by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) മുംബൈയിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു.
ബാർക്കിലെ ഏറ്റവും പുതിയ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്നതിനാണ് റിസർച്ച് അസോസിയേറ്റുകളെ തെരഞ്ഞെടുക്കുന്നത്. അഡ്വാൻസ്ഡ് റിസർച്ച് നടക്കുന്ന 25 മേഖലകളിലേക്കാണ് റിസർച്ച് അസോസിയേറ്റുകളെ ക്ഷണിച്ചിട്ടുള്ളത്.
റേഡിയോകെമിക്കൽ റിസർച്ച് ആൻഡ് കെമിക്കൽ ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, ലേസർ ആൻഡ് പ്ലാസ്മ ടെക്നോളജി ഡിവിഷൻ, കെമിക്കൽ എൻജിനീയറിങ് ഡിവിഷൻ, ന്യൂക്ലിയർ അഗ്രികൾച്ചർ ആൻഡ് ബയോടെക്നോളജി ഡിവിഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ഗവേഷണങ്ങൾ നടക്കുന്നത്.
ന്യൂക്ലിയർ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ലേസർ ടെക്നോളജി, ആക്സിലറേറ്റർ ഫിസിക്സ്, ന്യൂക്ലിയർ അഗ്രികൾച്ചർ എന്നിവ ഉൾപ്പടെ 25 വിഷയങ്ങളിലാണ് ഗവേഷണം. ഇതിലെല്ലാമായി 56 റിസർച്ച് അസോസിയേറ്റ് (ആർ എ- RA) ഒഴിവുകൾ ഉണ്ട്.
പി എച്ച് ഡിയും ഗവേഷണ പശ്ചാത്തലവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.മൂന്ന് തലത്തിലാണ് റിസർച്ച് അസോസിയേറ്റ് ഫെല്ലോഷിപ്പ് നൽക്കുന്നത്. ആർഎ-I / ആർഎ-II / ആർഎ-III എന്നിങ്ങനെയാണ് അത്. ഓരോ പ്രോജ്കടുകൾ അനുസരിച്ച തസ്തികയിലെ യോഗ്യതകളിൽ വ്യത്യാസം വരും.
യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. തപാലിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷ സംവിധാനം ഇല്ല.
ഫെലോഷിപ്പ് ലെവൽ അനുസരിച്ച് ലഭിക്കുന്ന പ്രതിമാസ ശമ്പളം അധിക ആനുകൂല്യങ്ങൾ എന്നിവ
RA-I : 58,000 രൂപ ശമ്പളം, 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
RA-II : 61,000 ശമ്പളം 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
RA-III: 67,000 രൂപ ശമ്പളം 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
ഓരോ ഗവേഷണ പദ്ധതിയിലെയും നിയമന കാലവധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിയമനം പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി ആയിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതിയും അപേക്ഷ ലഭിക്കേണ്ട വിലാസവും
ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ പൂർണ്ണമായ ബയോഡേറ്റ, മാർക്ക് ഷീറ്റുകളുടെ ഒരു സെറ്റ് ഫോട്ടോകോപ്പികൾ, ബിരുദ സർട്ടിഫിക്കറ്റുകൾ (പത്താം ക്ലാസ് മുതൽ എംഇ/എംടെക്./പിഎച്ച്ഡി വരെ), മറ്റ് അക്കാദമിക് യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ സഹിതം അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട വിലാസം
Deputy Establishment Officer,
Recruitment-V,
Central Complex,
BARC, Trombay,
Mumbai–400085
എന്ന വിലാസത്തിൽ അയക്കണം.
ഏപ്രിൽ 24 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
അപേക്ഷയുടെ കവറിന് മുകളിൽ ഏത് ഗവേഷണ പ്രോജക്ടിലേക്ക് ആണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തണം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതു പോലെ വേണം അത് രേഖപ്പെടുത്തേണ്ടത്.
വിശദമായ വിജ്ഞാപനം വായിക്കുന്നതിനും അപേക്ഷയുടെ ഫോർമാറ്റ് ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
by Midhun HP News | Mar 27, 2026 | Latest News, കേരളം
കൊച്ചി: തെരഞ്ഞെടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവമെന്നും കോടതി നിരീക്ഷിച്ചു. പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
വിവാദ പ്രസ്താവനയില്‍ ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മറ്റ് പരാതികളുമുണ്ട്. പരാതികള്‍ പരിശോധിക്കുകയാണെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. കെ എസ് യു നേതാവാണ് ഹര്‍ജി നല്‍കിയത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു എന്നതിനാല്‍ മറ്റെല്ലാ നടപടികളും ഇല്ലാതാകുന്നുണ്ടോ?. കൃത്യമായ നിയമപരിപാലനം നടക്കാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. രണ്ടുമാസത്തിനകം തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു.
ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിൽ പറഞ്ഞിരുന്നു.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: ഷാർജയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദിന് കുത്തേറ്റത്. കഫ്തീരിയ ജീവനക്കാരനാണ്.
സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. തർക്കത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 27, 2026 | Latest News, കേരളം
മലപ്പുറം: സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട്ടെ വീട്ടിലെത്തി, ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെഎന്‍എ ഖാദര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് ഹരിഗോവിന്ദൻ പറഞ്ഞു.
ലീഗ് വാക്കിലല്ല, പ്രവൃത്തിയിലാണ് മാനവിതക സൂക്ഷിക്കുന്നതെന്നും, അതില്‍ വിശ്വാസം അര്‍പ്പിച്ചാണ് ലീഗില്‍ ചേരുന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണ പരിപാടികളില്‍ സജീവമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് പത്തുപന്ത്രണ്ടു വര്‍ഷം മുമ്പേ വ്യക്തമാക്കിയിട്ടുള്ളതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.
കല കൊണ്ടും സാഹിത്യം കൊണ്ടും ഈ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പരമാവധി മാനവിക സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നടക്കുന്ന കലാ-സാഹിത്യ രംഗത്തുള്ളവര്‍ പോലും കാര്യസാധ്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളോട് മൗനം പാലിക്കുകയാണെന്നും ഹരിഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. ശ്രീധരന്റെ അവകാശവാദം കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.
കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)നും, ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്ന്, 2026 മാർച്ച് 19-ന് ലോക്സഭയിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്. പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി സംസ്ഥാനത്ത് നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കുന്നു.
കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരൻ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളും റെയിൽവേ മന്ത്രാലയം നൽകിയ ആർടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.
2026 മാർച്ച് 19-ന് ലോക്സഭയിൽ ഉന്നയിച്ച അൺസ്റ്റാർഡ് ചോദ്യം നമ്പർ 4518-ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)ക്കും ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നാണ്.
ഇതിനോടൊപ്പം, അടുത്തകാലത്ത് കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നഗര ഗതാഗത പദ്ധതികൾ പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും, കേന്ദ്ര സഹായം ലഭ്യമാകാൻ ഔദ്യോഗിക പ്രോപ്പോസലുകൾ സമർപ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു.
2019-ൽ തിരുവനന്തപുരം–കാസർഗോഡ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഒരു DPR തയ്യാറാക്കിയിരുന്നതായി രേഖകളുണ്ട്. അന്ന് ഇ ശ്രീധരൻ പ്രിൻസിപ്പൽ അഡ്വൈസറായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത് ഒരുതവണ മാത്രമുള്ള നടപടി ആയിരുന്നുവെന്നും, നിലവിൽ യാതൊരു തുടർച്ചയായ പങ്കോ ചുമതലയോ ഇല്ലെന്നും വ്യക്തമാക്കുന്നു.
കൂടാതെ, ഇന്ത്യയിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളുടെ നിർവഹണ ഏജൻസിയായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ആർടിഐ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഏതെങ്കിലും ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് DMRCക്കും ഇ. ശ്രീധരനും യാതൊരു കൺസൾട്ടൻസി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നതാണ്.
ഇതിനുപുറമെ, റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്; പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ല.
ഈ സാഹചര്യത്തിൽ, കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ ഇ. ശ്രീധരനോ DMRCയോ നിലവിൽ പങ്കാളികളാണെന്ന അവകാശവാദങ്ങൾക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.


by Midhun HP News | Mar 27, 2026 | Latest News, കേരളം
കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. ഇന്ത്യ-ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനം നടത്താൻ അനുവദിച്ചില്ല. പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിൻ്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.
വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു വാർത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് സംഘം സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. ചെറിയ സാങ്കേതിക പ്രശ്നം സംഭവിച്ചതാണെന്നാണ് കെഎഫ്‌എ പ്രസിഡന്റ് കെഎഫ്‌എ പ്രസിഡന്റ് നവാസ് മീരാൻ പ്രതികരിച്ചു. മത്സരം മുൻപ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിൻ്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. കെഎഫ്എ ആണ് മത്സം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഫെബ്രവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്.

Recent Comments