by Midhun HP News | Jul 12, 2025 | Latest News, കേരളം
കൊച്ചി: കൊക്കെയ്ന്‍ എന്നു സംശയിക്കുന്ന ലഹരി മരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങിയ ബ്രസീല്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് ഡിആര്‍ഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. 80 ക്യാപ്‌സൂളുകള്‍ ഇരുവരുടെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരിക്കടത്ത് സംശയത്തിന്റെ പേരില്‍ ഡിആര്‍ഐ സംഘം ഇവരെ വിശദമായി പരിശോധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ശരീരത്തിലോ ബാഗുകളിലോ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് വിഴുങ്ങിയ നിലയില്‍ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്.
കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്തേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി. തിരുവനന്തപുരത്ത് ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നു. ലഹരി ഇടപാട് ഇവിടെ നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശരീരത്തില്‍ ലഹരി ഒളിപ്പിച്ച് എത്തുന്ന ഇത്തരത്തിലുള്ള ഒട്ടേറെ കേസുകള്‍ ഇപ്പോള്‍ നെടുമ്പാശേരിയില്‍ പിടിയിലാകുന്നുണ്ട്. കസ്റ്റഡിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അലര്‍ട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ജില്ലാ പഞ്ചായത്ത് മുൻ അംഗം ആനാട് ജയൻ പറഞ്ഞു.
by Midhun HP News | Jul 12, 2025 | Latest News, കേരളം
പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും കുട്ടി മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4), ആല്‍ഫിന്‍(6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കുട്ടികളുടെ അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീ പിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്. കുട്ടികളെ എല്‍സി തന്നെയാണ് കാറില്‍ നിന്നും പുറത്തെത്തിച്ചതെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ കിണറില്‍നിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്.
എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് പൊല്‍പ്പുള്ളി പൂളക്കാട്ട് താമസമായത്.
by Midhun HP News | Jul 12, 2025 | Latest News, കേരളം
പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വാട്‌സ്ആപ്പ് തട്ടിപ്പ്. വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം തുറന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായെന്നാണ് പരാതി. പാലക്കാട് പൊല്‍പ്പളളി സ്വദേശിക്കാണ് മുപ്പതിനായിരം രൂപ നഷ്ടമായത്. കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന സന്ദേശത്തോടൊപ്പം ലഭിച്ച ഡോക്യുമെന്റ് തുറന്നപ്പോഴാണ് പണം നഷ്ടമായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
എടിഎം പിന്‍ ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പൊല്‍പളളി സ്വദേശി പറഞ്ഞു.രാവിലെ എട്ടുമണിക്കാണ് വാട്‌സ്ആപ്പിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ മെസേജ് വന്നത്. മെസേജിനൊപ്പം ഉണ്ടായിരുന്ന ഡോക്യുമെന്റില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്പ് ഓപ്പണായി. തുടര്‍ന്ന് എടിഎം പിന്‍ നമ്പറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട് ഫോണിലേക്ക് കോള്‍ വന്നു.
ബാങ്കുമായി ബന്ധപ്പെടാമെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം പണം പോയതായി മെസേജ് വന്നു. ഉടന്‍ ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടിയതായി അവര്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’- പരാതിക്കാരന്‍ പറഞ്ഞു. ആറ് തവണയായാണ് മുപ്പതിനായിരം രൂപ നഷ്ടമായത്. ആരാണ് തട്ടിപ്പുകാരെന്നോ എവിടേക്കാണ് തട്ടിയെടുത്ത പണം പോയതെന്നോ വ്യക്തമല്ല. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്
by Midhun HP News | Jul 12, 2025 | Latest News, കേരളം
ആറ്റിങ്ങൽ കരിച്ചയിൽ പ്രദേശത്തെ അപ്പൂപ്പൻ പാറ ക്ഷേത്രം, തെന്നൂർ ക്ഷേത്രം, കരിച്ചയിൽ മുടിപ്പുര ക്ഷേത്രം എന്നിവയ്ക്കു സമീപത്തുകൂടെ ഒഴുകുന്നതും അനേകം ജനങ്ങൾ കൃഷിക്കും മറ്റും ജലസേചനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന കരിച്ചയിൽ തോട്ടിൽ മാസങ്ങളായി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ ടാങ്കർ ലോറികളിലും മറ്റും കൊണ്ടുവന്നു ഒഴുക്കുന്നു.
വാമനപുരം നദിയിൽ എത്തിച്ചേരുന്ന ഇപ്രകാരമുള്ള മലിന ജലമാണ് ആറ്റിങ്ങൽ നഗരസഭയ്ക്കും അടുത്തുള്ള പഞ്ചായത്തുകളിലേയ്ക്കും ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്നതിന് പമ്പ് ചെയ്യുന്നത്. തോട്ടിൽ കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ ഒഴുക്കുന്ന സമൂഹ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ട്‌വരുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) നക്രാംകോട് ബ്രാഞ്ച്, തച്ചൂർക്കുന്നു ബ്രാഞ്ച്, സിപിഐ(എം) ആറ്റിങ്ങൽ ഈസ്റ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ മുൻപാകെ ജനകീയ കൂട്ടഹർജി സമർപ്പിച്ചു.
സിപിഐ(എം) നക്രാംകോട് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ നായർ തച്ചൂർക്കുന്നു ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിവർ പങ്കെടുത്തു.
Recent Comments