പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

ഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.

അസെക്ലോഫെനാക്, ട്രിപ്‌സിന്‍ കൈമോട്രിപ്‌സിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിന്‍, സിറ്റാഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പെടുന്ന സംയുക്തങ്ങള്‍, കുട്ടികള്‍ക്കു നല്‍കുന്ന തുള്ളി മരുന്നുകള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും.

മുസ്ലീം ഹെ‍ഡ് മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

മുസ്ലീം ഹെ‍ഡ് മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയ സംഭവത്തില്‍ ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. മുസ്ലീമായ പ്രധാന അധ്യാപകനെ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റാന്‍ വേണ്ടിയാണ് ശ്രീരാമസേന നേതാവ് വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയത്. 13വര്‍ഷമായി ഈ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുലൈമാന്‍ ഗൊരിനായിക്ക്. ഇയാള്‍ക്കെതിരെ സംശയം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ നീക്കം.

വാട്ടര്‍ ടാങ്കിലെ കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ച് 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, കൃഷ്ണ മദാര്‍, നാഗന ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശ്രീരാമ സേന നേതാവ് സാഗര്‍ പാട്ടീല്‍ കൃഷ്ണ മദാറിനെ ഗൂഢാലോചനയില്‍ പങ്കെടുപ്പിച്ചത്. സാഗര്‍ നല്‍കിയ കീടനാശിനി അടങ്ങിയ കുപ്പി മദാര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ഒരു പാക്കറ്റ് ചിപ്‌സും ചോക്ലേറ്റും 500 രൂപയും മദാര്‍ തനിക്ക് തന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാന്‍ ഉപയോഗിച്ച കുപ്പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും കണ്ടെത്തി.

മതമൗലികവാദവും വര്‍ഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടില്‍ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയര്‍ന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാക്കള്‍ ആത്മപരിശോധന നടത്തണം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആര്‍.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി’ എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.

സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചത്.

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: മന്ത്രി അനില്‍

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: മന്ത്രി അനില്‍

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്.

അഞ്ചാം തീയതി ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയില്‍

പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയില്‍

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയും കാമുകനും പിടിയില്‍. കുട്ടികള്‍ ഇല്ലാത്ത കടുങ്ങല്ലൂര്‍ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയത്. പൊലീസ് പിടിയിലായ ഇവരെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കാമുകനില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാള്‍ക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെടുത്തത്. സംഭവത്തില്‍ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 26ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച യുവതി അന്ന് തന്നെ പ്രസവിച്ചിരുന്നു. എന്നാല്‍ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്.

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; തലാലിന്റെ സഹോദരന്റെ കത്ത്

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; തലാലിന്റെ സഹോദരന്റെ കത്ത്

സന: നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്.

അറ്റോര്‍ണി ജനറലിന് തലാലിന്റെ സഹോദരന്‍ വീണ്ടും കത്തയച്ചതോടെ നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകും. വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടു. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്.

ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നീട്ടിവയ്ക്കുന്നതില്‍ കാന്തപുരം എപി അബൂബക്കല്‍ മുസ്ലീയാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലുകളായിരുന്നു അതിന് ഇടയാക്കിയത്. എന്നാല്‍ തലാലിന്റെ കുടുംബം വീണ്ടും കത്തയച്ചോതോടെ മധ്യസ്ഥ ശ്രമം ഫലം കണ്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.