പ്രൊഫ. എം കെ സാനു അന്തരിച്ചു

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകനാണ് പ്രൊഫ. എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മുന്‍ എംഎല്‍എയുമാണ്. 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചായിരുന്നു എം കെ സാനു നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ ആയിരുന്ന പരാജയപ്പെടുത്തിയത്.

1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ആയിരുന്നു എം കെ സാനുവിന്റെ ജനനം. സ്‌കൂള്‍ അധ്യാപകന്‍, കൊളേജ് അധ്യാപകന്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് 1958ല്‍ ആണ് ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അഞ്ചു ശാസ്ത്ര നായകന്മാര്‍ ആണ് ആദ്യ കൃതി. എം കെ സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. പുരോഗമന സാഹിത്യ സംഘം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം( അവധാരണം -1985), ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (വയലാര്‍ അവാര്‍ഡ് 1992) കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2002), പത്മപ്രഭാ പുരസ്‌കാരം, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ – കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011), എഴുത്തച്ഛന്‍ പുരസ്‌കാരം (2013) എന്നിവ നേടിയിട്ടുണ്ട്.

പൊതുഇടങ്ങളില്‍ സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം; കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്നു

പൊതുഇടങ്ങളില്‍ സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം; കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്നു

കോഴിക്കോട്: നഗ്നതാ പ്രദശനം ഉള്‍പ്പെടെ സംസ്ഥാനത്ത് പൊതുഇടങ്ങളില്‍ മോശം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പരസ്യമായ സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം, മറ്റ് അശ്ലീലമായ പെരുമാറ്റം തുടങ്ങി സംസ്ഥാനത്ത് പൊതു ഇടങ്ങളിലെ അശ്ലീല പ്രവര്‍ത്തികള്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവം ഉള്‍പ്പെടെ പുറത്തറിഞ്ഞതും അറിയാത്തതുമായ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പൊതു ഗതാഗത സംവിധാനങ്ങളില്‍ പരസ്യമായി ഇത്തരം പെരുമാറ്റങ്ങള്‍ നിരന്തരം എന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതകള്‍ക്ക് എതിരെ പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ മാത്രമാണ് പൊതു ജന ശ്രദ്ധയില്‍ വരുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. തൃശൂരില്‍ ബസില്‍ യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ വ്യക്തിക്ക് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കിയ സംഭവം ഉള്‍പ്പെടെ ഇതിന്റെ ഉദാഹരണമാണ്.

ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന പരാതികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2024 മെയ് മുതല്‍ 2025 വരെയുള്ള സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. പൊതു ഇടങ്ങളിലെ നഗ്നതാ പ്രദര്‍ശനം, സ്വയംഭോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. 193 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം (157), തിരുവനന്തപുരം (123), കാസര്‍കോട് (98), കൊല്ലം (76), മലപ്പുറം (74), പാലക്കാട് (67), ആലപ്പുഴ (66), കോട്ടയം (54) എന്നിവയാണ് തൊട്ടുപിന്നില്‍. പത്തനംതിട്ട (43), കണ്ണൂര്‍ (35), ഇടുക്കി (33), വയനാട് (29), തൃശൂര്‍ (24) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

തിരിച്ചടിയായി നിയമ പഴുതുകള്‍

നഗ്നതാ പ്രദര്‍ശനം, പൊതു ഇടങ്ങളിലെ സ്വയം ഭോഗം തുടങ്ങിയ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതിന് ഉതകുന്ന നിയമ വ്യവസ്ഥകളുടെ അഭാവം കേസുകളില്‍ തിരിച്ചടിയാകുന്നതാണ് പ്രധാന വെല്ലുവിളി. പലപ്പോഴും ഇരകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് കേസുകളില്‍ തെളിവുകളാവുന്നത്. അപ്പോഴും നിയമ നടപടികളിലെ കാല താമസം ഉള്‍പ്പെടെ പരാതിപ്പെടുന്നതില്‍ നിന്നും ഇരകളെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ലൈംഗികത വെളിവാക്കുന്ന ഇടപെടലുകള്‍, പൊതു സ്വയംഭോഗം, പിന്തുടരല്‍, നഗ്നതാ പ്രദര്‍ശനം തുടങ്ങി തെരുവുകളില്‍ വച്ച് നേരിടേണ്ടിവരുന്ന പീഡന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി കോഴിക്കോട്ടെ അഭിഭാഷകനായി രോഹിത് രാജ് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും ഇരകള്‍ക്ക് ശാരീരികമായ അതിക്രമങ്ങള്‍ നേരിടേണ്ടി വരാറില്ല, എന്നാല്‍ അവര്‍ക്ക് ഉണ്ടാക്കുന്ന മാനസികമായ ആഘാതങ്ങള്‍ വലുതാണ്. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന നീചമായ പ്രവൃത്തിയായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാന്‍ കഴിയു. പൊതു സ്വയംഭോഗം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 354, 509, 268, 355, ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) സെക്ഷന്‍ 73, 77, 285, 124, എന്നിവയുടെ കീഴിലും അനുബന്ധ സെക്ഷന്‍ 73, 77, 285, 124 എന്നിവയിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഒരു പ്രത്യേക നിയമത്തിന്റെ അഭാവം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നുണ്ടെന്നും രോഹിത് രാജ് പറയുന്നു.

മാനസിക പ്രശ്‌നങ്ങള്‍

പൊതുഇടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് എത്തുന്നവരില്‍ വലിയൊരു വിഭാഗം പാരഫീലിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് റീന രവി പറയുന്നത്. അസാധാരണമായ വസ്തുക്കളോടുള്ള തീവ്രമായ ലൈംഗികാസക്തിയാണ് പാരഫീലിയയുടെ ലക്ഷണം. പാരഫീലിയ ബാധിതകുടെ ലൈംഗികാസക്തി പലപ്പോഴും ഇരയാക്കപ്പെടുന്ന സ്ത്രീകളെ ദോഷകരമായി ബാധിക്കുന്നു.’

പാരഫീലിയയുടെ മറ്റൊരു രൂപമാണ് എക്‌സിബിഷനിസം, ലൈംഗിക ഉത്തേജനത്തിനായി അപരിചിതര്‍ക്ക് ജനനേന്ദ്രിയം തുറന്നുകാട്ടുന്നതാണ് ഇവരുടെ രീതി. പൊതു സ്വയംഭോഗം ഉള്‍പ്പെടെയുള്ള എക്‌സിബിഷനിസം വൈദ്യശാസ്ത്രം ശരിവച്ച രോഗാവസ്ഥയാണെന്ന് ഡോ. റീന പറയുന്നു. പക്ഷേ നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ചില വ്യക്തികള്‍ ഈ രോഗത്തെ ഉപയോഗപ്പെടുത്താമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വേണ്ടത് ശക്തമായ നടപടികള്‍

പൊതു സ്വയംഭോഗം, നഗ്നതാ പ്രദര്‍ശനം തുടങ്ങിയ സംഭവങ്ങള്‍ പലപ്പോഴും ശക്തമായ നടപടികള്‍ക്ക് വിധേയമാകുന്നില്ലെന്നത് തെറ്റായ സന്ദേശം നല്‍കുന്നുണ്ടെന്ന് വനിതാ അവകാശ പ്രവര്‍ത്തകയും അധ്യാപികയുമായ അപര്‍ണ ബൈജു പറയുന്നു. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെ നിസ്സാരവല്‍ക്കരിക്കപ്പെടുന്ന മനോഭാവം വര്‍ധിച്ചുവരുന്നുണ്ട്. അസഭ്യം പറഞ്ഞു എന്നുള്‍പ്പെടെയുള്ള നിസാര വകുപ്പുകളാണ് പലപ്പോളും ഇത്തരം കേസുകളില്‍ ചുമത്താറുള്ളത്. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന നിയമം വേണമെന്നും ഇവര്‍ പറയുന്നു. പൊതു സ്വയംഭോഗം ഗുരുതരമായ കുറ്റകൃത്യമല്ല എന്ന മനോഭാവം കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നുണ്ട്. ശക്തമായി രംഗത്തെത്തുന്ന ചില സംഭവങ്ങളില്‍ മാത്രമാണ് പ്രതികള്‍ക്ക് എതിരെ അല്‍പമെങ്കിലും നടപടി ഉണ്ടാകാറുള്ളത്. സവാദ് എന്ന വ്യക്തി പ്രതിയായ കേസ് ഇതിന് ഒരു ഉദാഹരണമാണ്. പൊതു സ്വയംഭോഗം യുകെയില്‍ 14 ദിവസത്തെ തടവിനും ഇന്തോനേഷ്യയില്‍ 32 ദിവസത്തെ തടവിനും കാരണമായ കുറ്റകൃത്യമാണ്. ഇത്തരം നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അപര്‍ണ പറയുന്നു.

‘വ്യാപാര യുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതണ്ട’, ട്രംപിനോട് നരേന്ദ്രമോദി

‘വ്യാപാര യുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതണ്ട’, ട്രംപിനോട് നരേന്ദ്രമോദി

ഡൽഹി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വ്യാപാരയുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി. രാജ്യതാൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. “റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും, റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അറിയാം; റിസര്‍വേഷന്‍ ആരംഭിച്ചു

ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അറിയാം; റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍-കൊല്ലം-മംഗളൂരു ജങ്ഷന്‍, മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ തുടങ്ങിയ തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.

ഓഗസ്റ്റ് ഒന്നുമുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രയിനുകള്‍

06119 ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3, സെപ്റ്റംബര്‍ 10 എന്നീ തീയതികളില്‍ സര്‍വീസ്)

06120 കൊല്ലം- ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 എന്നീ തീയതികളില്‍ സര്‍വീസ്)

06041 മംഗളൂരു ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 04, 06, 11, 13 തീയതികളില്‍ സര്‍വീസ്)

06042 തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 05, 07, 12, 14 തീയതികളില്‍ സര്‍വീസ്)

06047 മംഗളൂരു ജങ്ഷന്‍- കൊല്ലം എക്സ്പ്രസ് (ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ സര്‍വീസ്)

06048 കൊല്ലം-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02,09 തീയതികളില്‍ സര്‍വീസ്)

ഓഗസ്റ്റ് രണ്ട് മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രെയിനുകള്‍

06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 13, 27, സെപ്റ്റംബര്‍ 3 തീയതികളില്‍ സര്‍വീസ്)

06548 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 14, 28, സെപ്റ്റംബര്‍ 4 തീയതികളില്‍ സര്‍വീസ്

06523 എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബര്‍ 01, 08, 15 തീയതികളില്‍ സര്‍വീസ്)

06524 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02, 09, 16 തീയതികളില്‍ സര്‍വീസ്)

ചക്രവാതച്ചുഴി; ബുധനാഴ്ച വരെ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

ചക്രവാതച്ചുഴി; ബുധനാഴ്ച വരെ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ (5.8 km) ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 5നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ഞായര്‍ മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കള്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധന്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റൈ പ്രതീക്ഷ.

ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധന്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക തീരങ്ങളില്‍ തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ മാര്‍ഗരേഖ: ഹൈക്കോടതിയില്‍ കരട് സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ മാര്‍ഗരേഖ: ഹൈക്കോടതിയില്‍ കരട് സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. രണ്ടാഴ്ച സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരടില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്.

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. രണ്ടാഴ്ച സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരടില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് നിതിന്‍ ജന്‍ന്താര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഹര്‍ജി ഭാഗത്തിനായി ആര്‍ ഗോപന്‍, സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നതിനായി കെ ആര്‍ രഞ്ജിത്ത്, മറ്റ് വിവിധ ഭാഗങ്ങളായി സി സി മാത്യു, ജി ബിന്ദു എന്നിവര്‍ ഹാജരായി.