by Midhun HP News | Jul 17, 2025 | Latest News, ദേശീയ വാർത്ത
ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു.
ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നാണ് ഹൂതികള്‍ പറയുന്നത്.
by Midhun HP News | Jul 17, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.
സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലയിലും പുഴകള്‍ക്ക് ഇരുവശവും തീരപ്രദേശത്തും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പറിയിച്ചു.
വയനാട്ടിലും മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. ചുരല്‍മല പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത മണക്കിലെടുത്ത് മുണ്ടക്കൈചൂരല്‍മല പ്രദേശത്തേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തി. ഗോ സോണ്‍, നോ ഗോ സോണ്‍ ഭാഗങ്ങളിലേക്ക് പ്രവേശനമില്ല. തോട്ടം മേഖലയിലേക്കും പ്രവേശനം വിലക്കി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Jul 17, 2025 | Latest News, കേരളം
തിരുവനന്തപുരം: രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ പെയ്തിരുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്.
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം. കർക്കടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. മൺമറഞ്ഞ പിതൃക്കൾക്കായി കർക്കടക വാവുബലിയും ഈ മാസം നടത്തും.
ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് കര്‍ക്കിടകം. ഔഷധക്കൂട്ടുകളോടെ തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി ഏറെ പ്രശസ്തമാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും വിവിധ പരിപാടികളോടെ രാമായണ മാസാചരണം നടക്കും. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. കർക്കടകം വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്.
by Midhun HP News | Jul 16, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല യാത്ര നടത്തിയ സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പറ്റി പരാമര്‍ശമില്ല. ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റി എന്നതാണ് പ്രധാനകുറ്റം. ഗതാഗത നിയമവുമായി ബന്ധപ്പെട്ട വകുപ്പുകളും ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
പൊലീസിന്റെ ട്രാക്ടറിലാണ് എജിഡിപി എം ആര്‍ അജിത് കുമാര്‍ ശബരിമല യാത്ര നടത്തിയത്. ഈ ട്രാക്ടറിന്റെ ആര്‍സി ഉടമ സംസ്ഥാന പൊലീസ് മേധാവിയാണ്. പൊലീസിന്റെ എഫ്‌ഐആറില്‍ ട്രാക്ടറില്‍ യാത്ര ചെയ്ത വിഐപിയെക്കുറിച്ചോ, അതിന് പ്രേരിപ്പിച്ച ഘടകങ്ങളെപ്പറ്റിയോ പരാമര്‍ശമില്ല. ഹൈക്കോടതി വിധി ലംഘിച്ച്, ആളുകള്‍ക്ക് അപായമുണ്ടാക്കുന്ന രീതിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ച് മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
നിയമം ലംഘിച്ച് ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോ? ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.
by Midhun HP News | Jul 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് മൾട്ടിപ്ലെക്സുകളുടെ എണ്ണം കൂടുന്നു. മികച്ച സിനിമകൾ നിർമിക്കുന്നതും മറ്റ് ഭാഷാ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് മൾട്ടിപ്ലെക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ കമ്പനികൾ തയ്യാറാകാൻ കാരണം. അതേസമയം മൾട്ടിപ്ലെക്സുകൾ ചെറിയ തിയറ്ററുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നാൾക്കുനാൾ കൂടി വരുന്ന ബിസിനസ് ചെലവുകളും കാഴ്ചക്കാരുടെ എണ്ണ കുറവും ഹിറ്റ് സിനിമകളുടെ കുറവുമൊക്കെ നഗരങ്ങളിലടക്കമുള്ള സിംഗിൾ- സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സിന് കേരളത്തിലുടനീളം 42 സ്‌ക്രീനുകളുണ്ട്.
മെക്സിക്കോ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സിനിമാ ശൃംഖലയായ സിനിപോളിസിന് കൊച്ചിയിൽ മൂന്ന് വിഐപി സ്ക്രീനുകൾ ഉൾപ്പെടെ 11 സ്ക്രീനുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ മികച്ച സിനിമകൾ വരുന്നതു കൊണ്ടാണ് മൾട്ടിപ്ലെക്സുകൾ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചെയർമാനും ചലച്ചിത്ര നിർമാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു.
“കേരളത്തിലെ ജനങ്ങൾ എല്ലാ ഭാഷകളിലെയും സിനിമകൾ സ്വീകരിക്കുകയും കാണുകയും ചെയ്യുന്നവരാണ്. മാത്രവുമല്ല, സംസ്ഥാനത്ത് ടിക്കറ്റ് നിരക്കുകൾക്ക് പരിധിയില്ലാത്തതിനാൽ ഈ മൾട്ടിപ്ലെക്സുകൾക്ക് ടിക്കറ്റ് നിരക്കായി വലിയ തുക ഈടാക്കാനും കഴിയും”.- ലിബർട്ടി ബഷീർ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെഎസ്എഫ്ഡിസി) ആറ് ജില്ലകളിലായി 17 സ്‌ക്രീനുകൾ തുറന്നിട്ടുണ്ട്.
കായലത്ത് (കോഴിക്കോട്) മൂന്ന് സ്‌ക്രീനുകളും പയ്യന്നൂർ (കണ്ണൂർ), അളകപ്പ നഗർ (തൃശൂർ), വൈക്കം (കോട്ടയം) എന്നിവിടങ്ങളിൽ രണ്ട് സ്‌ക്രീനുകൾ വീതവും ഉൾപ്പെടെ 9 സ്‌ക്രീനുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറേഴ് മാസത്തിനുള്ളിൽ പുതിയ സ്ക്രീനുകൾ തുറക്കുമെന്നും കെഎസ്എഫ്ഡിസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്‌ക്രീനുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സിനിമാ പ്രേമികളുടെ എണ്ണം കൂടുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) പ്രസിഡന്റ് കെ വിജയകുമാർ ചൂണ്ടിക്കാട്ടി. മൾട്ടിപ്ലക്സുകളുടെ വളർച്ച സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ മാത്രമേ ആളുകൾ തിയറ്ററിൽ പോകാറുള്ളൂ. മൾട്ടിപ്ലക്‌സുകളുടെ കാര്യത്തിലേക്ക് വന്നാൽ,
ആളുകൾ ഷോപ്പിങ്ങിനോ മാളുകളിൽ പോകുമ്പോഴോ ഒക്കെയാണ് ആളുകൾ പലപ്പോഴും സിനിമ കാണുന്നത്. ചെറിയ തിയറ്ററുകൾക്ക് അത്തരമൊരു ഓപ്ഷൻ നൽകാൻ കഴിയില്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തിയറ്ററുകളെ ഈ പ്രവണത കൂടുതൽ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമാ പ്രേമികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ നിരവധി ചെറിയ തിയറ്ററുകൾ നവീകരിച്ചിട്ടുണ്ടെന്നും ബഷീർ വ്യക്തമാക്കി. “കസ്റ്റമേഴ്സിനെ പരമാവധി കംഫർട്ടബിൾ ആക്കാനാണ് ഈ ശ്രമം. കൂടാതെ, ഓഡിയോ- വിഷ്വൽ എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വിജയകുമാർ കൂട്ടിച്ചേർത്തു.
നിലവിൽ സംസ്ഥാനത്ത് 650 സിംഗിൾ സ്‌ക്രീൻ തിയറ്ററുകളാണുള്ളത്. വർധിച്ചുവരുന്ന വൈദ്യുതി ബില്ലും മറ്റ് ചെലവുകളും സബ്‌സിഡികളുടെ അഭാവവും അവരുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. ഒരു സിനിമ വിജയകരമായി ഓടുമ്പോൾ മാത്രമേ തിയറ്ററുകൾക്ക് വരുമാനം ലഭിക്കൂ,”- വിജയകുമാർ പറയുന്നു. “മൾട്ടിപ്ലെക്സുകൾക്ക് മറ്റ് വരുമാന സ്രോതസ്സുകളുണ്ട്. ഫുഡ് കോർട്ട് നല്ലൊരു വരുമാന മാർഗമാണ്. അവിടെ ടിക്കറ്റ് വിലയും കൂടുതലാണ്. ഒരു ഷോ 10 പേർ മാത്രമേ കണ്ടുള്ളൂ എങ്കിൽ പോലും, സാമ്പത്തിക നഷ്ടം അത്ര കൂടുതലായിരിക്കില്ല”.- അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു- മൈമൂണിന്റെ ഉദ്ഘാടനത്തോടെ കൊച്ചിയിൽ അഞ്ച് പിവിആർ സ്‌ക്രീനുകൾ കൂടി വരും. കാക്കാനാട് നാല് മൾട്ടിപ്ലെക്സുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് മാജിക് ഫ്രെയിംസ്.
by Midhun HP News | Jul 16, 2025 | Latest News, കേരളം
കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എംബസിയും നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്കമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദേശത്താണ് മരണം സംഭവിച്ചത്. അവിടുത്തെ പൊലീസ് അന്വേഷണം നടത്തുന്നുണ്ടാകും. അപ്പോള്‍പ്പിന്നെ എങ്ങനെ ഇടപെടുമെന്നത് നോക്കട്ടെ എന്ന് കോടതി പറഞ്ഞു.
കീമില്‍ സ്റ്റേയില്ല, ഈ വര്‍ഷം പ്രവേശനം നിലവിലെ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി
ഒന്നര വസയുകാരി മകള്‍ വൈഭവിയുടേയും വിപഞ്ചികയുടേയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ബന്ധുവാണ് കോടതിയെ സമീപിച്ചത്. ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിപഞ്ചികയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് ഹര്‍ജി നല്‍കിയത്. മകളുടെയും കൊച്ചുമകളുടെയും മരണവിവരമറിഞ്ഞ് മാതാവ് ഷൈലജ ഷാര്‍ജയിലാണ്. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയിട്ടുണ്ട്. വിപഞ്ചികയുടേയും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഷാര്‍ജയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹന്‍, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിപഞ്ചിക നിരന്തരം ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന്റെ തെളിവുകളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരുടേയും മരണത്തില്‍ സംശയമുണ്ടെന്നും, പഴുതടച്ച അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടും കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം നടത്താനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും കോടതി ഇടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Recent Comments