തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ മരകൊമ്പ് തലക്ക് വീണ് ഗുരുതര പരുക്ക് പറ്റിക്കേറ്റയാൾ മരണപ്പെട്ടു

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ മരകൊമ്പ് തലക്ക് വീണ് ഗുരുതര പരുക്ക് പറ്റിക്കേറ്റയാൾ മരണപ്പെട്ടു

ഒരു മാസം മുൻപ്‌ തിരുവനന്തപുരം എസ് എ ടി ഹോസ്പിറ്റലിൽ സ്വന്തം മകളുടെ ചികിൽസക്കായി ചെന്നപ്പോൾ ഹോസ്പിറ്റലിനു സമീപമുള്ള മരകൊമ്പ് തലക്ക് വീണ് ഗുരുതര പരുക്ക് പറ്റിയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽചികിത്സയിൽ കഴിയുകയായിരുന്നു. പരവൂർ നെടുങ്ങോലം സ്വദേശിയായ സുനിലാണ് മരണപ്പെട്ടത്.

ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു’; വിപഞ്ചികയ്ക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ

ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു’; വിപഞ്ചികയ്ക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ

കൊല്ലം: ഷാര്‍ജയില്‍ വിപഞ്ചികയും പിഞ്ചു കുഞ്ഞും മരിച്ച സംഭവത്തില്‍ മകള്‍ക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ. ഭര്‍തൃവീട്ടില്‍ മകള്‍ കൊടിയ പീഡനമാണ് നേരിട്ടത്. വീട്ടില്‍ ഒന്നും അറിയിക്കാതെ മകള്‍ നിശബ്ദമായി എല്ലാം സഹിക്കുകയായിരുന്നു. മകളുടെ ഭര്‍ത്താവ് നിതീഷ് നയിച്ചത് ആഡംബര ജീവിതമാണ്. ജോലി ചെയ്ത സ്ഥാപനത്തെ പോലും നിതീഷ് വഞ്ചിച്ചു. ഇക്കാര്യം കമ്പനിയെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ മകളെ നിതീഷ് ഭീഷണിപ്പെടുത്തി. മകളുടെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ ഓര്‍ത്ത് എല്ലാം സഹിക്കാന്‍ മകള്‍ തയ്യാറായി. മകളുടെ മരണത്തില്‍ ദുരൂഹതകളേറെയുണ്ട്. മകളുടെ മരണം കേന്ദ്ര ഏജന്‍സി ഇടപെട്ട് അന്വേഷിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

‘അവളെ കൊന്നുകളഞ്ഞില്ലേ മക്കളെ. അവള്‍ക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നുവെങ്കില്‍ പ്രതികരിക്കുമായിരുന്നില്ലേ. അവള്‍ അത്ര പഞ്ച പാവമാണ്. എന്നെ ഒന്നും അറിയിക്കേണ്ട എന്ന് കരുതി എല്ലാം ഒളിപ്പിച്ചുവെച്ചു. ഇത്രയും സഹിക്കുന്ന മകളാണ് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അവനെ നാട്ടില്‍ എത്തിക്കണം. അന്വേഷിച്ച് അവനെയും അവന്റെ പെങ്ങളെയും അച്ഛനെയും നാട്ടില്‍ എത്തിക്കണം. തക്കതായ ശിക്ഷ നല്‍കണം. അരുമ കുഞ്ഞുമായി മകള്‍ മരിക്കണമെങ്കില്‍ അവന്‍ അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട്. അവന്‍ കുഞ്ഞിനെ പോലും നോക്കില്ല. കുഞ്ഞ് കരഞ്ഞാല്‍ പോലും നോക്കില്ല. ഇങ്ങനെയാണോ ഒരു അച്ഛന്‍ ചെയ്യേണ്ടത്. എന്റെ മകളെ ഈ അവസ്ഥയില്‍ ആക്കിയവരെ വെറുതെ വിടരുത്. അങ്ങേയറ്റം വരെ പോകണം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് അവനും അവന്റെ പെങ്ങള്‍ക്കും അച്ഛനും ശിക്ഷ മേടിച്ചുകൊടുക്കണം.’- ശൈലജ പറഞ്ഞു.

‘അവന്‍ മകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് അറിയാം. അവന് നാലഞ്ചു ലക്ഷം രൂപ ശമ്പളം ഉണ്ട്. എന്റെ മകളുടെ ശമ്പളവും എടുത്തും ജീവിച്ചിട്ടും അവന് തികയുന്നില്ല. അവന്‍ കമ്പനിയുടെ ഷെയര്‍ മറിച്ചുവിറ്റു. പ്രണവ് എന്ന് പറയുന്ന ഒരുത്തനുമായിട്ട്. അതും തികയാതെ വന്നപ്പോള്‍ എന്റെ മകള്‍ ചോദിച്ചു. ഈ കാശ് എന്തു ചെയ്യുന്നുവെന്ന്? അവന്‍ പറഞ്ഞില്ല. ഇത്രയും കിട്ടിയിട്ടും തികഞ്ഞില്ലെങ്കില്‍ ഇനിയും കമ്പനിയെ വഞ്ചിക്കുന്നത് അറിഞ്ഞാല്‍ കമ്പനിക്ക് പരാതി നല്‍കുമെന്ന് മകള്‍ പറഞ്ഞു. നീ കമ്പനിക്ക് പരാതിപ്പെട്ടാല്‍ എന്റെ ജോലി പോകും. നിന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്. മകള്‍ ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ രക്ഷിച്ചേനെ. വിവാഹം കഴിച്ച അന്നുതൊട്ടെ മകളെ അവന്‍ ഉപദ്രവിച്ചു. എല്ലാം അവള്‍ ഉള്ളില്‍ ഒതുക്കി. മകള്‍ അവനെ സ്‌നേഹിച്ചിട്ടേയുള്ളൂ. മകള്‍ക്ക് ഒരു വാശിയെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തരുത്. അച്ഛനും അമ്മയും ചേര്‍ന്ന് വളര്‍ത്തണം. അതിന് വേണ്ടി മകള്‍ എന്തു ത്യാഗം സഹിക്കാനും തയ്യാറായിരുന്നു. അവന് അഫയര്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും മകള്‍ ക്ഷമിക്കാന്‍ തയ്യാറായി. എങ്കിലും എന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജീവിക്കാന്‍ മനസില്ല എന്ന് അവള്‍ പറഞ്ഞു. എന്നിട്ടും അവന്‍ ചെയ്തു.’- വിപഞ്ചികയുടെ അമ്മ വിതുമ്പി.

അതിനിടെ, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊല്ലം സ്വദേശി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്. താന്‍ നേരിട്ട പീഡനങ്ങളും അപമാനവും വിവരിക്കുന്നതാണ് വിപഞ്ചികയുടെ കുറിപ്പ്. ഫെയ്‌സ്ബുക്കില്‍ ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് വിവരം.മടുത്തു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ് പുറത്ത്

തനിക്ക് നേരിട്ട ക്രൂരതകള്‍ വിപഞ്ചിക സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യകുറിപ്പില്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നും ഭര്‍ത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം യുവതിക്കുണ്ടായതായും ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പില്‍ പറയുന്നു.

കൊലയാളിയെ വെറുതെ വിടരുത്

ഒരിക്കലും ഈ കൊലയാളിയെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്ഹത്യ കുറിപ്പ് ആരംഭിക്കുന്നത്.

‘മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. തന്റെ മരണത്തില്‍ ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍ ആണ് രണ്ടാം പ്രതി.’ എന്ന് വിപഞ്ചിക എഴുതിയ കുറിപ്പില്‍ പറയുന്നു.

‘കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കും കൂടി വേണ്ടിയാണു ഞാന്‍ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി” എന്നും കത്തില്‍ യുവതി പറയുന്നു.

ഭര്‍തൃസഹോദരി നീതു പ്രശ്‌നക്കാരി

ഭര്‍തൃസഹോദരി നീതു ആയിരുന്നു ഇരുവരുടെയും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് എന്ന് കത്തില്‍ ആരോപിക്കുന്നു. ‘ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിനെക്കൊണ്ട് എന്നെ തല്ലിച്ചു. എന്നെ ഹോസ്റ്റലില്‍ താമസിപ്പിക്കണമെന്നും, വീട്ടില്‍ നിന്നും ഇറക്കി വിടണമെന്നും നീതു മെസ്സേജ് അയച്ചിരിക്കുന്നത് ഞാന്‍ കണ്ടു. തുടക്കത്തില്‍ അച്ഛനും ഭര്‍തൃസഹോദരി നീതുവും പറയുന്നത് കേട്ട് നിതീഷ് എന്നെ തല്ലുമായിരുന്നു. ഒരിക്കല്‍ നീതുവിന്റെ വാക്ക് കേട്ട് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന് ഷവര്‍മ്മ എന്റെ വായില്‍ കുത്തിക്കയറ്റി. എന്റെ കൊങ്ങയില്‍ (തൊണ്ട) യില്‍ പിടിച്ചു നിലത്തു കിടന്ന പൊടി ഉള്‍പ്പെടെ വീണ്ടും വീണ്ടും കുത്തി കയറ്റി. ഗര്‍ഭിണി ആയിരുന്നപ്പോള്‍ അവള്‍ക്കു വേണ്ടി എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല” എന്നും യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു

നിതീഷിന് നിരവധി സ്ത്രീകളുമായി ബന്ധം

”നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട്. ഈ ബന്ധം കണ്ടെത്തിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തന്നെ ശാരീരികമായ ഉപദ്രവിച്ച ശേഷം അബദ്ധം പറ്റിയതാണെന്ന് പറയും. അയാള്‍ മറ്റു സ്ത്രീകള്‍ക്ക് പണമയച്ചു നല്‍കുകയും അവരുമായി മെസ്സേജ് അയക്കുന്നതും താന്‍ കണ്ടു പിടിച്ചിട്ടുണ്ട്. മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം എന്റെ കുഞ്ഞിന് ഓര്‍ത്ത് ഞാന്‍ അതൊക്കെ ക്ഷമിച്ചു. പക്ഷേ, നിതീഷ് വീട്ടില്‍ വരാറില്ലായിരുന്നു. എന്റെ ലോക്കറിന്റെ താക്കോല്‍ ഭര്‍ത്താവിന്റെ അച്ഛന്റെ കയ്യില്‍ നിന്ന് വാങ്ങിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതിന്റെ പേരില്‍ അയാള്‍ പട്ടിയെ പോലെ എന്നെ തല്ലി,ആഹാരം തരില്ല,നാട്ടില്‍ കൊണ്ടുപോകില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി” എന്നും വിപഞ്ചിക കത്തില്‍ പറയുന്നു.

അയാള്‍ വൈകൃതമുള്ള മനുഷ്യനാണ്

” ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ് . കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല”എന്നും യുവതി കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്

എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല

”എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല, എന്റെ കൈയ്യിലുള്അ ഒരു മാലയ്ക്ക് വേണ്ടി എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരുപാട് പണമുള്ള ആളുകളാണ് എന്നിട്ടും എന്റെ ചെറിയ സാലറി അവര്‍ക്ക് വേണമെന്ന വാശിയാണ്. എല്ലാം മകള്‍ക്ക് വേണ്ടി സഹിച്ചു. സ്വന്തം ബെഡ് റൂമിലെ കാര്യം വരെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് പറഞ്ഞത് ഒട്ടും സഹിക്കാനായില്ല. എല്ലാവര്‍ക്കും എല്ലാം അറിയാം. ഈ ലോകം ക്യാഷ് ഉള്ളവരുടേതാണ്. ഉപദ്രവിച്ച ശേഷം കുഞ്ഞിനെ ഇല്ലാതാക്കും എന്ന ഭീഷണിപ്പെടുത്തുമായിരുന്നു” എന്നും ആത്മഹത്യകുറിപ്പിലുണ്ട്.

എല്ലാം മടുത്തു…

”പറഞ്ഞറിയിക്കാന്‍പറ്റാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും അയാള്‍ ഇവിടെ ഇല്ല. എന്നെ മാനസിക രോഗിയാക്കാനാണ് അയാളുടെ ശ്രമം. എന്റെ ഓഫിസില്‍ ഉള്ള എല്ലാവര്‍ക്കും കാര്യങ്ങള്‍ അറിയാം അവരെ വെറുതെ വിടരുത്”. മടുത്തു എന്ന് പറഞ്ഞാണ് വിപഞ്ചിക കത്ത് അവസാനിപ്പിക്കുന്നത്.

നോട്ട് ബുക്കിലെഴുതിയ ആറ് പേജുകളില്‍ ഉള്ള ദീര്‍ഘമായ കത്ത് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കളുടെ സംശയം. വിപഞ്ചികയുടെ കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വര്‍ധിച്ച് സ്വര്‍ണവില ഒരിക്കല്‍ കൂടി 73000 കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 73000 കടന്നത്. 73,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കൂടിയത്. 9140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.

‘കീമില്‍ ഞങ്ങള്‍ക്ക് നീതി വേണം’; കേരള സിലബസുകാര്‍ സുപ്രീംകോടതിയിലേക്ക്

‘കീമില്‍ ഞങ്ങള്‍ക്ക് നീതി വേണം’; കേരള സിലബസുകാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി കേരള സിലബസുകാര്‍. പുതിയ ഫോര്‍മുല അനുസരിച്ച് തയ്യാറാക്കിയ കീം റാങ്ക് പട്ടികയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്ക്കുകയും ചെയ്തു. കീമില്‍ ഇനി നിയമയുദ്ധം വേണ്ടെന്നു തീരുമാനിച്ച് പഴയ രീതിയനുസരിച്ച് കഴിഞ്ഞ ദിവസം പുതുക്കിയ റാങ്ക് പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ‘കീമില്‍ ഞങ്ങള്‍ക്ക് നീതി വേണം’ എന്ന പേരില്‍ എന്‍ജിനിയറിങ് റാങ്ക്പട്ടികയിലുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയും രൂപവത്കരിച്ചു.

ഗ്രൂപ്പ് ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ആയിരത്തിലേറെപ്പേരാണ് ഇതില്‍ അംഗങ്ങളായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ പിന്തുണ നേടിയെടുക്കാനാണ് ശ്രമം. കേരള സിലബസുകാരുടെ വേദനയും പ്രതീക്ഷയും മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും വി ശിവന്‍കുട്ടിയെയും അറിയിക്കാന്‍ എല്ലാ സാധ്യതകളും തേടണമെന്നാണ് അംഗങ്ങളോട് ഗ്രൂപ്പ് അഡ്മിന്‍ അജാസിന്റെ അഭ്യര്‍ഥന.

അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയക്കാരെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രവും ആവിഷ്‌കരിക്കും. ഇപ്പോഴത്തെ റാങ്ക്പട്ടികയിലുള്ള മിക്കവര്‍ക്കും അടുത്തവര്‍ഷം 18 വയസ്സാവും. വോട്ടവകാശം ലഭിക്കും. കഴിഞ്ഞവര്‍ഷവും ഇത്തവണയും രണ്ടുലക്ഷം പേര്‍ വീതം കീം പരീക്ഷയെഴുതി. അടുത്തവര്‍ഷവും രണ്ടുലക്ഷംപേര്‍ എഴുതും. ഇത്രയുംപേര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമൊക്കെ വോട്ടുണ്ടെന്നും ആ സാധ്യത ഒരു സമ്മര്‍ദമാക്കണമെന്നുമാണ് ആഹ്വാനം. അതിനാല്‍, വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കളെയും എംഎല്‍എമാരെയും എംപിമാരെയുമൊക്കെ സമീപിച്ച് സമ്മര്‍ദം ചെലുത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. പുതിയ ഫോര്‍മുലയനുസരിച്ചുള്ള കീം റാങ്ക്പട്ടിക റദ്ദാക്കപ്പെട്ടപ്പോള്‍, പരാതിയുള്ളവര്‍ക്ക് മേല്‍ക്കോടതിയില്‍ പോവാമെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.

പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് കേസിനെ ബാധിക്കുമെന്നതിനാല്‍, അത് ഒരാഴ്ചയെങ്കിലും വൈകിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അഭ്യര്‍ഥന. നിയമയുദ്ധത്തില്‍, കീം പട്ടികയില്‍ യോഗ്യത നേടിയ 48,000 പേരുടെയും പിന്തുണ തേടാനാണ് വിദ്യാര്‍ഥികളുടെ ശ്രമം.

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം; വഴിപാടായി പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം; വഴിപാടായി പഴകിയ അവില്‍ സമര്‍പ്പിക്കരുത്

തൃശൂര്‍: ശുദ്ധിചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. വെള്ളിയാഴ്ചത്തെ ഉദയാസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂലൈ 12) ശനിയാഴ്ചത്തെ ഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 13 ) വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ സമയത്തു ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

‘ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണത്തിന് ഗുണമേന്‍മയുള്ള അവില്‍ ഉപയോഗിക്കണം’

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവില്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുണമേന്‍മ കുറഞ്ഞതും പഴകിയതുമായ അവില്‍ സമര്‍പ്പിക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകള്‍ സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കണം. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. പൊതിഞ്ഞാണ് ഭക്തര്‍ വഴിപാടായി അവില്‍ സമര്‍പ്പിക്കുന്നത്. ചിലര്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയും സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയിലേറെയും പഴകി പ്യൂപ്പല്‍ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉല്‍പ്പാദിച്ച തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ അഡ്രസോ കവറില്‍ ഉണ്ടാകാറില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ വില്‍ക്കുന്ന അവിലുകള്‍ വാങ്ങി സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം .മാത്രമല്ല ഇത്തരത്തില്‍ ക്ഷേത്രത്തില്‍ ലഭിച്ച ഉപയോഗശൂന്യമായ ക്വിന്റല്‍ കണക്കിന് അവില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറിയിട്ടുണ്ട്. ആകയാല്‍ ഗുണമേന്മയുള്ളതും ഭക്ഷ്യ സുരക്ഷാചട്ടങ്ങള്‍ പാലിച്ച് വിതരണത്തിനെത്തിക്കുന്നതുമായ അവില്‍ സമര്‍പ്പിക്കാന്‍ ഭക്തജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ഗുണമേന്‍മയുള്ള അവില്‍ സമര്‍പ്പണത്തിന് ലഭ്യമാക്കാന്‍ ദേവസ്വം നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു

ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഫീസ് കെട്ടിടം നടന്നു കണ്ടു. തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, സികെപി പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, എസ് സുരേഷ് തുടങ്ങിയവര്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

പരിപാടിക്ക് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് പോയ അമിത് ഷാ ബിജെപി വാര്‍ഡ് തല നേതൃസംഗമത്തില്‍ പങ്കെടുക്കും. നേതൃസംഗമം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.