സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ തീവ്രമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 17ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടല്‍.

ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ആത്മഹത്യാ പ്രേരണക്കുറ്റം

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ആത്മഹത്യാ പ്രേരണക്കുറ്റം

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.

അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. മകളെ വിരൂപിയാക്കാന്‍ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞിരുന്നു. മകള്‍ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റല്‍ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും വിപഞ്ചികയുടെ അമ്മ പരാതി നല്‍കിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുമ്പായിരുന്നു വിവാഹം.

കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം, ടൗണ്‍ഹാളിനടുത്ത് ഫര്‍ണീച്ചര്‍ കട കത്തി നശിച്ചു

കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം, ടൗണ്‍ഹാളിനടുത്ത് ഫര്‍ണീച്ചര്‍ കട കത്തി നശിച്ചു

കൊച്ചി: നഗരത്തില്‍ വന്‍ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തിലെ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറ് മണിയോടെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

ഫയര്‍ ഫോഴ്‌സിന്റെ എഴോളം യൂണിറ്റ് എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമില്‍ തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയില്‍പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്ത് പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

വക്കം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും അമ്മയും തൂങ്ങി മരിച്ച നിലയിൽ

വക്കം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും അമ്മയും തൂങ്ങി മരിച്ച നിലയിൽ

വക്കം ഗ്രാമ പഞ്ചായത്ത് മെമ്പറെയും മാതാവിനേയും വീടിന് പുറകു വശത്തുള്ള ചായ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. നിലവിൽ അരുൺവക്കം ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡ് കോൺഗ്രസ്‌ മെമ്പറാണ്.

‘ഗുരുപൂജ സംസ്‌കാരത്തിന്റെ ഭാഗം, സനാതന ധര്‍മവും പൂജയും പഠിക്കുന്നതില്‍ എന്താണ് തെറ്റ്’

‘ഗുരുപൂജ സംസ്‌കാരത്തിന്റെ ഭാഗം, സനാതന ധര്‍മവും പൂജയും പഠിക്കുന്നതില്‍ എന്താണ് തെറ്റ്’

തിരുവനന്തപുരം: ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിമര്‍ശിക്കുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

‘സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അതു സംസ്‌കാരത്തിന്റെ ഭാഗമാണ്. കുട്ടികള്‍ സനാതന ധര്‍മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റ്. ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവുമാണ്.’ ഗവര്‍ണര്‍ പറഞ്ഞു.

‘സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്‌കാരമാണത്. നമ്മള്‍ നമ്മളുടെ സംസ്‌കാരത്തെ മറന്നാല്‍ നമ്മളുടെ ആത്മാവിനെ മറക്കും. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത്’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഓഫീസറുമായി ഇന്ന് സംസാരിച്ചു. അദ്ദേഹം പ്രണാമം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു പ്രണാമം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ സ്ഥാനത്തുനിന്ന് തെറിക്കും. അതുകൊണ്ട് ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇതാണ് പലരുടെയും സംസ്‌കാരം. രാജ്യത്തിന്റെ ശരിയായ സംസ്‌കാരം തിരിച്ചുകൊണ്ടുവരുന്നത് ബാലഗോകുലം പോലെയുള്ള സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗുരുപൂജ തെറ്റല്ലെന്ന വാദവുമായി ഗവര്‍ണര്‍ എത്തിയത്.

അഞ്ചൽ :കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു വീണ്ടും അഞ്ചൽ പോലീസിന്റെ പിടിയിൽ

അഞ്ചൽ :കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു വീണ്ടും അഞ്ചൽ പോലീസിന്റെ പിടിയിൽ

അഞ്ചൽ, ഏരൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിവിധ മോഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. വിരലടയാളവിദഗ്ധർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ അഞ്ചൽ പോലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടെ മോഷണം നടത്തുവാനുള്ള ശ്രമത്തിനിടയിൽ വെള്ളംകുടി ബാബുവിനെ പിടികൂടുന്നത്.

ഇയാൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനു മുൻപ് ചടയമംഗലം പോലീസ് ഇയാളെ ആയൂരിൽ നിന്നും പിടികൂടിയിരുന്നു. തുടർന്നാണ് ഇപ്പോൾ അഞ്ചൽ പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്.