സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട്

സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്‍ വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തി. പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തി. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ വീഡിയോയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ പ്രമേയമാക്കിയ ചിത്രത്തില്‍, മകരവിളക്ക് അടക്കം ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ശബരിമലയില്‍ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുള്ള കാര്യം ചൂണ്ടിക്കാട്ടി കെ ജയകുമാര്‍ അനുമതി നിഷേധിച്ചിരുന്നു.

ദേവസ്വം പ്രസിഡന്റ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്, സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള എഡിജിപിയെ സമീപിച്ചു. അദ്ദേഹം പമ്പയില്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കിയെന്നാണ് അനുരാജ് മനോഹര്‍ പറയുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെത്തുടര്‍ന്ന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറിന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടാണ് പ്രസിഡന്റിന് നല്‍കിയത്.

പരാതിയില്‍ പറയുന്നത് വാസ്തവമായ കാര്യമാണ്. മകരവിളക്ക് മാത്രമല്ല, മറ്റു പല ദിവസങ്ങളിലും സന്നിധാനത്തും പരിസരത്തും ചിത്രീകരണം നടത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന പെന്‍ഡ്രൈവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിയമോപദേശം തേടി. ഏതൊക്കെ തരത്തിലുള്ള നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ലീഗല്‍ സെല്ലിനോട് കെ ജയകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

75 കാരന് പുതുജീവനേകി നഴ്സായ യുവതി, മണ്ണുത്തിയില്‍ ഉത്സവപറമ്പിലെത്തിയ ‘മാലാഖ’ സിയമോള്‍

75 കാരന് പുതുജീവനേകി നഴ്സായ യുവതി, മണ്ണുത്തിയില്‍ ഉത്സവപറമ്പിലെത്തിയ ‘മാലാഖ’ സിയമോള്‍

മണ്ണുത്തി കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കുഴഞ്ഞ് വീണ വയോധികന് രക്ഷയായി നഴ്സും പൊലീസ് ഉദ്യോഗസ്ഥരും. ഇക്കഴിഞ്ഞ ജനുവരി 26ന് ആണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുലർച്ചെ 75 വയസ്സ് പ്രായമുള്ള ഒരാള്‍ കുഴഞ്ഞ് വീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്ഉദ്യോഗസ്ഥരുടെയും ഉത്സവം കാണാനെത്തിയ നഴ്സായ യുവതിയുടേയും സമയോചിതമായ ഇടപെടലാണ് വയോധികന് പുതുജീവനേകിയത്.

ഉത്സവത്തിനിടെ പുലർച്ചെ ആള്‍ക്കൂട്ടത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് ജോർജും സീനിയർ സിവില്‍ പൊലീസ് ഓഫീസർ ജോജുവും ഓടിയെത്തിയപ്പോഴാണ് കുഴഞ്ഞുവീണു കിടക്കുന്ന വയോധികനെ കണ്ടത്. ചുറ്റും പരിഭ്രാന്തരായ നാട്ടുകാരും.

ഉടനെ തന്നെ എഎസ്‌ഐ സന്തോഷ് ജോർജ്ജ് വീണുകിടക്കുന്നയാളെ മെല്ലെ നിവർത്തിക്കിടത്തി. ഇതിനിടെ ജോജു തിരക്ക് നിയന്ത്രിച്ചു. വീണുകിടന്നയാള്‍ പ്രതികരിക്കാതിരുന്നതിനാല്‍ ഉടൻതന്നെ സന്തോഷ് ആംബുലൻസിനായി വിളിച്ചു. ഡ്യൂട്ടിക്ക് പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ ജോജു വിവരമറിയിക്കുകയും എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാൻ സജ്ജീകരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സന്തോഷ് തറയില്‍ കിടത്തി വയോധികന് സി.പി.ആർ (CPR) നല്‍കാൻ ശ്രമിക്കുന്നതിനിടെ, “സാർ ഞാൻ നേഴ്സാണ്, ഞാൻ സി.പി.ആർ കൊടുത്തോട്ടെ” എന്ന് പറഞ്ഞ് ഒരു യുവതി മുന്നോട്ട് വരികയായിരുന്നു.

സന്തോഷ് വീണുകിടന്നയാളെ പലവട്ടം തട്ടിവിളിച്ചെങ്കിലും അയാള്‍ അനങ്ങുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനം അത്യാവശ്യ ഫോണ്‍കോള്‍ വന്ന് മാടക്കത്രഭാഗത്തേക്ക് ഡ്യൂട്ടിക്ക് പോയതിനാല്‍ അവിടെ പൊലീസ് വാഹനവും ഉണ്ടായിരുന്നില്ല. ഉടൻതന്നെ സന്തോഷ് ആംബുലൻസിന്‍റെ നമ്പരില്‍ വിളിച്ച്‌ എത്രയും പെട്ടന്ന് എത്താൻ അറിയിച്ചു. ഈ സമയം ജോജു ഡ്യൂട്ടിക്കായി പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ അറിയിച്ചു. ഇതിനിടയില്‍ സന്തോഷ് കിടക്കുന്നയാളെ തറയില്‍ നേരെ കിടത്തി കൈകള്‍ വശത്തേക്ക് വച്ച്‌ സി.പി.ആർ നല്‍കുന്നതിനായി ശ്രമിക്കുന്നതിനിടയിലാണ് ഒരു യുവതി കടന്നുവന്നത്. ‘സാർ ഞാൻ നേഴ്സാണ് ഞാൻ CPR കൊടുത്തോട്ടെ’ എന്ന് ചോദ്യത്തോടെ യുവതി പ്രഥമ ശുശ്രൂഷ നല്‍കി.

ഇതിനിടയില്‍ ആംബുലൻസ് ലൊക്കേഷൻ മനസ്സിലാകാതെ കുറച്ച്‌ ദൂരത്തേക്ക് പോയെന്ന് മനസ്സിലായപ്പോള്‍ സന്തോഷ് അടുത്തുള്ള വീട്ടിലെ കാർപോർച്ചില്‍ ഒരു കാർ കിടക്കുന്നത് കണ്ട് ആ വിട്ടിലേക്കോടിയെത്തി. വീട്ടുകാരെ വിളിച്ച്‌ സംഭവം അറിയിച്ചു. വീട്ടുകാർ ഉടൻതന്നെ കാർ റോഡിലിറക്കി താക്കോല്‍ സന്തോഷിന് കൈമാറി. ഇതിനിടയില്‍ തളർന്നു കിടന്നയാള്‍ സി പി ആർ ലഭിച്ച ഉടൻ ഒന്ന് അനങ്ങി ശബ്ദമുണ്ടാക്കി. ഇതിനിടയില്‍ സന്തോഷ് കാറുമായി എത്തി ജോജു കാറിന് തിരക്കിലേക്ക് വരാനുള്ള വഴിയൊരുക്കുയും അയാളെ കാറില്‍ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ക്വാഷ്വാലിറ്റിയില്‍ നിന്നും വയോധികനെ പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ഇയാളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തതോടെ എല്ലാവർക്കും ആശ്വാസമായി. വയോധികന് ഓർമ്മവന്നപ്പോള്‍ വീട്ടുകാരെ വിവരം അറിയിച്ച്‌ പൊലീസ് ഉത്സവപറമ്പിലേക്ക് ഡ്യൂട്ടിക്കായി മടങ്ങി.

ഒരു മാലാഖയായ് കൃത്യസമയത്ത് എത്തിചേർന്ന നേഴ്സിനെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഒരു നന്ദിയെങ്കിലും അറിയിക്കാതെയെങ്ങനെ എന്ന വിഷമത്തില്‍ നേഴ്സിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു മണ്ണുത്തിയിലെ പൊലീസ് ഉദ്യോഗസ്ഥർ. ഒടുവില്‍ ദയ ആശുപത്രിയില്‍ നേഴ്സ് ആയി ജോലിചെയ്യുന്ന കൊഴുക്കുള്ളി സ്വദേശിയായ ബെൻസണ്‍ന്‍റെ ഭാര്യ സിയമോളാണ് വയോധികന് രക്ഷകയായതെന്ന് തിരിച്ചറിഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ വയോധികന് പുതു ജീവനേകിയ സിയ മോളെ മണ്ണുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം; പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ച

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം; പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ച

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ബുധനാഴ്ച വാദം കേള്‍ക്കും.

പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുധീഷ്‌കുമാറിനെതിരേയുള്ള കേസ്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.

2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു സുധീഷ് കുമാര്‍. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാര്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയത്. സ്വര്‍ണം പൊതിഞ്ഞതാണ് എന്ന് അറിഞ്ഞിട്ടും പാളികള്‍ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതിരുന്നിട്ടും മഹസറില്‍ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍ ‘പുനര്‍ജന്മ’മായി

ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍ ‘പുനര്‍ജന്മ’മായി

കോഴിക്കോട്: ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജിവന്‍ രക്ഷിച്ചത്. കോഴിക്കോട് കൊടിയത്തൂരില്‍ കഴിഞ്ഞ ദിസമാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ കുട്ടി, വാഹനം നിന്ന ഉടന്‍ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റോഡരികില്‍ വാഹനമിറങ്ങുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് സംഭവം

രണ്ടാനച്ചൻ വീടിന് തീയിട്ടു! അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത

രണ്ടാനച്ചൻ വീടിന് തീയിട്ടു! അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത

പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15 വയസുകാരന്റെ ചോരത്തിളപ്പിന്റെ പോരാട്ടവുമാണ്. ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നർ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്നിഗോളമായി മാറി.

മരണം മുന്നിൽ കണ്ട നിമിഷം പ്രവീൺ പതറിയില്ല. ആളിപ്പടരുന്ന തീയിനുള്ളിൽ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവൻ നെഞ്ചോട് ചേർത്തു. വീടിന്റെ കഴുക്കോലിൽ തൂങ്ങിയാടി മുകളിലെ ഓടുകൾ അവൻ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവൻ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേൽക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.

ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാൻ അവൻ ആവതുശ്രമിച്ചു, പക്ഷേ തീ പടർന്നതിനാൽ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവിൽ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.

സീതമ്മാൾ.എൽ (96) നിര്യാതയായി

സീതമ്മാൾ.എൽ (96) നിര്യാതയായി

കവലയൂർ: എസ് എസ് റ്റി ബിൽഡിംഗ്‌ പരേതനായ സി. സുന്ദരം ആചാരിയുടെ ഭാര്യ സീതമ്മാൾ (96) നിര്യാതയായി.

മക്കൾ: എസ്. താണുവൻ ആചാരി ( Rtd ഹെഡ്മാസ്റ്റർ, കവി), സരസ്വതിയമ്മാൾ, രമണിയമ്മാൾ, സ്വർണ്ണമ്മാൾ, കൃഷ്ണമ്മാൾ, രാജശ്വരിയമ്മാൾ( പ്രീ പ്രൈമറി ടീച്ചർ)

മരുമക്കൾ: എസ് ജയ (Rtd അധ്യാപിക H S S കവലയൂർ), മണിയൻ ആചാരി (late)
സുബ്രഹ്മണ്യൻ ആചാരി, ഗണേഷൻ, മുത്തുകുമാർ, എം കുമാർ(late)