സൈജു (61) നിര്യാതനായി

സൈജു (61) നിര്യാതനായി

അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ പരേതരായ വാമദേവൻ സത്യവതി എന്നിവരുടെ മകനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു വിന്റെ സഹോദരനുമായ സൈജു (61) നിര്യാതനായി. ശവ സംസ്കാര ചടങ്ങുകൾ രാവിലെ 9 മണിക്ക് സ്വവസതിയിൽ
ഭാര്യ: കവിത
മക്കൾ: അശ്വതി, അനഘ

ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ യുവതി വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി യുവതിക്ക് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് പൂർണ്ണവളർച്ച എത്താത്ത ആൺകുഞ്ഞിന് വീട്ടിൽ വെച്ചുതന്നെ ജന്മം നൽകുകയുമായിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞിനെ കുടുംബം ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്ക് അവശതയുണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിലേക്ക് കൊണ്ടുപോയില്ല എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

എന്നാൽ യുവതിക്ക് പ്രസവവേദന ആയിരുന്നുവെന്നുള്ള കാര്യം തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് അൾസർ ഉണ്ടായിരുന്നതിനാൽ അതാകും അസ്വസ്ഥത കാണിച്ചിരുന്നത് എന്നാണ് കരുതിയതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ പിന്നീടാണ് പ്രസവവേദനയാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവതി വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.ഡോക്ടർ പരിശോധിച്ച ശേഷം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു

‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

തിരുവനന്തപുരം: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതകാനുമതി കഴിഞ്ഞ ജൂണില്‍ നല്‍കി ഉത്തരവിറക്കിയിരുന്നു.

”മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താം… ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ്!” എന്ന കുറിപ്പോടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി തിയ്യതി പങ്കുവച്ചത്.

2043.74 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ ആണ്. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണിനാണ് നിര്‍മാണ കരാര്‍. പദ്ധതിയോട് അനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നര്‍മിക്കുക.

8.11 കിലോമീറ്റര്‍ വരുന്ന ഇരട്ട തുരങ്കങ്ങളിലൂടെ നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍, ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് അമിതമായ ആത്മവിശ്വാസം. തന്റെ ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയാണ് കേസില്‍ പ്രജ്വലിനെ കുടുക്കുന്ന നിര്‍ണായ തെളിവായി മാറിയത്. പ്രജ്വലിനെ ശിക്ഷിക്കാന്‍ മതിയായ ഫോറന്‍സിക് തെളിവുകളാണ് സാരിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്.

വീട്ടുവേലക്കാരിയുടെ സാരി പ്രജ്വല്‍ രേവണ്ണ ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം പക്ഷേ ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സാരി വീണ്ടെടുക്കാന്‍ ധൈര്യപ്പെടുമെന്ന് പ്രജ്വല്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ പണവും പ്രലോഭനങ്ങളും വാരിയെറിഞ്ഞ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി മാറുകയായിരുന്നു.

പ്രജ്വല്‍ ലൈംഗികമായി ഉപദ്രവിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയായ സ്ത്രീയോട് ചോദിച്ചു. സാരിയാണ് ഉടുത്തിരുന്നതെന്നും, വസ്ത്രം അഴിച്ചെടുത്ത അയാള്‍ തിരികെ തന്നില്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഫാം ഹൗസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒളിച്ചുവെച്ച സാരി കണ്ടെത്തുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ സാരിയില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി.

ഡിഎന്‍എ പരിശോധനയില്‍ അത് പ്രജ്വലിന്റെ ബീജമാണെന്ന് തെളിയുകയും ചെയ്തു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം സാരിയും പരാതിക്കാരിയുടെ മൊഴിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ ഇത് നിര്‍ണായകമായി മാറുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മനശാസ്ത്രജ്ഞ ജീവനൊടുക്കി. ഹെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം. മാനസിക പീഡനത്തെത്തുടര്‍ന്നാണ് 33 കാരിയായ ഡോക്ടര്‍ രഞ്ജിത ജീവനൊടുക്കിയത്. നാലു നിലക്കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തുവന്നിരുന്നത്.

ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തിരുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ മനശാസ്ത്ര ചികില്‍സയ്ക്കായിട്ടാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രോഹിത് എത്തിയത്. രഞ്ജിതയുടെ ചികില്‍സയില്‍ രോഹിതിന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. ക്രമേണ ഡോക്ടറുമായി അടുത്ത രോഹിത്, രഞ്ജിതയോട് വിവാഹാഭ്യര്‍ഥന നടത്തി. കുടുംബാംഗങ്ങള്‍ സമ്മതം മൂളിയതോടെ ഇവരുടെ വിവാഹം നടന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പിന്നീട് ഹൈദരാബാദിലെ പ്രശസ്തമായ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതിനും രോഹിത് തടസം നിന്നു. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ലെന്ന് രഞ്ജിത അറിയിച്ചതോടെ ശാരീരിക ഉപദ്രവം ആരംഭിച്ചതായി കുടുംബം പറയുന്നു.

രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടും. നല്‍കാതിരുന്നാല്‍ മര്‍ദ്ദനമായിരുന്നെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി. രോഹിതിനൊപ്പം മാതാപിതാക്കളും സഹോദരനും പീഡനം തുടങ്ങിയതോടെ രഞ്ജിത കടുത്ത മനപ്രയാസത്തിലായി. ജൂലൈ 16ന് ഉറക്ക ഗുളിക കഴിച്ച് രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ചികില്‍സ ലഭിച്ചതിനാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടി. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലൈ 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്‌റൂം ജനാലയിലൂടെ ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രഞ്ജിത ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വനിതാ യുവ ഡോക്ടറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് ഭര്‍ത്താവ് രോഹിതിനും കുടുംബത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ

വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ

വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ മുഖ്യ പ്രതിയായ ഇടുക്കി ചെലമൂട് സ്വദേശി രാജേഷ് നെയും (40) സഹായിയായ ഇടുക്കി സ്വദേശി രേഖയെയുമാണ് (36) വട്ടപ്പാറ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയും വട്ടിയൂർകാവ് കൊടുങ്ങന്നൂർ സ്വദേശി കോപ്ര ബിജുവും രാജേഷ് ചേർന്ന് 27.7.25 നു വേറ്റിനാട് ജംഗ്ഷനിയുള്ള രമ്യയുടെ വീട് കുത്തിതുറന്നു 25000 രൂപയും മൊബൈൽ ഫോണും മോഷണം നടത്തിയ കേസിലേക്കും പേരുംകൂർ എന്ന സ്ഥലത്തുള്ള ഷീബയുടെ വീട് കുത്തിയതുറന്നു മോഷണം നടത്തിയ കേസിലേക്കുമാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് അരുവിക്കര,പാലോട് വട്ടിയൂർകാവ് പോലീസ് സ്റ്റേഷൻ പരിധികളിൽ സമീപകാലത്തു നടന്ന മോഷണങ്ങളിൽ രാജേഷ് ഉൾപ്പെട്ടിട്ടുള്ളതായും വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ പറയുന്നു. പ്രതിയെ വട്ടപ്പാറ സി ഐ ശ്രീജിത്ത്, എസ് ഐ ബിനി മോൾ, എസ് ഐ പ്രദീപ്, സി പി ഒമാരായ പ്രശാന്ത്, ചിന്തു പ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തതത്.