by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഹൈസ്‍കൂൾ,ഹയർസെക്കൻഡറി വിഭാഗം റീൽസ് നിർമ്മാണ മത്സരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു.എൽ.പി വിഭാഗത്തിനുള്ള പ്രോത്സാഹന സമ്മാനവും അവനവഞ്ചേരി സ്‌കൂളിനാണ്.
സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിലാണ് റീൽസ് തയാറാക്കിയത്.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ അനുകുമാരി പുരസ്‌കാരം കൈമാറി.സ്‌കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ എസ്.ഷാജികുമാർ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സാബു നീലകണ്ഠൻ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചീത്വ മിഷന്റെ ഹരിത വിദ്യാലയ പദവി നേടിയ സ്‌കൂളാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
by Midhun HP News | Aug 11, 2025 | Latest News, ദേശീയ വാർത്ത
പുനെ: 1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വ്യോമസേന മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഡികെ പരുൽകർ (ക്യാപ്റ്റൻ ദിലീപ് കമാൽകർ പരുൽകർ) (82) അന്തരിച്ചു. പുനെയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 1953ലാണ് പരുൽകർ വ്യോമസേനയിൽ കമ്മീഷൻ ചെയ്തത്. വ്യോമസേന അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
1971ലെ ഇന്ത്യ- പാക് യുദ്ധത്തിനിടെയാണ് വിങ് കമാൻഡറായിരുന്ന പരുൽകറും രണ്ട് സഹ പ്രവർത്തകരും പാകിസ്ഥാന്റെ പിടിയിലായത്. യുദ്ധത്തടവുകാരായി കഴിയവേയാണ് പരുൽകറുടെ നേതൃത്വത്തിൽ സംഘം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയത്.
1965ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പരുൽകർ പറത്തിയ വിമാനത്തിനു നേരെ ശത്രുക്കൾ നടത്തിയ വെടിവയ്പ്പിൽ അദ്ദേഹത്തിന്റെ ചുമലിനു പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാൻ മേലധികാരികൾ അദ്ദേഹത്തിനു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മനഃസാന്നിധ്യം വിടാതെ വിമാനം തിരിച്ച് സൈനിക ക്യാംപിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ ധീരതയ്ക്ക് വ്യോമസേന അദ്ദേഹത്തെ മെഡൽ നൽകി ആദരിക്കുകയും ചെയ്തു. മറ്റ് വിശിഷ്ട സേവാ മെഡലുകളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനിയായ 23 കാരി സോന എല്‍ദോസ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന ആണ്‍സുഹൃത്തിന്റെ പറവൂരിലെ വീട്ടിലെത്തിച്ചു, മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
”ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷെ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെ”ന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
”മതം മാറാന്‍ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസില്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞു. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാന്‍ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം” എന്ന് സോന ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് ആണ്‍സുഹൃത്ത് റമീസ്. സോനയും റമീസും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെ സോനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച സാഹചര്യത്തില്‍, സോനയുടെ കുടുംബത്തിന്റെ പരാതിയുടെ കൂടി അടിസ്ഥാനത്തില്‍ റമീസിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും ഉപദ്രവിച്ചതിനും കുറ്റം ചുമത്തുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു.
സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
അതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താന്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്. ഇവരുടെയെല്ലാം പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഡിപ്പാര്‍ട്ട്‌മെന്റിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലാ സംവിധാനവും ഒരുക്കിത്തരേണ്ടത് അവരാണ്. ഞാന്‍ വെറുമൊരു പണിക്കാരന്‍ മാത്രമാണ്. ഇനിയും സഹായങ്ങള്‍ ചെയ്തു തരേണ്ടത് അവരാണ്. ശത്രുപക്ഷത്തു നിന്ന് പോകാന്‍ പറ്റുന്ന രംഗമല്ല ഇതെന്നും ഡോ. ഹാരിസ് പറഞ്ഞു.
ഒരു രോഗിക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരും ചേര്‍ന്ന് നോക്കിയാലാണ് രോഗിയെ രക്ഷിക്കാനാകു. അതിനാല്‍ എല്ലാവരും തമ്മില്‍ സൗഹാര്‍ദ്ദത്തോടെയും വിട്ടുവീഴ്ചയോടെയും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മെഡിക്കല്‍ കോളജ്. കുറച്ചുപേര്‍ ശത്രുപക്ഷത്ത് നിന്നാല്‍ നല്ല പ്രവര്‍ത്തനം സാധ്യമാകില്ല. എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു.
മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം അറിയാത്തവരൊന്നുമല്ല അവരെന്ന് ഡോ. ഹാരിസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് മുമ്പ് എന്താണ് സംഭവിക്കുന്നത്, ആരാണ് കയറുന്നത് എന്ന് ഒരു വാക്ക് തന്നോടു ചോദിക്കാമായിരുന്നു. പരിശോധന നടന്ന സമയത്തും ചോദിക്കാമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മേലധികാരികളെല്ലാം വിളിച്ചിരുന്നു. വകുപ്പ് നല്ല നിലയില്‍ കൊണ്ടുപോകാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്‌ക്കൊരു വ്യക്തി മാത്രമാണ്. വലിയ ശക്തിയോട് ഒറ്റയ്ക്ക് നേരിടാന്‍ പറ്റില്ല. താന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാകാം അവരെയെല്ലാം വിഷമിപ്പിച്ചിരിക്കുകയെന്നും ഡോക്ടര്‍ ഹാരിസ് പറഞ്ഞു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളുമുണ്ട്.
ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ വടികൊണ്ട് അടിക്കുന്നതാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. റെയില്‍വേ സ്റ്റേഷന്‍ അടുത്ത് ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് ഇവര്‍ യാത്രക്കാരെ ആക്രമിച്ച് സാധനങ്ങള്‍ കവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം കവര്‍ച്ചാസംഘങ്ങളുള്ളത്. ഇത്തരം കവര്‍ച്ചകളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനില്‍ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനില്‍ക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി.
by Midhun HP News | Aug 11, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസന്റെ കഴുത്തുവെട്ടുമെന്നു ഭീഷണി. സീരിയൽ നടൻ രവിചന്ദ്രനാണ് വധ ഭീഷണി മുഴക്കിയത്. ദിവസങ്ങൾക്കു മുൻപ് കമൽഹാസൻ സനാതന ധർമത്തിനെതിരെ സംസാരിച്ചതാണ് പ്രകോപനം. സംഭവത്തെക്കുറിച്ച് അനേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പൊലീസ് കമ്മീഷണർക്കു പരാതി നൽകി.
സ്വേച്ഛാധിപത്തിന്റേയും സനാതനത്തിന്റേയും ചങ്ങലകൾ തകർക്കാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയു എന്നായിരുന്നു കമൽഹാസൻ കഴിഞ്ഞയാഴ്ച പ്രസംഗിച്ചത്. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15ാം വാർഷിക ആഘോഷ വേദിയിലായിരുന്നു പ്രസ്താവന. അറിവല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും ഈ പ്രസംഗത്തിൽ കമൽഹാസൻ യുവാക്കളോടു ആഹ്വാനം ചെയ്തിരുന്നു.
ഇതിനെതിരെയാണ് രവിചന്ദ്രൻ രംഗത്തെത്തിയത്. സനാതന ധർമത്തെ അവഹേളിക്കുന്നതാണ് കമൽഹാസന്റെ പ്രസ്താവന എന്നാണ് സീരിയൽ നടൻ ആരോപിച്ചത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പ്രസ്താവന.
Recent Comments