നീലയല്ല, ഇനി കാവി നിറം, ഇന്ത്യന്‍ ഹോക്കി ടീമിന് പുതിയ ജഴ്‌സി; വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

നീലയല്ല, ഇനി കാവി നിറം, ഇന്ത്യന്‍ ഹോക്കി ടീമിന് പുതിയ ജഴ്‌സി; വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

ഡല്‍ഹി: പുരുഷ, വനിതാ ലോകകപ്പുകള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിന്റെ പുതിയ ജഴ്‌സി ഹോക്കി ഇന്ത്യ പുറത്തിറക്കി. പരമ്പരാഗതമായ നീല നിറത്തിന് പകരം കുങ്കുമ നിറത്തിലുള്ള ജഴ്‌സിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിറം മാറ്റത്തിനെതിരെ വ്യാപകമായ വിമര്‍ശനവും ചര്‍ച്ചകളുമാണ് ഉയരുന്നത്. പരമ്പരാഗതമായി നീല ജഴ്‌സിയില്‍ കളത്തിലിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് പുതിയ നിറത്തിലുള്ള ജഴ്‌സി നല്‍കുന്നതിന്റെ യുക്തി എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ഹോക്കി മുന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌ക്വിന്‍ഹ ഈ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ‘ഇന്ത്യന്‍ ഹോക്കിക്കായി ഹോക്കി ഇന്ത്യ മികച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഈ തീരുമാനം തികച്ചും നിരാശാജനകമാണ്. ഇന്ത്യന്‍ ടീമിന്റെ പാരമ്പര്യവും സ്വത്വവും എപ്പോഴും നീല നിറമായിരുന്നു. വര്‍ഷങ്ങളോളം ആ നീല ജഴ്‌സി അഭിമാനത്തോടെ അണിഞ്ഞയാളാണ് ഞാന്‍. ആരാധകരും ഇന്ത്യന്‍ ടീമിനെ നീല ജഴ്‌സിയില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ ഓറഞ്ച് നിറം കൊണ്ടുവന്നതിന്റെ യുക്തി എന്താണ്?’ -ഹോക്കി ഇന്ത്യയുടെ വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് റാസ്‌ക്വിന്‍ഹ എക്‌സില്‍ കുറിച്ചു.

ഹോക്കി പുരുഷ ലോകകപ്പ് ഓഗസ്റ്റ് 14 മുതല്‍ 30 വരെ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായി നടക്കും. ഇംഗ്ലണ്ട്, വെയില്‍സ്, പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. വനിതാ ലോകകപ്പ് ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ്. ഓഗസ്റ്റ് 16ന് ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകള്‍. ടീം തീവ്ര പരിശീലനത്തിലാണെന്നും മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമാകാന്‍ സാധിക്കുമെന്നും വനിതാ ടീം ക്യാപ്റ്റന്‍ സലീമ ടെറ്റെ പ്രതീക്ഷ പങ്കുവച്ചു.

പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു; ഇടക്കാല സ്റ്റേ

പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു; ഇടക്കാല സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് ജസ്റ്റിസ് ബച്ചുകുര്യൻ തോമസാണ് പുറപ്പെടുവിച്ചത്. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തിക്കൊണ്ട് 2026 ജൂലൈ 27-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പോലീസ് സേനയ്ക്കുള്ളിലെ ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം കവർന്നെടുക്കാനും ഏകാധിപത്യപരമായി അഡ്ഹോക്ക് കമ്മിറ്റികളെ കുടിയിരുത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഉത്തരവ് നടപ്പിലാക്കുന്നത് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0, തത്കാല്‍ ടിക്കറ്റ് ബുക്കിങ്…; അറിയാം ഓഗസ്റ്റ് ഒന്നുമുതലുള്ള മാറ്റങ്ങള്‍

സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0, തത്കാല്‍ ടിക്കറ്റ് ബുക്കിങ്…; അറിയാം ഓഗസ്റ്റ് ഒന്നുമുതലുള്ള മാറ്റങ്ങള്‍

കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഓരോ മാസവും നിരവധി മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഓഗസ്റ്റ് മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഓഗസ്റ്റില്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വരുന്ന മാറ്റങ്ങള്‍ ചുവടെ:

ഐടിആര്‍ ഫയലിങ്

ശമ്പളക്കാരായ വ്യക്തികള്‍ക്കും ഓഡിറ്റ് ഇല്ലാത്ത വ്യക്തിഗത നികുതിദായകര്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ജൂലൈ 31ന് ശേഷം ഐടിആര്‍-1, ഐടിആര്‍-2 എന്നി ഫോമുകള്‍ ഉപയോഗിച്ച് ആരെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ വൈകിയതിനുള്ള പിഴ ഒടുക്കേണ്ടതായി വരും. അവസാന തീയതിക്ക് ശേഷം സമര്‍പ്പിക്കുന്നവര്‍ക്ക് മൊത്തം നികുതി ബാധകമായ വരുമാന സ്ലാബ് അനുസരിച്ചാണ് സാമ്പത്തിക പിഴ വരുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഔദ്യോഗിക പോര്‍ട്ടല്‍ വഴി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്നതായും ചില കോണുകളില്‍ നിന്ന് പരാതികള്‍ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അവസാന തീയതി നീട്ടുമെന്ന പ്രതീക്ഷയും ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.

ഇനി തത്കാല്‍ ടിക്കറ്റ് ബുക്കിങ് എളുപ്പം

റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും. യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് എളുപ്പം ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടോക്കണ്‍ സംവിധാനം വരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില റെയില്‍വേ സോണുകളില്‍ മാത്രമാണ് നടപ്പാക്കുന്നത്. നീണ്ട ക്യൂ ഒഴിവാക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. റെയില്‍വേ സ്റ്റേഷനില്‍ എത്തി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. ഐആര്‍സിടിസി വഴിയുള്ള ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിങ് സംവിധാനം മാറ്റമില്ലാതെ തുടരും.

കൈവശം 35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍

കൈവശം 35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍

ഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ 33കാരന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.

എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം രൂപ വിലവരുമെന്ന്് പൊലീസ് പറഞ്ഞു. മുന്‍പ് ഒരു സ്വകാര്യ എയര്‍ലൈനില്‍ പൈലറ്റായി പ്രവര്‍ത്തിച്ച അര്‍ഷാദ് അലി നിലവില്‍ ഒരു കമ്പനിയിലും പ്രവര്‍ത്തിക്കുന്നില്ല.

നോയിഡയിലെ സുഹൃത്തില്‍ നിന്നാണ് അഞ്ചു ലക്ഷം രൂപ നല്‍കി എംഡിഎംഎ വാങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. തുടക്കത്തില്‍ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയത്. സാമ്പത്തിക നേട്ടം മനസിലാക്കിയാണ് ലഹരിമരുന്നു വില്‍പനയിലേക്കു കടന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ലഹരിമരുന്നു വില്‍പനയ്ക്കു ശേഷം ബാക്കി തുക നല്‍കാനായിരുന്നു ധാരണ.

ലഹരിമരുന്ന ശൃംഖലയുടെ ഉറവിടം കണ്ടെത്താനും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതുള്‍പ്പെടയുള്ള അന്വേഷണത്തിനായി അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് പറഞ്ഞു.

സൈബര്‍ സെക്യൂരിറ്റി കോഴ്സിന് സീറ്റില്ല; ‘മെറിറ്റ്’ തെളിയിക്കാന്‍ ഐഐടി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി

സൈബര്‍ സെക്യൂരിറ്റി കോഴ്സിന് സീറ്റില്ല; ‘മെറിറ്റ്’ തെളിയിക്കാന്‍ ഐഐടി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി

കാണ്‍പൂര്‍: കാണ്‍പുര്‍ ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന്, തന്റെ ‘പ്രതിഭ തെളിയിക്കാനാ’യി സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു, എനിക്ക് വേണ്ടത് നീതിപൂര്‍വ്വമായ ഒരു അവസരം മാത്രമാണ്’ എന്ന സന്ദേശവും യുവാവ് അതില്‍ രേഖപ്പെടുത്തി.

തന്റെ കഴിവിനനുസരിച്ചുള്ള അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഹാക്കിങ്ങിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വിദ്യാര്‍ഥി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ എക്‌സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഐഐടിയെ ദ്രോഹിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, സൈബര്‍ സെക്യൂരിറ്റി രംഗത്തെ തന്റെ യോഗ്യതയും പ്രായോഗിക കഴിവും തെളിയിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.

അപേക്ഷാ ഫീസ് അടച്ച് ആവശ്യമായ രേഖകളും മുന്‍കാല സൈബര്‍ സെക്യൂരിറ്റി പ്രവൃത്തികളുടെ തെളിവുും സമര്‍പ്പിച്ചിട്ടും പ്രവേശന പ്രക്രിയയുടെ ഭാഗമായുള്ള ‘ഹാക്കത്തോണില്‍’ പങ്കടുക്കാന്‍ തന്നെ തെരഞ്ഞെടുത്തില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. 13-ാം വയസ്സു മുതല്‍ താന്‍ കോഡിങ് പഠിക്കുന്നുണ്ടെന്നും പരമ്പരാഗത എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് പകരം സൈബര്‍ സെക്യൂരിറ്റിയാണ് താന്‍ തിരഞ്ഞെടുതെന്നതും വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി.

സാധാരണ ഇത്തരം കേസുകളില്‍ പൊലീസില്‍ പരാതി നല്‍കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവെങ്കിലും, കാണ്‍പുര്‍ ഐഐടി വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. നിയമനടപടി സ്വീകരിക്കുന്നതിന് പകരം, വിദ്യാര്‍ഥിയുടെ കഴിവ് പരിശോധിക്കാന്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. മണീന്ദ്ര അഗര്‍വാള്‍ തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ഥിക്ക് യഥാര്‍ഥ കഴിവുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍, സ്ഥാപനത്തിന്റെ C3iHub (സൈബര്‍ സെക്യൂരിറ്റി സെന്റര്‍) കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനോ അടുത്ത ഘട്ടത്തില്‍ പ്രവേശനം നല്‍കാനോ പരിഗണിക്കുമെന്ന് പ്രൊഫ. അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം, സ്വന്തം കഴിവ് തെളിയിക്കാന്‍ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കുന്നത് തെറ്റായ മാര്‍ഗമാണെന്നും, മറ്റ് വിദ്യാര്‍ഥികള്‍ ഇത്തരം നടപടികളിലേക്ക് കടക്കരുതെന്നും ഐഐടി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 90 ഉല്‍ക്കകള്‍ ആകാശത്ത് മിന്നിമറയും; പര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരം

മണിക്കൂറില്‍ 90 ഉല്‍ക്കകള്‍ ആകാശത്ത് മിന്നിമറയും; പര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരം

ഷാര്‍ജ: വാനനിരീക്ഷകരും സന്ദര്‍ശകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളിലൊന്നായ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരമൊരുക്കി ഷാര്‍ജ മെലീഹ നാഷനല്‍ പാര്‍ക്ക്. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ നക്ഷത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അല്‍ ഫയ ആര്‍ക്കിയോളജി സൈറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ജ്യോതിശാസ്ത്ര സംഭവങ്ങളില്‍ ഒന്നാണ് പെര്‍സീഡ് ഉല്‍ക്കാവര്‍ഷം. മണിക്കൂറില്‍ 90 വരെ നക്ഷത്രങ്ങള്‍ ആകാശത്തിന്റെ ഇരുട്ടിനെ തുളച്ചുകയറുന്ന ഒരു മനോഹരമായ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

‘സ്വിഫ്റ്റ്-ടട്ടില്‍’ എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെര്‍സീഡ്‌സ് പ്രതിഭാസമുണ്ടാകുന്നത്. ഗ്രീക്ക് പുരാണത്തിലെ വീരനായകനായ പെര്‍സീയുസ് എന്ന നക്ഷത്രസമൂഹത്തില്‍ നിന്ന് പുറപ്പെടുന്നതുപോലെ തോന്നിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. വര്‍ണാഭമായ പ്രകാശവലയങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോകുന്ന ഈ ഉല്‍ക്കകള്‍ വാനനിരീക്ഷകര്‍ക്ക് എന്നും വലിയ കൗതുകമാണ്. 2026 ഓഗസ്റ്റ് 13 ന് രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാം.

ഉല്‍ക്കാവര്‍ഷ നിരീക്ഷണത്തിനു പുറമേ പ്രത്യേക പ്രസന്റേഷനുകള്‍, ക്വിസ് മത്സരങ്ങള്‍, സമ്മാനങ്ങള്‍, ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും ദൂരദര്‍ശിനിയിലൂടെ കാണാനുള്ള പ്രത്യേക സെഷനുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ആസ്‌ട്രോ ഫോട്ടോഗ്രഫിയില്‍ പരിശീലനം ലഭിച്ച വിദഗ്ധരുടെ സഹായത്തോടെ ഈ ആകാശകാഴ്ചകളുടെ ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 068 021 111 എന്ന ഫോണ്‍ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.