർന്ന് നടത്തുന്ന ഗാനചർച്ചകൾ ശരത് ഒന്ന് ശ്രദ്ധിക്കണം.

എത്ര സുന്ദരമായാണ് ഗായകൻ വരികളെ മനസിലാക്കി പാടുന്നത്. എത്ര ആദരവോടെയാണ് സംഗീതസംവിധായകൻ അവയെ തൊട്ട് കൂടുതൽ ദീപ്തമാക്കുന്നത്. ശരത് ഈണം കൊടുക്കൂ. പക്ഷെ അർത്ഥമറിയാതെ വ്യാഖ്യാനിക്കരുത്. അതും പോരാതെ മുന്നിൽ നിൽക്കുന്ന കൊച്ചുകുട്ടികളെ പരിഹസിക്കരുത്. സുദീപിനെയോ ബിജിബാലിനെയോ പോലെ ഉള്ളവരെ കൂടെ ഇരുത്തി കുട്ടികൾക്ക് അറിവുകൊടുക്കുന്നതാണ് ഉചിതം.
ചിന്തയിൽ ഭാവദീപ്തി ഉള്ളവർക്കെ പാട്ടോ അതിൻ്റെ അർത്ഥാന്തര വ്യാപ്തിയോ പിടികിട്ടൂ. ദേവരാജൻ മാസ്റ്റർ പറഞ്ഞതായി രവി മേനോൻ ഉദ്ധരിച്ച ഒരു കാര്യം ഇവിടെ ഓർമ്മയിൽ നിന്ന് കുറിക്കട്ടെ. അക്ഷരസ്ഫുടതയില്ലായ്മ ക്ഷമിക്കാം. റേഞ്ച് കുറവായാൽ അതും ക്ഷമിക്കാം. പക്ഷെ ഭാവദീപ്തിയില്ലാത്തവരോട് ആ സംഗീത സംവിധായകന് ക്ഷമിക്കാനാവില്ല. നമുക്കും.. എന്നുമായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.

Recent Comments