സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73000 കടന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍; താനൊരു പരാജയമെന്ന് കുറിപ്പ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍; താനൊരു പരാജയമെന്ന് കുറിപ്പ്

ഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈ ഏഴിന് കാണാതായ സ്‌നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ് വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്ത് യമുനാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സ്‌നേഹ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സ്‌നേഹയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സ്നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു കുറിപ്പ് ലഭിച്ചതാണ് ഈ സൂചനകള്‍ നല്‍കുന്നത്. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ജീവിതം അസഹനീയമായി തുടങ്ങിയെന്നും പറയുന്നതാണ് കുറിപ്പ്. ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും കുറിപ്പിലുണ്ട്. തന്റെ തീരുമാനത്തിന് പിന്നില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും സ്നേഹ എഴുതിയിരുന്നു.

എന്നാല്‍, സ്‌നേഹയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. കാണാതായ ദിവസം രാവിലെ 5.56ന് സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് സ്‌നേഹ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. എന്നാല്‍ ഈ സുഹൃത്ത് അന്ന് സ്‌നേഹയെ കണ്ടിട്ടില്ലെന്ന് അറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെയാണ് സ്്നേഹ സിഗ്‌നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. സിഗ്‌നേച്ചര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങളില്‍ സ്നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ സിസിടിവി ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത പ്രദേശത്ത് പെണ്‍കുട്ടി എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

‘എന്തിനാണ് ഹാളിന് എംടിയുടെ പേരിടുന്നത്?, എന്തിനാണ് എഴുത്തുകാരെ ഇങ്ങനെ അനാദരിക്കുന്നത്?’

‘എന്തിനാണ് ഹാളിന് എംടിയുടെ പേരിടുന്നത്?, എന്തിനാണ് എഴുത്തുകാരെ ഇങ്ങനെ അനാദരിക്കുന്നത്?’

തൃശൂര്‍: കേരള സാഹിത്യ അക്കാദമി ഹാളിന് അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ പേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. അക്കാദമിയിലെ മെയിന്‍ ഹാളിന് എം ടി വാസുദേവന്‍ നായരുടെ പേരിടുന്നത് എന്തിനാണ് എന്ന ചോദ്യമാണ് എഴുത്തുകാരന്‍ ഉയര്‍ത്തുന്നത്. മെയിന്‍ ഹാളിന് എം ടിയുടെ പേര് നല്‍കിയാല്‍ തന്നെ ആരും ആ പേര് പറയില്ല എന്ന് ഉറപ്പാണ്. പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് ‘കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്ന് പേര് നല്‍കിയ സാഹചര്യം ചുണ്ടിക്കാട്ടി അഷ്ടമൂര്‍ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്നു പേരിട്ട മെയിന്‍ ഹാള്‍ ഇപ്പോഴും അറിയപ്പെടുന്നത് റീജണല്‍ തീയറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. അത് ഒരു വിധത്തില്‍ എഴുത്തുകാരനോടുള്ള അനാദരവാണ്. അക്കാദമി ഹാളിന് എം ടി യുടെ പേരു നല്‍കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും ‘എം ടി വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പറയില്ല എന്നുറപ്പാണ്. പേരുമാറ്റത്തിലൂടെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് അക്കാദമി പുറപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പ്രതികരണം എംടിയോടുള്ള അനാദരവായി കണക്കാക്കരുത് എന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരുപം-

ഇത്രയും നീണ്ട ഒരു പേര്!

കേരള സാഹിത്യ അക്കാദമിയുടെ മെയിന്‍ ഹാളിന് ‘എം. ടി. വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പേരിടുന്നതിനെപ്പറ്റി വിവാദങ്ങള്‍ നടക്കുകയാണല്ലോ.

എന്തിനാണ് മെയിന്‍ ഹാളിന് എം. ടി. വാസുദേവന്‍ നായരുടെ പേരിടുന്നത്? പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് ‘കെ. ടി. മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്നു പേരിട്ടിരുന്നു. ഇപ്പോള്‍ ആരെങ്കിലും ആ പേരു പറയുന്നുണ്ടോ റീജണല്‍ തീയറ്റര്‍ എന്നല്ലാതെ? ഫലത്തില്‍ അത് കെ. ടി. യോടുള്ള അനാദരവല്ലേ?

അക്കാദമി ഹാളിന് എം. ടി. യുടെ പേരു നല്‍കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും ‘എം. ടി. വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പറയില്ല എന്നുറപ്പാണ്. ഇത്രയും നീണ്ട ഒരു പേര്!

അങ്ങനെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാന്‍ അക്കാദമി എന്തിനാണ് പുറപ്പെടുന്നത്?

കുറിപ്പ്: ഇത് എം. ടി. യോടുള്ള അനാദരവായി വ്യാഖ്യാനിക്കരുത്.

നടുറോഡില്‍ കാര്‍ തള്ളിനീക്കി കാട്ടുകൊമ്പന്‍, യാത്രക്കാര്‍ ഇറങ്ങിയോടി

നടുറോഡില്‍ കാര്‍ തള്ളിനീക്കി കാട്ടുകൊമ്പന്‍, യാത്രക്കാര്‍ ഇറങ്ങിയോടി

തൃശ്ശൂര്‍: അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍ ഇറങ്ങിയോടി. പിന്നാലെ നടുറോഡില്‍ കിടന്ന കാര്‍ കാട്ടാന തള്ളി നീക്കുകയായിരുന്നു. മലക്കപ്പാറ നിന്നു ചാലക്കുടി ഭാഗത്തേ ക്ക് പോകുന്ന കാര്‍ യാത്രികരാണ് ആനയുടെ മുന്‍പില്‍ അകപ്പെട്ടത്.

കാട്ടാനയുടെ ആക്രമണത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. റോഡിലുണ്ടായിരുന്ന ആനയ്ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത വിധം ആളുകള്‍ തടിച്ചുകൂടിയതും പ്രകോപനമായി. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ മറ്റു വാഹനങ്ങളിലെ വിനോദ സഞ്ചാരികള്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെയാണ് ആന കാറിന് നേരെ തിരിഞ്ഞത്.

ഇന്ത്യയ്ക്ക് ജയിക്കാന്‍ 135 റണ്‍, ഇംഗ്ലണ്ടിന് വേണ്ടത് ആറു വിക്കറ്റ്, ലോഡ്‌സില്‍ ത്രില്ലര്‍

ഇന്ത്യയ്ക്ക് ജയിക്കാന്‍ 135 റണ്‍, ഇംഗ്ലണ്ടിന് വേണ്ടത് ആറു വിക്കറ്റ്, ലോഡ്‌സില്‍ ത്രില്ലര്‍

ലണ്ടന്‍: രണ്ടാം ഇന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതിയ ഇന്ത്യന്‍ ടീമിന്റെ നാലുവിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടതോടെ ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. 193 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 17.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്.

ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി രണ്ടാം ടെസ്റ്റും ജയിക്കണമെങ്കില്‍ 135 റണ്‍സ് കൂടി വേണം. 47 പന്തില്‍ ആറു ഫോറുകളോടെ 33 റണ്‍സുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങാനുമുണ്ട്.

എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (ഏഴു പന്തില്‍ 0) നഷ്ടമായി. കരുണ്‍ നായര്‍ (33 പന്തില്‍ ഒരു ഫോര്‍ സഹിതം 14), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നല്‍കി അയച്ച ആകാശ്ദീപ് (11 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് പോരാട്ടം 192ല്‍ അവസാനിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തി ഇത്തവണ വാഷിങ്ടന്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വാഷിങ്ടന്‍ സ്വന്തമാക്കി. നാല് പേരേയും താരം ക്ലീന്‍ ബൗള്‍ഡാക്കി.

ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ബെന്‍ സ്റ്റോക്സ് 33 റണ്‍സ് കണ്ടെത്തി.

87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ശേഷം ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാല്‍ 150 റണ്‍സ് പിന്നിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിനു 6 വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനു കരുത്തായി നിന്ന ജോ റൂട്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും വാഷിങ്ടന്‍ സുന്ദര്‍ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്തു. പിന്നാലെ താരം അപകടകാരിയായ ജാമി സ്മിത്തിനേയും മടക്കി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. ജാമി സ്മിത്ത് 8 റണ്‍സുമായി പുറത്തായി. അടുത്ത വരവിലാണ് വാഷിങ്ടന്‍ സ്റ്റോക്സിനെ പുറത്താക്കിയത്. ഒടുവില്‍ ഷൊയ്ബ് ബഷീറിനേയും ക്ലീന്‍ ബൗള്‍ഡാക്കി വാഷിങ്ടന്‍ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

നാലാം ദിനം ഒന്നാം സെഷനില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ മൂന്നാമന്‍ ഒലി പോപ്പിനേയും സിറാജ് മടക്കി. മികച്ച രീതിയില്‍ മുന്നോട്ടു പോയ ഓപ്പണ്‍ സാക് ക്രൗളിയെ വീഴ്ത്തി നിതീഷ് കുമാര്‍ റെഡ്ഡിയും ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിച്ചു. ഹാരി ബ്രൂക്ക് പ്രത്യാക്രമണത്തിലേക്ക് കടന്നപ്പോഴാണ് ആകാശ് ദീപിന്റെ നിര്‍ണായക സ്‌ട്രൈക്ക്.

ഹാരി ബ്രൂക്ക് ഇന്ത്യയെ കടന്നാക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് ആകാശ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 4 ഫോറും ഒരു സിക്‌സും സഹിതം 19 പന്തില്‍ 23 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ബ്രൂക്കിന്റെ വീഴ്ച.

വിക്കറ്റ് നഷ്ടമില്ലാതെ 2 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോര്‍ 22 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ നഷ്ടമായത്. താര 12 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പും മടങ്ങി. താരം 4 റണ്‍സില്‍ പുറത്തായി. സാക് ക്രൗളി 22 റണ്‍സിലും വീണു. സ്‌കോര്‍ 50ല്‍ എത്തുമ്പോഴേക്കും മൂന്ന് പേര്‍ കൂടാരം കയറി. പിന്നാലെ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ദൗത്യവുമായി എത്തിയ ബ്രൂക്ക് ഒന്നാളിയെങ്കിലും പെട്ടെന്നു കത്തി തീര്‍ന്നു.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 387 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയും ഒന്നാം ഇന്നിങ്‌സില്‍ ഇതേ സ്‌കോറിലാണ് നിന്നത്. ഇന്ത്യക്കായി കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും കണ്ടെത്തി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

രാഹുല്‍ 100 റണ്‍സെടുത്തു മടങ്ങി. താരത്തിന്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. പന്ത് 74 റണ്‍സും കത്തും ഫോമില്‍ ബാറ്റ് വീശുന്ന രവീന്ദ്ര ജഡേജ 72 റണ്‍സും അടിച്ചെടുത്തു. കരുണ്‍ നായര്‍ 40 റണ്‍സും നിതീഷ് കുമാര്‍ 30 റണ്‍സും എടുത്തു.

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും

ദുബായ്: യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു യാത്ര. യുഎസില്‍ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു.