by Midhun HP News | Aug 6, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയില്‍ നെടുമ്പാശ്ശേരിയില്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കും.
ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീന്‍ഹൈഡ്രജന്‍ സ്റ്റേഷനാണ് ഇത്. 30 കോടി രൂപ മുടക്കിയാണ് സിയാല്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് സാങ്കേതിക പങ്കാളി. ഹൈഡ്രജന്‍ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജന്‍ ഉത്പാദന ചുമതല ബിപിസിഎല്ലിനാണ്. പ്രതിദിനം 220 കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുക. ഈ ബസ് സിയാല്‍ ഓപ്പപ്പറേഷന്‍ ഏരിയയിലായിരിക്കും ഉപയോഗിക്കുക. അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലെന്നതിനാല്‍ സര്‍ക്കാരിന്റെ സീറോ കാര്‍ബര്‍ പോളിസിക്ക് കരുത്ത് പകരുന്നതാണ് സിയാലിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ പദ്ധതി.
by Midhun HP News | Aug 6, 2025 | Latest News, ദേശീയ വാർത്ത
സിൽച്ചാർ: അസമിലെ സിൽച്ചാറിൽ ഒരു പതിറ്റാണ്ടിലേറെയായി ഡോക്ടറായി വേഷം കെട്ടിയ യുവാവ് പിടിയിൽ. മെഡിക്കൽ യോഗ്യതയില്ലാതെ 50-ലധികം സിസേറിയൻ, ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകൾ നടത്തിയ പുലോക് മലക്കർ എന്നയാളാണ് സിൽച്ചാറിൽ പിടിയിലായത്. നടൻ സഞ്ജയ് ദത്തിന്റെ ‘മുന്ന ഭായ് എംബിബിഎസ്’ എന്ന സിനിമയുമായി സാമ്യം തോന്നുന്ന യഥാർത്ഥ സംഭവമായി ഇത് മാറി. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. സിൽച്ചറിലെ ശിബ്സുന്ദരി നാരി ശിക്ഷ സേവാ ആശ്രമം ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.
ഇയാളുടെ എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഇയാൾ പ്രദേശത്ത് അറിയപ്പെട്ടിരുന്നു. വ്യാജ ഡോക്ടർമാർക്കെതിരെ അസം സർക്കാർ നടത്തുന്ന കർശന നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്. 2025 ജനുവരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആന്റി-ക്വാക്കറി ആൻഡ് വിജിലൻസ് സെൽ ആണ് ഇയാളെ പിടികൂടിയത്. ഈ യൂണിറ്റ് രൂപീകരിച്ച ശേഷം ഇതുവരെ 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 10 വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പിടിയിലായവരിൽ ഭൂരിഭാഗം പേരും താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രോഗികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ നാഗോണിലും ജോർഹട്ടിലുമായി നാല് വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്
by Midhun HP News | Aug 6, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധത്തിനെതിരായ പോസ്റ്ററുകളുടെയും കുട്ടികൾ നിർമ്മിച്ച സുഡോക്കോ കൊക്കുകളുടെയും പ്രദർശനവൂം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, അധ്യാപകൻ ജോയ്.ജി എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 6, 2025 | Latest News, കേരളം
പാലക്കാട്: പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് കേസ്.
ലോറി ഡ്രൈവറായ ഷജീര്‍, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്‌നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
by Midhun HP News | Aug 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ. പഞ്ചായത്ത്- കോർപ്പറേഷൻ- മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി എഫ് പി സി കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി പച്ചക്കറികൾ സംഭരിച്ച്, പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20 ശതമാനം അധികവില നൽകി സംഭരിക്കും. ഇവ വിപണി വിലയേക്കാൾ 10 ശതമാനം കുറച്ച് വില്പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉൽപ്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപ്പനക്കായി കർഷകചന്തയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.
വിപണികളിൽ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങൾ ഒരുക്കുക. കഴിഞ്ഞ വർഷം 1,956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
by Midhun HP News | Aug 6, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട്- എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിന് കുറുകേയുള്ള മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.
മൂന്നു ട്രെയിനുകള്‍ വൈകിയോടുകയാണ്. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്, സെക്കന്തരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
അടുത്ത ഞായറാഴ്ച വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലെ പാലക്കാട്- എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരുന്ന നാലു ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അറിയിച്ചിട്ടുണ്ട്.
Recent Comments