‘ഇത് ലൗ ജിഹാദ് തന്നെ’; കോതമംഗലത്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

‘ഇത് ലൗ ജിഹാദ് തന്നെ’; കോതമംഗലത്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത തീവ്രവാദശക്തികള്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി, മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരികയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കറുകടത്തെ വീട്ടില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനൊപ്പം സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ഇത്തരം നിര്‍ബന്ധിത മതം മാറ്റങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയും ഒറ്റപ്പെട്ട സംഭവം എന്ന പേരില്‍ ഇത് അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. കോതമംഗലത്തെ പെണ്‍കുട്ടിയുടേത് ക്ലീന്‍ കേസ് ഓഫ് ലൗ ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും പറഞ്ഞു. കേരളത്തില്‍ ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മതം മാറാന്‍ പറഞ്ഞതു മാത്രമല്ല, മതം മാറാന്‍ വേണ്ടി ആ കുട്ടിയെ നിര്‍ബന്ധിക്കുകയും പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കേസാണിത്. ആ കുട്ടിയുടെ കത്തിലൂടെയാണ് പല യാഥാര്‍ത്ഥ്യങ്ങളും കുടുംബം അറിഞ്ഞത്. ഈ ആഴ്ചയില്‍ മാത്രം ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നിന്നും മൂന്നാമത്തെ പരാതിയാണ് തനിക്ക് ലഭിക്കുന്നത്. കൊട്ടാരക്കരയിലും സമാനമായ സാഹചര്യമുണ്ടായി. ആ കുട്ടിയെ വീട്ടുകാര്‍ വിളിച്ചു കൊണ്ടുവന്നു. ഇപ്പോള്‍ ആ വീട്ടുകാര്‍ ഭീഷണി നേരിടുകയാണ്. ഷോണ്‍ ജോര്‍ജ് പറഞ്ഞു.

നിലമ്പൂരില്‍ നിന്നും ഒരു വൈദികന്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അതും ലൗ ജിഹാദാണ്. ഇത് കേരളത്തില്‍ ഒരു പ്രവണതയായി മാറിയിരിക്കുന്നു. ബിജെപി ഈ വിഷയത്തെ ഗൗരവമായി കാണുകയാണ്. മതം മാറണമെന്ന് പറഞ്ഞ് ആ പ്രതിയും വീട്ടുകാരും വിദ്യാര്‍ത്ഥിനിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടാകുമ്പോഴും പല കുടുംബങ്ങളും അപമാനം ഭയന്ന് പുറത്ത് പറയാന്‍ മടിക്കുകയാണ്.

ഇത്തരം സംഭവങ്ങളും ഭീഷണികളും ആളുകള്‍ തുറന്നു പറയാന്‍ തയ്യാറാകണം. പൊലീസ് ഈ കേസ് നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ന് കേരള ജനത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ലൗ ജിഹാദ് മാറിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെയും ( ഐഎസ്), പൊളിറ്റിക്കല്‍ ഇസ്ലാമിന്റേയും ഹെഡ് ക്വാര്‍ട്ടേഴ്‌സായി കേരളം മാറിയിരിക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗം കയ്യിലുള്ള മുഖ്യമന്ത്രിക്ക് ഇതൊന്നും അറിഞ്ഞുകൂടാ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

രൂപയ്ക്ക് നേട്ടം, പത്തു പൈസ മുന്നേറി; ഓഹരി വിപണിയിലും കുതിപ്പ്; എണ്ണ വില കൂടി

രൂപയ്ക്ക് നേട്ടം, പത്തു പൈസ മുന്നേറി; ഓഹരി വിപണിയിലും കുതിപ്പ്; എണ്ണ വില കൂടി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. പത്തു പൈസയുടെ നേട്ടത്തോടെ 87.65 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് നേട്ടമായത്.

അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കുകയാണ്. കൂടാതെ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന അമേരിക്ക- റഷ്യ ചര്‍ച്ചയെയും ആകാംക്ഷയോടെയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഇതിന്റെയെല്ലാം ഫലങ്ങള്‍ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ 17 പൈസയുടെ നഷ്ടത്തോടെ 87.75 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.33 ശതമാനം ഉയര്‍ന്ന് 66.85 എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്.

ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. ഇന്നലെ 700ലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 280 പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിഫ്റ്റി 24,650 പോയിന്റിന് മുകളിലാണ്. ഓട്ടോ, ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ റിയല്‍റ്റി ഓഹരികള്‍ നഷ്ടത്തിലാണ്. ടിസിഎസ്, എംആന്റ്എം, ഇന്‍ഫോസിസ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഹിന്‍ഡാല്‍കോ, ഗ്രാസിം, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാടിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു പുലിയുടെ ആക്രമണം. കുട്ടിയെ വലിച്ചിഴയ്ച്ച് കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാടിയില്‍ നിന്നും അല്‍പം മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂണിലും വാല്‍പ്പാറയില്‍ കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് അന്ന് പുലി പിടിച്ചത്. ഒരു രാത്രി പിന്നിട്ട ശേഷമായിരുന്നു ഭാതിഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല.

നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ​ഗോപി വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണം. വി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!

തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്.

ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല. അദ്ദേഹത്തിന് നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണം.കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്.

ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?

കണ്ണൂര്‍: കോഴിക്കോട് സഹോദരിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ സഹോദരന്‍ പ്രമോദിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നാണ് അറുപതുകാരന്റെത് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരില്‍കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സഹോദരനെ കാണാതാവുകയും ചെയ്തു. അവസാനമായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് ഫറോക്ക് പാലത്തിലായിരുന്നു. തുടര്‍ന്ന് പ്രമോദ് ആത്മഹത്യ ചെയ്‌തെന്ന സംശയവും പൊലീസിനുണ്ടായിരുന്നു.

ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരുടെ മരണവിവരം പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ വെളുത്ത തുണി പുതപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗബാധിതരായ സഹോദരിമാരെ ആരും നോക്കാനില്ലാതെ വന്നതോടെയാണ് ഇവരെ കൊലപ്പെടുത്താന്‍ പ്രമോദ് തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. വടക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ, കൊങ്കൺ & ഗോവ തീരങ്ങൾ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.