കാറിന് തീപിടിച്ച് അമ്മയ്ക്കും 2 കുട്ടികൾക്കും പൊള്ളലേറ്റു

കാറിന് തീപിടിച്ച് അമ്മയ്ക്കും 2 കുട്ടികൾക്കും പൊള്ളലേറ്റു

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റു. മാതാവ് എൽസി, ആറു വയസുകാരന്‍ ആല്‍ഫ്രഡ്, മൂന്നു വയസുകാരി എമില്‍ എന്നിവരെ കൊച്ചി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് അപകടം നടന്നത്. മക്കളുമായി വീടിന് പുറത്തു പോകാന്‍ എല്‍സി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീപിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മത്സരത്തോടനുബന്ധിച്ച് ചൊല്ലിയാട്ടം സംഘടിപ്പിച്ചു

വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മത്സരത്തോടനുബന്ധിച്ച് ചൊല്ലിയാട്ടം സംഘടിപ്പിച്ചു

വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി സാഹിത്യശില്പശാലയും ഓണപ്പാട്ടും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ മലയാളശാല സാഹിത്യസാംസ്‌കാരികവേദിയാണ് പരിശീലനപരിപാടി നടത്തിയത്. സാഹിത്യകാരന്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.എം.പദ്മശ്രീ അധ്യക്ഷയായി. കവി വിജയന്‍ പാലാഴി, ആറ്റിങ്ങല്‍ ഗോപന്‍, സുരേഷ് കൊളാഷ്, അശ്വതി ശശിധരന്‍, ഡോ.പി.കെ.ശ്രീകല, പി.വി.ബീനാമോള്‍ എന്നിവര്‍ പങ്കെടുത്തു. കഥാരചന, കവിതാരചന, ചിത്രവായന എന്നിവയില്‍ പരിശീലനവും മലയാളത്തിന്റെ മണ്‍മറഞ്ഞ ഓണപ്പാട്ടുകളുടെ പരിചയപ്പെടുത്തലും നടന്നു.

ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്ത്; സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധം?; കൊച്ചിയിലെ കൂടിക്കാഴ്ച അന്വേഷിക്കുന്നു

ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്ത്; സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധം?; കൊച്ചിയിലെ കൂടിക്കാഴ്ച അന്വേഷിക്കുന്നു

തിരുവനന്തപുരം: ഈന്തപ്പഴത്തിന്റെ പെട്ടിയില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. ഇയാളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൊച്ചിയില്‍ സിനിമാ ബന്ധമുള്ളവരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ജു പല ഇടപാടുകളും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സഞ്ജുവിന്റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. ഒമാനില്‍ നിന്നെത്തിച്ച, രാജ്യാന്തര വിപണിയില്‍ 3 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ കടത്തുന്നതിനിടെയാണ് സഞ്ജു ഉള്‍പ്പെടെ 4 പേരെ ഡാന്‍സാഫ് സംഘം പിടികൂടുന്നത്.

ഒമാനില്‍നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിന്റെ ബാഗേജിലെ, വീട്ടിലേക്കുള്ള ആഡംബര ലൈറ്റുകള്‍, വിലകൂടിയ പാത്രങ്ങള്‍, വസ്ത്രം എന്നിവയ്‌ക്കൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം 4 തവണ സഞ്ജു ഒമാനിലേക്കു യാത്ര ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയിട്ടും വിമാനത്താവളത്തില്‍ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നതും സംശയത്തിനിടയാക്കുന്നു. 2023ല്‍ ഞെക്കാടിനു സമീപം വളര്‍ത്തുനായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി കച്ചവടം നടത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു.

ആറ്റിങ്ങലിലെ ഗതാഗത ക്രമീകരണം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നഗരസഭ ഭരണകർത്താക്കൾക്ക് കത്ത് നൽകി

ആറ്റിങ്ങലിലെ ഗതാഗത ക്രമീകരണം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നഗരസഭ ഭരണകർത്താക്കൾക്ക് കത്ത് നൽകി

ആറ്റിങ്ങൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡൻറ് പൂജ ഇക്ബാൽ, സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ് എന്നിവരാണ് നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള എന്നിവർക്ക് കത്ത് നൽകിയത് . താഴെപ്പറയുന്ന നിർദ്ദേശങ്ങൾ ആണ് കത്തിൽ ഉണ്ടായിരുന്നത്

ആറ്റിങ്ങൽ പാലസ് റോഡ് വൺവേ ആക്കുന്നത് സംബന്ധിച്ച് വലിയ വാഹനങ്ങൾ ഒഴിവാക്കുകയും ചെറിയ വാഹനങ്ങൾ ഇരു സൈഡിൽ കൂടി വിട്ട് സഞ്ചാരയോഗ്യമാക്കുക,

ബി.റ്റി. എസ് റോഡിലുള്ള പാർക്കിംഗ് ഒരു സൈഡിലാക്കുക നിലവിൽ രണ്ട് സൈഡിലാണ് പാർക്കിംഗ് . കാൽനട യാത്രക്കാർക്ക് നടപ്പാത ക്രമീകരിക്കുക,

മാർക്കറ്റ് റോഡിന്റെ മുൻവശത്ത് രണ്ട് സൈഡിലും ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത് ഒഴിവാക്കുക

പാലസ് റോഡിലുള്ള കല്യാൺ ജ്വല്ലറിക്ക് മുന്നിലെ ബസ്റ്റോപ്പ് മുമ്പിലോട്ട് മാറ്റി സ്ഥാപിക്കുക

കച്ചേരി ജംഗ്ഷനിൽ നിലവിലുള്ള ആക്‌സിസ് ബാങ്കിന് മുന്നിലെ ബസ്റ്റോപ്പ് പുനസ്ഥാപിക്കുക.

വഴിയോരകച്ചവടം റോഡിൽ നിന്നും ഒഴിവാക്കുക

ഓണക്കാലത്തിനു മുന്നോടിയായി ആറ്റിങ്ങൽ നഗരത്തിലെ ഗതാഗതം സുഗമമായി നടത്താൻ എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും നഗരസഭയ്ക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ഉറപ്പ് നൽകി.

നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്; വീടുകളിലെ പ്രസവവും വാക്‌സിനോടുള്ള എതിര്‍പ്പും തിരിച്ചടിയായി

നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്; വീടുകളിലെ പ്രസവവും വാക്‌സിനോടുള്ള എതിര്‍പ്പും തിരിച്ചടിയായി

തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്. കഴിഞ്ഞ കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അശാസ്ത്രീയ പ്രവണതകളാണ് കേരളത്തിന് തിരിച്ചടിയായത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളില്‍ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വര്‍ധന എന്നിവയാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നിതിനിടെ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക (2023 -24) ല്‍ ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ സൂചിക 80 പിന്നിടുമ്പോഴും നാലാം സ്ഥാനമാണ് ലഭിച്ചത്. ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചല്‍ പ്രദേശ് (83) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി. കേരളത്തിനൊപ്പം കര്‍ണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളില്‍ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളില്‍ 93 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി. 2018 മുതലാണ് കേരളത്തില്‍ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ല്‍ കേരളം പട്ടികയില്‍ ഒന്നാമതെത്തി. 2020-21 ല്‍ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കല്‍ തുടങ്ങിയ സൂചകങ്ങള്‍ ഉള്‍പ്പെടുക്കിയപ്പോള്‍ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു.

മാതൃമരണ അനുപാതം, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്‌ഐവി അണുബാധ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ പ്രവര്‍ത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.

9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയില്‍ കേരളം പിന്നോട്ടുപോയി. സംസ്ഥാനത്ത് 2023-24 സമയത്ത് വാക്‌സിനേഷന്‍ ശതമാനം 85.40 ആയി കുറഞ്ഞു. 2020-21 ല്‍ 92 ആയിരുന്ന വാക്‌സിനേഷന്‍ നിരക്കിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെ പ്രസവങ്ങള്‍ ശതമാനം 99.90 ല്‍ നിന്ന് 99.85 ആയി കുറഞ്ഞെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയതായി ഉള്‍പ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് നടത്തിയത്. ആത്മഹത്യ നിരക്ക് മുന്‍ കണക്കുകളേക്കാള്‍ ഉയര്‍ന്നു. 2020-21 സമയത്ത് 24.30 ആയിരുന്നു സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2023-24 പതിപ്പില്‍ ഇത് 28.50 ആയി ഉയ‍‍‍ർന്നു. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തില്‍ ആത്മഹത്യ നിരത്ത് ഇരട്ടിയിലധികം രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. ഒരു ലക്ഷം പേരില്‍ 12.10 ആണ് ഈ കണക്ക്. എന്നാല്‍ ഇതും ദേശീയ ശരാശരിയേക്കാള്‍ (12.4) ഉയര്‍ന്ന് നില്‍ക്കുന്നു.

സംസ്ഥാനത്ത് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവും കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 17 ശതമാനമാണ് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആത്മഹത്യനിരക്ക് ഉള്‍പ്പെടെയുള്ളവയില്‍ കേരളം നേരിട്ടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൗണ്‍സിലിങ് ഉള്‍പ്പെടെ മെച്ചപ്പെടുത്തേണ്ടുണ്ടെന്ന് ഡോ. എന്‍ എം അരുണ്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ പരിപാലന രംഗം മെച്ചപ്പെടുണം. ഒരു ആശുപത്രിയില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ക്രമീകരണം ഉണ്ടാകണം. വാക്‌സിനേഷന്‍, വീടുകളിലെ പ്രസവം എന്നിവ കുറയുന്നതില്‍ മതപരമായ വിശ്വാസങ്ങള്‍ക്ക് അപ്പുറത്ത് സോഷ്യല്‍ മീഡിയുടെ സ്വാധീനം ശക്തമാണെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടുന്നു.

ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന്  ദാരുണാന്ത്യം

ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ അയിലത്ത് മൈവള്ളി ഏലയ്‌ക്കു സമീപമാണ് ഡെലിവറി വാനും പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആറ്റിങ്ങൽ പള്ളിയറ സ്വദേശിയായ മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) (വിജീഷ് ഭവൻ) ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തലച്ചോറ് പുറത്തു വന്നു തൽക്ഷണം മരണപ്പെടുകയായിരുന്നു. വെള്ളിയാഴച്ച രാത്രി 9.45നായിരുന്നു അപകടം

അയിലത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോയ പിക്ക് അപ്പ് വാഹനവും ആറ്റിങ്ങലിൽ നിന്നും അയിലത്തേയ്ക്കു പോയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡെലിവറി വാൻ ശരിയായ ദിശയിലൂടെ റോഡിൻറെ ഇടതു വശം ചേർന്നാണ് നിന്നിരുന്നത്. ബൈക്ക് അമിത വേഗതയിൽ വന്ന് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ബൈക്കിൽ വിനീഷ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ നാട്ടിൽ ഇന്റർലോക്ക് പണിക്ക് പോകുന്ന ആളാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സ്ഥലത്തെത്തി
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.