ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം; കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം; കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

തിരുവനന്തപുരം: ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

ഇന്ന് (തിങ്കളാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് കോര്‍ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മഴയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണയായി ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം ഇനിയും ദുര്‍ബലമായി തുടര്‍ന്നാല്‍ മണ്‍സൂണ്‍ കുറവുള്ള സീസണ്‍ ആയി ഈ വര്‍ഷം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. കാലതാമസം വന്നാല്‍ നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും നഷ്ടപരിഹാരവും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. 2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. ബാങ്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കണം. ആവശ്യമായ രേഖകളുടെ പട്ടികയും ഘട്ടം ഘട്ടമായുള്ള ക്ലെയിം നടപടിക്രമങ്ങളും സഹിതമായിരിക്കണം ഇത് ലഭ്യമാക്കേണ്ടതെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നു.

അക്കൗണ്ട് ഉടമകള്‍ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തതമൂലം അവകാശികള്‍ക്ക് ക്ലെയിം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിത്. അക്കൗണ്ടിലെ പണം ലഭിക്കാനും ലോക്കറിലെ വസ്തുക്കള്‍ ലഭിക്കാനുമായി അവകാശികള്‍ നല്‍കേണ്ട രേഖകള്‍, അപേക്ഷാഫോം, എന്നിവ ഏകീകൃതമായിരിക്കും. അവകാശിയെ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ക്ലെയിം ഫോം, അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, നോമിനി, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ രേഖ എന്നിവ നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം.

നോമിനിയെ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ അവകാശിയെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് കരട് സര്‍ക്കുലറില്‍ പറയുന്നുണ്ട്. ക്ലെയിം അപേക്ഷ ലഭിച്ച് രേഖകളിലെ അവ്യക്തതമൂലം തീര്‍പ്പാക്കല്‍ വൈകുകയാണെങ്കില്‍ ബാങ്കുകള്‍ അക്കാര്യം രേഖാമൂലം അറിയിച്ച് കഴിവതും വേഗം പുതിയ രേഖകള്‍ വാങ്ങി പ്രശ്‌നം പരിഹരിക്കണം.

ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമം ബാങ്കുകള്‍ അവയുടെ വെബ്‌സൈറ്റില്‍ വിശദമായി നല്‍കണം. 15 ദിവസത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കിയില്ലെങ്കില്‍ ബാങ്കില്‍ നിലവിലുള്ള പലിശനിരക്കിന് പുറമേ പ്രതിവര്‍ഷം നാലുശതമാനം അധിക പലിശ കൂടി നല്‍കേണ്ടി വരും. ലോക്കറുകളുടെ കാര്യത്തില്‍ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കരടില്‍ പറയുന്നു.

ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ദോഹ: ഖത്തറിന്റെ ടൂറിസം രംഗത്ത് വൻ മുന്നേറ്റം. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യം സന്ദർശിക്കാൻ എത്തിയത് 26 ലക്ഷം പേരാണ്. മുൻ വർഷത്തേക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കാനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഖത്തർ ടൂറിസം മന്ത്രാലയമാണ് വിനോദ സഞ്ചാരികളെ സംബന്ധിച്ചുള്ള കണക്കുകൾ പുറത്ത് വിട്ടത്. സന്ദർശകരിൽ 36 ശതമാനം ആളുകളും ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യൂറോപ്പിൽനിന്ന് ഇരുപത്തിയാറ് ശതമാനം പേരും ഖത്തർ സന്ദർശിക്കാൻ എത്തി. യാത്രക്കാരിൽ 57 ശതമാനം പേർ വിമാനമാർഗവും 33 ശതമാനം കരവഴിയും ശതമാനം കടൽ വഴിയും രാജ്യത്തേക്ക് പ്രവേശിച്ചു. സഞ്ചാരികളിൽ 71 ശതമാനം ആളുകളും ഹോട്ടൽ മുറികൾ ഉപയോഗിച്ചതായും കണക്കുകൾ പറയുന്നത്.

സഞ്ചാരികളുടെ വർധന രാജ്യത്തിന്റെ വിവിധ മേഖലകളിൽ പുത്തനുണർവ്വ് സൃഷ്ടിച്ചതായി അധികൃതർ പറയുന്നു. സഞ്ചാരികളുടെ എണ്ണം കൂടുന്നത് പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്. പ്രത്യകിച്ചും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്ക്.

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സഞ്ചാരികളുടെ വരവിൽ കുറവ് വന്നതോടെ പലർക്കും ജോലി നഷ്ടമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ ക്രമേണ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ആ പ്രതിസന്ധിക്ക് പരിഹാരമായി. വരും വർഷങ്ങളിൽ ഖത്തറിലേ ടൂറിസം രംഗത്ത് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

‘സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോ? എന്തോ കള്ളക്കളിയുണ്ട്’; പരിഹസിച്ച് വി ശിവന്‍കുട്ടി

‘സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോ? എന്തോ കള്ളക്കളിയുണ്ട്’; പരിഹസിച്ച് വി ശിവന്‍കുട്ടി

കണ്ണൂര്‍: തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘തൃശൂരില്‍ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ മന്ത്രി സുനില്‍ കുമാര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാര്‍ലമെന്റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാംപ് ചെയ്ത് കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു’

‘സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍. ആ സ്ഥാപനമിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാലായി പ്രവര്‍ത്തിക്കുന്നു. കള്ളവോട്ട് ചേര്‍ത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരില്‍ കള്ളവോട്ട് ചേര്‍ത്തെന്ന ആക്ഷേപത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്. സുരേഷ് ഗോപി ബിജെപിയില്‍നിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബിജെപി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്റെ ഒളിച്ചുപോക്ക് ജനം ചര്‍ച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്’-മന്ത്രി പറഞ്ഞു.

ഓണാവധിക്ക് മുമ്പ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകും. വേനല്‍ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചര്‍ച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വര്‍ഷം എന്തായാലും നടപ്പിലാക്കാന്‍ പറ്റില്ലെന്നും കുട്ടികളുടെ കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.

സ്വയം തീ കൊളുത്തി പതിമൂന്നുകാരി; ഒഡിഷയില്‍ ഒരുമാസത്തിനിടെ നാലാമത്തെ സംഭവം

സ്വയം തീ കൊളുത്തി പതിമൂന്നുകാരി; ഒഡിഷയില്‍ ഒരുമാസത്തിനിടെ നാലാമത്തെ സംഭവം

ഭുവനേശ്വര്‍: ഒഡിഷയില്‍ സ്വയം തീ കൊളുത്തി പതിമൂന്ന് വയസുകാരി. ഒഡിഷയില്‍ ഒരു മാസത്തിനുള്ളില്‍ സമാനമായി നടക്കുന്ന നാലാമത്തെ സംഭവമാണിത്. ഗുരതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഒഡിഷയിലെ ബര്‍ഗഡ് ജില്ലയിലെ ഒരു ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്.

ഗൈസിലത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫിരിംഗ്മല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് പകുതി പൊള്ളലേറ്റ നിലയിലാണ് ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ബര്‍ഗഡ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നും ആത്മഹത്യാ ശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ മൂന്ന് സ്ത്രീകള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ബാലസോറില്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി കോളജ് ക്യംപസില്‍ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ജൂലൈ 14 ന് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ബലംഗയില്‍ മൂന്ന് അക്രമികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തിയിരുന്നു, ഓഗസ്റ്റ് 2 നാണ് കുട്ടി മരിച്ചത്. ഓഗസ്റ്റ് 6 ന് കേന്ദ്രപാറ ജില്ലയില്‍ പട്ടമുണ്ടൈ (ഗ്രാമീണ) പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു.

ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര

ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര

മുംബൈ: ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ, വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് നാട്ടിലേക്ക് തിരിച്ച് യുവാവ്. നാഗ്പൂര്‍- ജബല്‍പൂര്‍ ദേശീയ പാതയില്‍ ഭാര്യയുടെ മൃതദേഹവുമായി യുവാവ് ബൈക്കില്‍ പോകുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ച് ഗ്യാര്‍സി അമിത് യാദവ് എന്ന സ്ത്രീയാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. സഹായത്തിനായി ഭര്‍ത്താവ് അമിത് യാദവ് നിരവധിയാളുകളോട് കേണപേക്ഷിച്ചെങ്കിലും ആരും എത്തിയില്ല. ഒടുവില്‍ നിരാശനായ അമിത് യാദവ് സ്വന്തം ബൈക്കില്‍ ഭാര്യയുടെ മൃതദേഹം കെട്ടിവെച്ച് മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് ഓടിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിന്നുള്ളവരാണെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി നാഗ്പൂരിലാണ് ദമ്പതികള്‍ താമസിക്കുന്നത്.

ലോനാരയില്‍ നിന്ന് കരണ്‍പൂരിലേക്ക് പോകുന്ന വഴിയാണ് അമിതും ഭാര്യയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ആദ്യം ആരും സഹായത്തിനായി എത്തിയില്ലെങ്കിലും മോട്ടോര്‍ സൈക്കിളില്‍ മൃതദേഹം കൊണ്ടുപോകുന്നത് കണ്ട് മനസലിഞ്ഞ നിരവധിപ്പേര്‍ സഹായത്തിനായി എത്തി. എന്നാല്‍ ഇനിയൊരു പ്രശ്‌നം നേരിടാനുള്ള മാനസികനില ഇല്ലാത്തതിനാല്‍ അമിത് യാദവ് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. ഒടുവില്‍ ഹൈവേ പൊലീസ് ഇടപെട്ട് മൃതദേഹം നാഗ്പൂരിലെ മായോ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ഭാഗമായാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.